'കമ്പ് വെട്ടി അടിക്കാന്‍ കുട്ടികള്‍ എന്തുതെറ്റാണ് ചെയ്തത്? അയാൾ ഇപ്പോഴും സ്വതന്ത്രൻ'


വിഷ്ണു കോട്ടാങ്ങല്‍

ലക്ഷ്മി | ഫോട്ടോ: പ്രവീൺ ദാസ് എം. / മാതൃഭൂമി

"കുട്ടികളെ മര്‍ദ്ദിച്ചയാള്‍ സമൂഹത്തില്‍ വീണ്ടുമിറങ്ങി നടക്കുന്നതറിഞ്ഞതിനെ തുടര്‍ന്നാണ് സദാചാര ഗുണ്ടാ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ആക്രമിച്ചവര്‍ പുറത്തിറങ്ങി നടക്കുന്നു. നാളെയും കുട്ടികളും മുതിര്‍ന്നവരുമൊക്കെ അവിടെ വരും. ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും"- ലക്ഷ്മി മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

തിരുവനന്തപുരം വെള്ളാനിക്കല്‍ പാറയില്‍വെച്ച് കുട്ടികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ലക്ഷ്മിയും ഭര്‍ത്താവ് വിഷ്ണുവും ചേര്‍ന്നാണ്. അന്ന് നടന്നതെന്താണെന്ന് ലക്ഷ്മിയുടെ വാക്കുകളില്‍ കൂടി അറിയാം.

"ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടിയാണ് ഞങ്ങള്‍ ഈ സ്ഥലത്തേക്ക് പോകുന്നത്. പോകുന്ന വഴിക്ക് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടിരുന്നു. മുന്നോട്ടുപോകുന്നതിനിടെ ബഹളം കേട്ടാണ് ഞങ്ങള്‍ തിരിഞ്ഞുനോക്കിയത്. അപ്പോള്‍ ഒരാള്‍ കുട്ടികളുടെ കൂട്ടത്തിലുള്ള ഒരാണ്‍കുട്ടിയുടെ കവിളില്‍ ശക്തമായി അടിക്കുന്നതാണ് കണ്ടത്. അപ്പോള്‍ മൊബൈലില്‍ വീഡിയോ ഓണ്‍ ചെയ്ത് ഞങ്ങള്‍ അവര്‍ക്കടുത്തേക്ക് പോയി.

Read more: നടുറോഡിലിട്ട് പെണ്‍കുട്ടികളെ മര്‍ദിച്ചു, തിരുവനന്തപുരത്ത് സദാചാരഗുണ്ടാ ആക്രമണം

ഈ സമയത്തിനിടയില്‍ അയാള്‍ വേറൊരു പെണ്‍കുട്ടിയുടെ അടുത്തേക്ക് ചെന്ന് കമ്പ് ഒടിച്ചെടുത്ത് ആ കുട്ടിയെ അടിച്ചു. ആ കുട്ടി നന്നായി കരയുന്നുണ്ടായിരുന്നു, ഉച്ചത്തില്‍. ഇതിനിടെ കുറച്ചുകൂടി വലിയൊരു കമ്പെടുത്ത് വേറൊരു കുട്ടിയെ അടിച്ചു. ഞാനും ഭര്‍ത്താവും സുഹൃത്തുക്കളുമൊക്കെ ചേര്‍ന്നായിരുന്നു യാത്ര ചെയ്തിരുന്നത്. ഞങ്ങള്‍ ഉടന്‍ ആ സ്ഥലത്തെത്തി പ്രതികരിക്കുകയും അയാള്‍ ആക്രമിക്കുന്നത് നിര്‍ത്തുകയും ചെയ്തു.

നിങ്ങളെന്തിനാണ് ഇതില്‍ ഇടപെടുന്നത്. ഞാനീ നാട്ടുകാരനാണ് എന്ന രീതിയിലാണ് അയാള്‍ അപ്പോള്‍ സംസാരിച്ചത്. പെണ്‍കുട്ടികളുടെ ദേഹത്ത് തൊടാന്‍ പാടില്ല എന്നൊക്കെ പറഞ്ഞ് ഒച്ചവെച്ചപ്പോള്‍ അയാള്‍ അടങ്ങി. പോലീസിനെ വിളിച്ചിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ അയാളെ പിന്നെ കാണാന്‍ കഴിഞ്ഞില്ല.

പിന്നെ പോത്തന്‍കോട് പോലീസ് സ്ഥലത്തെത്തി. ഞങ്ങളോട് സംസാരിച്ചു. അവര്‍ കുട്ടികളെ ആക്രമിച്ച ആളെ കണ്ടെത്തി അന്നുതന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്‌റ്റേഷനില്‍ പോയി, ഞങ്ങളെ സാക്ഷികളാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ സെപ്റ്റംബര്‍ നാലിന് നടന്ന സംഭവമാണ്. പക്ഷെ അതിന്റെ വിവരങ്ങളോ അന്വേഷണങ്ങളോ സംബന്ധിച്ച് ഒന്നും പിന്നീട് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. പിന്നെ അന്വേഷിച്ചപ്പോഴാണ് പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടുവെന്ന് അറിഞ്ഞത്. ആ ഒരു ദിവസം മുഴുവന്‍ ഞങ്ങള്‍ ഇതിനായി ചെലവഴിച്ചു. സ്‌റ്റേഷനിലേക്കായാലും കുട്ടികളെ കൊണ്ടുപോകാനായാലും ശരി, പക്ഷെ ഒരു വിവരങ്ങളും പോലീസ് അറിയിച്ചിരുന്നില്ല.

പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടുവെന്നറിഞ്ഞതിനെ തുടര്‍ന്നാണ് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ വഴി അന്നെടുത്ത ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.

അയാള്‍ ഇപ്പോഴും അവിടെ സ്വതന്ത്രനായി നടക്കുന്നുണ്ട്. ഇനിയും കുട്ടികളവിടെ വരാം. നാലുപെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. രണ്ട് 13 വയസുകാരികളും ഇവരുടെ സഹോദരി 19 വയസുകാരിയും പിന്നെ ആറോ ഏഴോ വയസുള്ള ഒരു കുട്ടിയും പിന്നെ രണ്ട് ആണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. പരസ്പരം അറിയുന്ന അടുത്തടുത്ത വീടുകളിലുള്ളവരാണ് ഇവരെന്നാണ് പറഞ്ഞത്. വീട്ടുകാര്‍ക്ക് പ്രശ്‌നമുണ്ടായാലും ഇല്ലെങ്കിലും കുട്ടികളെ ഇങ്ങനെ അടിക്കണ്ട ആവശ്യമില്ലല്ലോ. കമ്പ് വെട്ടി അടിക്കാന്‍ കുട്ടികള്‍ എന്ത് തെറ്റാണ് ചെയ്തത്. റോഡ് സൈഡില്‍ വെച്ച് കുട്ടികളെ അടിക്കുന്നതാണ് ഞങ്ങള്‍ കാണുന്നത്. മറ്റൊന്നും ഞങ്ങള്‍ കണ്ടില്ല.

ഇതാദ്യമായാണ് ഞങ്ങള്‍ അവിടെ പോയത്. ഈ കുട്ടികളുമായി മുന്‍പരിചയവുമില്ല. ഈ കുട്ടികളെ ആക്രമിക്കുന്നത് കണ്ട് അവരുടെ മാതാപിതാക്കള്‍ക്കും ദേഷ്യം വന്നിരുന്നു. പക്ഷെ കേസ് എടുത്തിട്ടുണ്ടെങ്കിലും ദിവസക്കൂലിക്ക് ജീവിക്കുന്നവരാണ് അവരില്‍ പലരുമെന്നാണ് തോന്നുന്നത്. അതുകൊണ്ടാകാം അവര്‍ അതിന് പിന്നാലെ പിന്നെ നടക്കാതിരുന്നത്. പക്ഷെ ഇനിയും അവിടെ കുട്ടികള്‍ വരാം. ഏതൊരു പ്രായത്തിലുമുള്ളവര്‍ ആയിക്കൊള്ളട്ടെ, നമുക്ക് സ്വാതന്ത്ര്യത്തോടെ ഒരു സ്ഥലത്ത് പോയിരിക്കാന്‍, അടികിട്ടും എന്ന ഭയത്തോടു കൂടി അവിടെ പോകേണ്ട സാഹചര്യമുണ്ടാകില്ല. അതിനാണ് ഞങ്ങളിങ്ങനെ പ്രതികരിച്ചത്.

പോലീസ് നടപടിയെടുത്ത് അയാള്‍ ജയിലിലായിരിക്കും എന്ന ധാരണയിലായിരുന്നു ഞങ്ങള്‍. കോടതിയില്‍ സാക്ഷി പറയാന്‍ തയ്യാറായതുമായിരുന്നു. ഇയാള്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ പോയി എന്ന് അറിഞ്ഞപ്പോഴാണ് പ്രതികരിക്കണമെന്ന് ഞങ്ങള്‍ക്ക് തോന്നിയത്. ഇയാളെപ്പോലെ കുറച്ച് ആള്‍ക്കാര്‍ അവിടെ ഉണ്ടായിരുന്നു. അവരിതൊക്കെ കാണുന്നുമുണ്ട്. ഇയാള്‍ ഇതൊക്കെ ചെയ്തതിന് ശേഷവും ഇറങ്ങി നടക്കുന്നത് കണ്ടാല്‍ അവിടുത്തെ ആളുകള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ പ്രേരണയുണ്ടാകും. ആരും ചോദിക്കാനും പറയാനുമില്ലാതെ വന്നാല്‍ ഇങ്ങനെ കുട്ടികള്‍ വന്നാല്‍ അവരെ ഉപദ്രവിക്കാന്‍ ആളുകള്‍ തയ്യാറാകും. അതുകൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെ പ്രതികരിക്കാന്‍ തയ്യാറായത്".

Content Highlights: Moral policing, Vellanikkal Para, Thiruvananthapuram

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented