Photo: Screengrab
തൃശ്ശൂർ: നവജാതശിശുവിന്റെ മൃതദേഹം സഞ്ചിയിലാക്കി കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. വരടിയം സ്വദേശി മേഘയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കവറിലാക്കി തോട്ടിൽ ഉപേക്ഷിച്ചത് എന്നാണ് പോലീസ് പറയുന്നത്. മേഘ ഗർഭിണി ആയതും പ്രസവിച്ചതും വീട്ടുകാർ അറിഞ്ഞിരുന്നില്ല.
സംഭവത്തിൽ വരടിയം സ്വദേശിയായ മേഘ, സുഹൃത്ത് ഇമ്മാനുവൽ, ഇമ്മാനുവലിന്റെ സുഹൃത്ത് എന്നിവരേയാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം തൃശ്ശൂർ പുഴക്കൽ പാടത്തിനടുത്തെ എംഎൽഎ റോഡിനടുത്തുള്ള കനാലിൽ തൃശ്ശൂർ നഗരത്തിലെ കടയുടെ പേരുള്ള തുണിസഞ്ചിയിലാക്കി ഉപേക്ഷിച്ചിരിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായത്. ഇന്നലെ ഉച്ചയോട് കൂടിയായിരുന്നു മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മേഘയും ഇമ്മാനുവലും നേരത്തെ തന്നെ പ്രണയത്തിലായിരുന്നു. മേഘ ഗർഭിണി ആയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. പിന്നീട് പ്രസവ ശേഷം മേഘയും ഇമ്മാനുവലും ഇമ്മാനുവലിന്റെ സുഹൃത്തും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കവറിലാക്കി കനാലിൽ ഉപേക്ഷിക്കുകയായിരുന്നു.
പാറമേക്കാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ശ്മശാനമായ ശാന്തിഘട്ടിൽ ബലിതർപ്പണ ചടങ്ങിനെത്തിയവരാണ് മൃതദേഹം കണ്ടത്. ശാന്തിഘട്ടിന്റെ കിഴക്കുവശത്തുള്ള തടയണയ്ക്ക് സമീപം ബലിചടങ്ങുകൾക്കായി കൂടുതൽ വെള്ളമുള്ള സ്ഥലം തേടിയിറങ്ങിയപ്പോഴാണ് സഞ്ചി കണ്ണിൽപ്പെട്ടത്. തൃശ്ശൂർ നഗരത്തിലെ കടയുടെ പേരുള്ള തുണിസഞ്ചിയിലാക്കിയാണ് ഉപേക്ഷിച്ചിരിക്കുന്നത്. തടയണയ്ക്ക് തൊട്ടുമുൻപ് ഓരത്തോടുചേർന്ന് തടഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇവിടെ ഒരടി ഉയരത്തിലേ വെള്ളമുണ്ടായിരുന്നുള്ളൂ.
Content Highlights: Mother and boyfriend killed newborn baby - 3 in police custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..