Photo: Screengrab
തൃശൂര്‍: കോളേജ് വിദ്യാര്‍ഥിക്ക് നേരെ തൃശൂരില്‍ സദാചാര ഗുണ്ടായിസം. വിദ്യാര്‍ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്കാണ് ക്രൂര മര്‍ദനമേറ്റത്. തൃശൂര്‍ ചേതന കോളേജിലെ ബിരുദ വിദ്യാര്‍ഥി അമലിനെയാണ് മര്‍ദിച്ചത്. സഹപാഠിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പുറത്തിറങ്ങിയപ്പോഴാണ് സംഭവം.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ആക്രമണം ഉണ്ടായത്. അമലും സഹപാഠിയും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സഹപാഠി ബൈക്കില്‍ നിന്ന് വീണു. പരിക്കേറ്റ പെണ്‍കുട്ടിയെ സഹായിക്കാതെ പ്രദേശത്തുണ്ടായിരുന്ന ചിലര്‍ അമലിനെ മര്‍ദിക്കുകയായിരുന്നു. അമല്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലും പെണ്‍കുട്ടിയുമായി ബൈക്കില്‍ പോയതുമെല്ലാം പറഞ്ഞായിരുന്നു മര്‍ദനം.
ബൈക്കില്‍ പെണ്‍കുട്ടിയുമൊത്ത് സഞ്ചരിച്ചത് ചോദ്യംചെയ്തായിരുന്നു മര്‍ദനമെന്ന് അമല്‍ പറഞ്ഞു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി ആളുകള്‍ ചേര്‍ന്ന് അമലിനെ ക്രൂരമായി മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരാള്‍ കല്ല് ഉപയോഗിച്ച് തലക്കടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
മര്‍ദിച്ചവരില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ ഒല്ലൂര്‍ പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. അമലിനെ മര്‍ദിച്ചവരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അമല്‍ തങ്ങളെ മര്‍ദിച്ചു എന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.
Content Highlights: Moral policing in Thrissur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..