
വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പിടിയിലായ ഡോക്ടർ സുബു, ജാസ്മിർ ഖാൻ, ശ്രീജിത്ത് | Photo: Kerala Police
തിരുവനന്തപുരം: വീട്ടമ്മയുടെ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കാനുപയോഗിച്ച സിംകാർഡ് എടുത്തത് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ നൽകിയ മറ്റൊരാളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച്. പ്രതി ശ്രീജിത്ത് മൊബൈൽ കടയ്ക്കൊപ്പം വേങ്കവിളയിൽ ഫോട്ടോസ്റ്റാറ്റും നടത്തിയിരുന്നു. തിരിച്ചറിയിൽ കാർഡിന്റെ പകർപ്പെടുക്കാൻ വന്ന വട്ടപ്പാറ സ്വദേശിയുടെ കാർഡിന്റെ കൂടുതൽ പകർപ്പെടുത്ത് ശ്രീജിത്ത് സൂക്ഷിക്കുകയായിരുന്നു.
ഇതുപയോഗിച്ച് സുഹൃത്തായ ജാസ്മീർഖാന് പുതിയ സിംകാർഡ് എടുത്തുനൽകി. സിം കാർഡ് എടുത്ത മൊബൈൽ കട കണ്ടെത്തിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇപ്പോൾ ശ്രീജിത്ത് മൊബൈൽ കട നടത്തുന്നില്ല. ഇതുപോലെ ഇയാൾ മറ്റുള്ളവരുടെ തിരിച്ചറിയൽ കാർഡുപയോഗിച്ച് സിമ്മുകൾ എടുത്തു നൽകിയിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. വ്യാജ സിംകാർഡ് എടുത്തുനൽകിയതാണ് ശ്രീജിത്തിനെതിരേയുള്ള കുറ്റം.
നെടുമങ്ങാട്ട് ഒപ്റ്റിക്കൽസ് കട നടത്തുന്ന ജാസ്മീർഖാൻ, ചില സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയലുകൾക്ക് പണം മുടക്കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. നെടുമങ്ങാട് സ്വദേശിയായ ഇയാൾ ഭാര്യയുമായി പിണങ്ങി മറ്റൊരു സ്ത്രീയോടൊപ്പമാണ് കഴിയുന്നതെന്നും പോലീസ് പറയുന്നു. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ പ്രതാപചന്ദ്രൻനായർ, സി.ഐ. രാകേഷ്, എസ്.ഐ. വിമൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.
കുടുംബത്തെ ഒരുമിപ്പിക്കാനും പോലീസ്
പ്രതികളെ പിടികൂടിയ ശേഷം പരാതിക്കാരിയെയും കുടുംബത്തെയും പോലീസ് ഫോർട്ട് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ ബന്ധുക്കളുടെ ഫോണുകളിലേക്കു വന്നതോടെ ഇവർ ഭർത്താവുമായി പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇതോടെയാണ് പോലീസിൽ പരാതി നൽകാൻ സഹായവുമായി ബന്ധുവായ ഡോക്ടർ സുബു എത്തിയത്.
വീട്ടമ്മയെയും ഭർത്താവിനെയും ഒരുമിച്ചിരുത്തി പോലീസ് സംഭവത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തുകയായിരുന്നു. ഇവരുടെ ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ഈസമയം പ്രതികളും സ്റ്റേഷനിലുണ്ടായിരുന്നു. നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് വ്യാജമായി നിർമിച്ചതാണെന്നും ഇത് ആസൂത്രിതമായിരുന്നുവെന്നും അറിഞ്ഞതോടെ പ്രശ്നങ്ങൾ പരിഹരിച്ച് ഇരുവരും ഒന്നിച്ചു മടങ്ങുകയായിരുന്നുവെന്ന് ഫോർട്ട് സി.ഐ. രാകേഷ് പറഞ്ഞു.
Content Highlights:morphed photos in social media doctor and two others arrested in trivandrum
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..