നാലകത്ത് ഷെമീർ, മുഹമ്മദ് നിഷാദ്
കണ്ണൂര്‍: ക്രിപ്റ്റോ കറന്‍സിയായ മോറിസ് കോയിന് വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. തൃശ്ശൂര്‍ ചാവക്കാട് ബീച്ചില്‍ കറുകമ്മാട്ടുള്ള നാലകത്ത് ഷെമീറിനെ(30)യാണ് കണ്ണൂര്‍ അസി. കമ്മിഷണര്‍ പി.പി.സദാനന്ദന് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ലോങ്റീച്ച് ടെക്നോളജീസെന്ന പേരില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പേരില്‍ നടത്തിയ പദ്ധതിയിലേക്കാണ് ആള്‍ക്കാരില്‍നിന്ന് പണം പിരിച്ചെടുത്തത്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ 1300 കോടി പിരിച്ചെടുത്തതിനുള്ള തെളിവുകള്‍ ലഭിച്ചു. എന്നാല്‍ ഈ പേരില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബിഗ്റോക്ക് എന്നപേരില്‍ കോയമ്പത്തൂരിലുള്ള ഹോസ്റ്റിങ് കമ്പനിയാണ് എല്‍.ആര്. ട്രേഡിങ്ങിന്റെയും മോറിസ് കോയിനിന്റെയും വെബ്സൈറ്റ് നിലനിര്‍ത്തുന്നത്.
ഇതിനിടെ ആദ്യകാല നിക്ഷേപകരുടെയും കമ്പനിയുടമ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി നിഷാദിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കണ്ടുകെട്ടാന്‍ പോലീസ് നടപടി തുടങ്ങി. ഇതിനകം 45 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വിവിധ ഇന്റര്‍നെറ്റ് മണി പേമെന്റ് ഗേറ്റ്വേ വഴിയാണ് ആദ്യകാല നിക്ഷേപകര്‍ക്ക് പണം വിതരണംചെയ്തതെന്നും കണ്ടെത്തി. തട്ടിപ്പ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയതിന്റെ മുഖ്യസൂത്രധാരന്‍ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മുഹമ്മദ് നിഷാദ് വിദേശത്തേക്ക് കടന്നു.
ഒരാഴ്ചമുന്പ് ചാലാട് പഞ്ഞിക്കല്‍ റഷീദ മന്‍സിലില്‍ മുഹമ്മദ് റനീഷിനെ(33)നെ അറസ്റ്റ് ചെയ്തിരുന്നു. റനീഷിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ കോടികളുടെ അനധികൃത ഇടപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് ആലമ്പാടിയിലെ പി.മുഹമ്മദ് റിയാസ് (31), കോഴിക്കോട് എരിഞ്ഞിക്കലിലെ വസിം മുനവറലി (25), മഞ്ചേരി പുളയറമ്പിലെ സി.ഷഫീഖ് (30), മലപ്പുറം വണ്ടൂരിലെ മുഹമ്മദ് ഷഫീഖ് (28) എന്നിവര്‍ കഴിഞ്ഞമാസം അറസ്റ്റിലായി.
ലോങ്റീച്ച് ടെക്നോളജീസില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ദിവസവും രണ്ടുമുതല്‍ അഞ്ചുശതമാനംവരെ പലിശയും ക്രിപ്റ്റോ കറന്‍സിയും വാഗ്ദാനംചെയ്ത് കോടികള്‍ പിരിച്ചെടുത്തതായാണ് കേസ്. മണി ചെയിന്‍ മാതൃകയിലായിരുന്നു തട്ടിപ്പ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ബാക്കിയുള്ള 36 കോടി രൂപ മരവിപ്പിച്ചിട്ടുണ്ട്. സാങ്കേതികവിദഗ്ധരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലപ്പെടുത്തിയതായി എ.സി.പി. പി.പി.സദാനന്ദന് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..