മോണ്‍സനുമായി ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ അന്വേഷണം; നീക്കങ്ങളെല്ലാം ചോര്‍ത്തി നല്‍കി


5 min read
Read later
Print
Share

മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്, മോൻസൺ മാവുങ്കൽ

തിരുവനന്തപുരം: മോണ്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരേ ഇന്റലിജന്‍സ് അന്വേഷണത്തിന് നിര്‍ദേശം. മോണ്‍സനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തുക. മോണ്‍സനുമായി ബന്ധമുണ്ടെന്ന് പറയുന്ന ഐ.ജി. ലക്ഷ്മണ, മുന്‍ ഡി.ഐ.ജി. സുരേന്ദ്രന്‍, എറണാകുളം എ.സി.പി. ലാല്‍ജി തുടങ്ങിയവരാണ് അന്വേഷണപരിധിയിലുള്ളത്.

വമ്പന്‍ തട്ടിപ്പുകാരനായ മോണ്‍സനുമായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന വിവരം പോലീസിനെ കുരുക്കിലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം പോലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. തുടര്‍ന്നാണ് മോണ്‍സനുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഇന്റലിജന്‍സ് അന്വേഷണത്തിന് ഡി.ജി.പി. നിര്‍ദേശം നല്‍കിയത്. ഇന്റലിജന്‍സ് അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഇവര്‍ക്കെതിരേ എന്ത് നടപടി സ്വീകരിക്കണമെന്നതിലും തീരുമാനമെടുക്കും.

അതിനിടെ, മോണ്‍സന്‍ മാവുങ്കല്‍ തനിക്കെതിരേയുള്ള കേസിന്റെ വിവരങ്ങളറിയാന്‍ ഉന്നത ഉദ്യോഗസ്ഥരെ പലതവണ ബന്ധപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മോണ്‍സനെതിരായ കേസുകളുടെ വിവരങ്ങളും മറ്റും പോലീസുകാര്‍ തന്നെ ഇയാള്‍ക്ക് ചോര്‍ത്തിനല്‍കുകയായിരുന്നു. ക്രൈംബ്രാഞ്ചിലെ ചില ഉദ്യോഗസ്ഥരെ പോലും മോണ്‍സന്‍ ഇതിനായി ബന്ധപ്പെട്ടു. തനിക്കെതിരേ പരാതികള്‍ ഉയര്‍ന്നുതുടങ്ങിയത് മുതലാണ് ഇയാള്‍ നിരന്തരം പോലീസുകാരില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്. കേസിന്റെ നീക്കങ്ങള്‍ മണത്തറിഞ്ഞ് നാല് മുന്‍കൂര്‍ ജാമ്യഹര്‍ജികളും കോടതിയില്‍ നല്‍കി.

ബുധനാഴ്ചയും മോണ്‍സന്‍ മാവുങ്കലിനെതിരേ കൂടുതല്‍പേര്‍ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. ടെലിവിഷന്‍ ചാനലായ ടി.വി. സംസ്‌കാരയുടെ പേരിലും മോണ്‍സന്‍ തട്ടിപ്പ് നടത്തിയതായി ചാനല്‍ എം.ഡി. ബാബു ഉമ്മശ്ശേരി ആരോപിച്ചു. ചാനലില്‍നിന്ന് പുറത്താക്കിയ മുന്‍ എം.ഡി. ഹരിപ്രസാദിനെ കൂട്ടുപിടിച്ചായിരുന്നു തട്ടിപ്പ്. ടി.വി. സംസ്‌കാരയുടെ ചെയര്‍മാന്‍ എന്നാണ് മോണ്‍സന്‍ അവകാശപ്പെട്ടിരുന്നത്. സംവിധായകന്‍ രാജസേനനും ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ബാബു ഉമ്മശ്ശേരി ആരോപിച്ചു. ചാനലിന്റെ പേര് ദുരുപയോഗം ചെയ്തതിന് ചാനല്‍ അധികൃതര്‍ ഡി.ജി.പി.ക്കും പരാതി നല്‍കിയിട്ടുണ്ട്.

മോണ്‍സന്‍ തന്നെയും കബളിപ്പിക്കാന്‍ ശ്രമിച്ചതായി കോട്ടയത്തെ മാംഗോ മെഡോസ് ഉടമ എന്‍.കെ. കുര്യനും വെളിപ്പെടുത്തി. 2012-ല്‍ മാംഗോ മെഡോസില്‍ മുതല്‍മുടക്കാമെന്ന് മോണ്‍സന്‍ മാവുങ്കല്‍ അറിയിച്ചിരുന്നു. പിന്നീട് ഫണ്ട് ലഭിക്കാന്‍ വൈകുമെന്ന് പറഞ്ഞ് പിന്മാറി. ഫണ്ട് ലഭിക്കാനുള്ള തടസം നീക്കാന്‍ എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും എന്‍.കെ.കുര്യന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

എന്‍.കെ.കുര്യന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

''2012ല്‍ ഒരു ദിവസം ഞാന്‍ മാംഗോ മെഡോസിലെ പണികളില്‍ വ്യാപൃതനായിരിക്കുന്ന സമയം, എറണാകുളം മാര്‍ക്കറ്റ് റോഡിലെ വസ്ത്രവ്യാപാരിയായ ഹാഷിം എന്ന എന്റെ ഒരു സുഹൃത്ത് ഫോണില്‍ വിളിച്ച്, എറണാകുളത്തെ ഒരു വലിയ ബില്ല്യനെയറും സെലിബ്രിറ്റിയുമായ ഒരാള്‍ക്ക്, കുര്യന്‍ ചേട്ടനെ ഒന്നു കാണണമെന്നും, ഞാന്‍ കുര്യന്‍ ചേട്ടന്റെ നമ്പര്‍ കൊടുത്തിട്ടുണ്ടന്നും പറഞ്ഞു.

അടുത്ത ദിവസം എന്നെ, ഒരാള്‍വിളിച്ച് ഹാഷിമാണ് നമ്പര്‍ നല്‍കിയതെന്നും, കുര്യന്‍ ചേട്ടന്‍ ചെയ്തു കൊണ്ടിരിക്കുന്ന സസ്യ സംബന്ധമായ പ്രവര്‍ത്തികള്‍ അദ്ധേഹത്തിന് വലിയ മതിപ്പുള്ള കാര്യങ്ങളാണന്നും, അതു കൊണ്ടു തന്നെ ആ പ്രോജക്ട് കാണാന്‍ ആഗ്രഹമുണ്ടന്നും, കൂടാതെ ഇങ്ങനെയുള്ള പ്രോജക്ടുകളില്‍ തനിക്ക് പാര്‍ട്ടിസിപ്പേറ്റ് ചെയ്യാനും, മുതല്‍ മുടക്കാനും താത്പര്യമുണ്ടെന്നും, കുര്യന്‍ ചേട്ടനെപ്പോലെയുള്ള ഒരാളുടെ കൂടെ സഹകരിക്കുന്നത് ഒരു അംഗീകാരമാണെന്നുമൊക്കെപ്പറഞ്ഞു, കൂടാതെ നിരവധി സെലിബ്രിറ്റികളുടെ കൂടെയുള്ള ഫോട്ടോകള്‍ അയച്ച് തരുകയും ചെയ്തു.

ഞാനീ വിവരം ഹാഷിമിനെ വിളിച്ചറിയിച്ചതോടൊപ്പം അവര്‍ തമ്മിലുള്ള പരിചയത്തെക്കുറിച്ചന്വേഷിച്ചു. ഹാഷിം മൂന്നാറിലോ മറ്റോ ആണ് അദ്ധേഹത്തെ ആദ്യമായി കണ്ടതെന്നും, അദ്ധേഹം അദ്ധേഹത്തിന്റെ സ്വന്തം കാരവാനിലാണ് സഞ്ചരിക്കുന്നതെന്നും മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ അദ്ധേഹത്തിന്റെ അടുത്ത സുഹൃത്തുക്കളാണന്നും, മൂന്നാറില്‍ വച്ച് ഭിക്ഷ യാചിക്കുന്നവര്‍ക്ക് പോലും അഞ്ഞൂറിന്റെ നോട്ടുകളാണ് അദ്ധേഹം നല്‍കുന്നതെന്നുമൊക്കെ പറഞ്ഞു,
രണ്ട് ദിവസം കഴിഞ്ഞ്, ഈ ഞായറാഴ്ച അദ്ധേഹവും കുടുംബവും മാംഗോ മെഡോസിലേക്ക് വരികയാണന്നും കുര്യന്‍ ചേട്ടന്‍ അവിടെ ഉണ്ടാവുമോ എന്ന് ഹാഷിം വിളിച്ചു ചോദിച്ചു, ഉണ്ടാവുമെന്നറിയിച്ചതു പ്രകാരം, ഞാറാഴ്ച പറഞ്ഞതുപോലെ തന്നെ ഏതാണ്ട് ഉച്ചക്ക് 12 മണിയോട് കൂടി Dr. മോണ്‍സണും രണ്ടു സുന്ദരികളായ സ്ത്രീകളും ഒരു മെഴ്‌സിഡസ് കാറില്‍ വന്നിറങ്ങി, അന്ന് ഓഫീസായും റെസ്റ്റ് ഹൗസായായും, ഞാനുപയോഗിക്കുന്നത്, മാംഗോ മെഡോസില്‍ ഇന്ന് കൂട്ടുകുടുംബം കോട്ടേജ് എന്നറിയപ്പെടുന്ന കെട്ടിടമായിരുന്നു. പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരുന്ന സമയമായിരുന്നതുകൊണ്ട് ഓഫീസിന്റെ മുന്‍വശംവരെ മോട്ടോര്‍ വാഹനങ്ങള്‍ കയറ്റിക്കൊണ്ട് വരാമായിരുന്നു, എനിക്ക് നല്‍കാനായി, ചെറിയ എന്തോ സമ്മാനവും അദ്ധേഹം കൈയ്യില്‍ കരുതിയിരുന്നു, കൂടെയുള്ള സ്ത്രീകളില്‍ ഒരാള്‍ ഭാര്യയും, മറ്റേയാള്‍ ഭാര്യയുടെ സുഹൃത്തുമാണന്നാണ് പരിചയപ്പെടുത്തിയത്, ശേഷം പ്രോജക്ടെല്ലാം കണ്ട് ഉച്ചഭക്ഷണമെല്ലാം കഴിച്ച് ഞങ്ങള്‍ പിരിഞ്ഞു, പോകാന്‍ നേരം എറണാകുളത്തുള്ള അദ്ധേഹത്തിന്റെ വീട് സന്ദര്‍ശിക്കണമെന്നും, കുര്യന്‍ ചേട്ടന്റെ ആഗ്രഹം പോലെ മാംഗോ മെഡോസ് എന്ന പ്രസ്ഥാനം ഇന്ത്യന്‍ മുഴുവന്‍ വ്യാപിപ്പിക്കാന്‍ അദ്ധേഹം തയ്യാറാണന്നും, പണം അദ്ധേഹത്തിന് ഒരു പ്രശ്‌നമല്ലന്നുമൊക്കെ പറഞ്ഞു, കൂടാതെ അദ്ധേഹവും, സിനിമയിലെയും 'മറ്റും' അന്നത്തെ സൂപ്പര്‍ താരങ്ങളുമായുള്ള ചിത്രങ്ങളും കാണിച്ച്, സിനിമയിലും മറ്റും അദ്ധേഹത്തിന്റെ ഇന്‍വെസ്റ്റ്‌മെന്റുകളുടെ വലിപ്പവും എനിക്ക് കാണിച്ചുതന്നു,

പിറ്റേദിവസം മുതല്‍ അദ്ധേഹം മിക്കവാറും ദിവസങ്ങളില്‍ വിളിക്കുകയും, സെലിബ്രിറ്റികളുമായി നില്‍ക്കുന്ന ഫോട്ടോകള്‍ അയച്ചു കൊണ്ടിരിക്കുകയും അദ്ധേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു കൊണ്ടിരുന്നു, ഒരു ദിവസം, ഹാഷിമിന്റെ കൂടി നിര്‍ബന്ധത്തില്‍ ഞാന്‍ മോന്‍സന്റെ വീട്ടിലേക്ക് പുറപ്പെട്ടു, ഹാഷിം കുണ്ടന്നൂര്‍ - തേവര പാലത്തിന് സമീപം നില്‍ക്കാമെന്നും, അവിടെ നിന്ന് ഒരുമിച്ച് മോന്‍സന്റ വീട്ടിലേക്ക് പോകാമെന്നും പറഞ്ഞിരുന്നു, പാലത്തിന്റെ അപ്രോച്ച് റോഡ് ഇറങ്ങുമ്പോള്‍ത്തന്നെ ഇടതു വശത്തായിക്കാണുന്ന ഫ്‌ലാറ്റ് ഹാഷിം ചൂണ്ടിക്കാണിച്ചതന്നു, ഞാന്‍ സര്‍വ്വീസ് റോഡിലിറങ്ങി ഫ്‌ലാറ്റിന് മുന്‍പില്‍ എന്റെ കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങി, അപ്പോഴേക്കും മോന്‍സന്റെ കോള്‍ വന്നു, ഒരു മിനിസ്റ്ററുമായുള്ള മീറ്റിങ്ങായിരുന്നതുകൊണ്ട് കുറച്ച് താമസിച്ചെന്നും, ഓണ്‍ ദി വേയിലാണെന്നും, ഒരഞ്ചു മിനിറ്റ് ഫ്‌ലാറ്റിന് മുന്‍പില്‍ കിടക്കുന്ന കാരവാനില്‍ വിശ്രമിക്കാമോ എന്നും ചോദിച്ചു, ഞാനും ഹാഷിമും, ഞങ്ങളെ പ്രതീക്ഷിച്ചിരുന്നതുപോലെ തോന്നിച്ച, ഡ്രൈവര്‍ തുറന്നുതന്ന വാതിലിലൂടെ കാരവാനില്‍ കയറി, നേരത്തെ തന്നെ എ സി യൊക്കെ ഓണാക്കിയിട്ടിരുന്നതുകൊണ്ട് വെയിലത്താണ് കാരവാന്‍ കിടന്നിരുന്നതെങ്കിലും അകത്ത് ചൂട് ഉണ്ടായിരുന്നില്ല, കാരവാനകത്ത് വിശാലമായ ബെഡ്‌റൂമും അടക്കളയും ടോയ്‌ലെററും, വിസിറ്റിങ്ങ് റൂമും, 55 ഇഞ്ച് ടി വിയുമെല്ലാമുണ്ട്, ഇടക്ക് മോന്‍സന്‍ വിളിച്ച്, മോഹന്‍ലാലും, മോന്‍സണും മാത്രമേ ഈ കാരവാന്‍ ഉപയോഗിക്കാറുള്ളുവെന്നും, അതിനകത്താണ് കുര്യന്‍ ചേട്ടന്‍ ഇരിക്കുന്നതെന്നും പറഞ്ഞ് എന്നെ പ്രശംസിക്കുകയും ചെയ്തു. കുറച്ച് കഴിഞ്ഞ് ഒരു BMW കാറിലെത്തിയ മോന്‍സനൊപ്പം ഞങ്ങള്‍ അദ്ധേഹത്തിന്റെ ഫ്‌ലാറ്റിലേക്ക് കയറിപ്പോയി, പോകുന്ന വഴിയില്‍ ആ ഫ്‌ലാറ്റ് സമുച്ചയം അദ്ധേഹത്തിന്റെ താണെന്നും, അതില്‍ രണ്ടാമത്തെ ഫ്‌ലോര്‍ അദ്ധേഹത്തിന്റെ കോസ്‌മെറ്റിക്ക് കമ്പനിയുടെ ചെറിയൊരു ഓഫീസാണന്നും ഓരോ ബിസിനസിനും വിവിധ സ്ഥലങ്ങളിലാണ് ഓഫീസുകളെന്നും എനിക്ക് പറഞ്ഞു തന്നു. പറഞ്ഞതു പോലെ തന്നെ ആ ബില്‍ഡിങ്ങിലെ ഒരു ഫ്‌ലോര്‍ പൂര്‍ണ്ണമായും അദ്ധേഹം ഉപയോഗിക്കുന്നതായിരിന്നു, ഫ്‌ലാറ്റില്‍ ഒരുങ്ങാനും, ഒരുക്കാനുമുള്ള ഉപകരണങ്ങളും, കോസ്‌മെറ്റിക്ക് ചെയറുകളും, കോസ്‌മെറ്റിക്ക് പ്രോഡക്ട്‌സും ഒക്കെയായിരുന്നു കൂടുതലും, അതില്‍ നിന്ന് മോന്‍സന്‍ ചെറിയൊരു ബോട്ടിലെടുത്ത്, ഒരത്ഭുതം കാണിക്കാമെന്ന് പറഞ്ഞ്, എന്നോട് ചോദിക്കാതെ തന്നെ എന്റെ കഷണ്ടിയില്‍ കുറച്ചു നേരം റബ്ബ് ചെയ്തു, തുടര്‍ന്ന് കണ്ണാടിയില്‍ നോക്കിയപ്പോള്‍ കഷണ്ടിലൊക്കെ മുടി വന്നതു പോലെ തോന്നിപ്പിച്ച് എന്നെ അത്ഭുതപ്പെടുത്തി, അപ്പോഴേക്കും മാംഗോ മെസോസില്‍ മോന്‍സനോടൊപ്പം എത്തിയതില്‍ ഒരു പെണ്‍കുട്ടി കുടിക്കാന്‍ ഡ്രിങ്ങ്‌സുമായെത്തി. പിന്നീട് ബിസിനസാകുന്ന മഹാസമുദ്രത്തില്‍ അദ്ദേഹം കപ്പലിറക്കി കളിക്കുന്നതിന്റെ മഹാകഥകള്‍, ആ കടലിന്റെ തീരത്തിരുന്ന് വിയര്‍ത്ത് നില്‍ക്കുന്ന എന്നോട് വിവരിച്ച് എന്റെ മനസ്സില്‍ ലഡ്ഡുവിന്റെ ഒരു മാലപ്പടക്കം തന്നെ പൊട്ടിച്ചിതറിച്ചു.

കൂട്ടത്തില്‍ അദ്ധേഹം നേരിടുന്ന ഒരു ചെറിയ, സിസ്സാരമായ പ്രശ്‌നത്തിലേക്ക് അദ്ധേഹം വിരല്‍ ചൂണ്ടി, ഇന്ത്യ മുഴുവന്‍ മാംഗോ മെഡോസ് വ്യാപിപ്പിക്കുന്നതിനായി അദ്ധേഹം മുടക്കേണ്ട ഫണ്ട് റിലീസ് ചെയ്യുന്നതിന് റിസര്‍ ബാങ്കില്‍ നിന്ന് എന്തോ ഒരു ചെറിയ തടസമുണ്ടന്നും, അതു നീക്കാന്‍ അത്യാവശ്യമായി ഒരെട്ടുലക്ഷം രൂപ ഞാന്‍ അദ്ധേഹത്തിന് മറിച്ചു കൊടുക്കണമെന്നും മൂന്നു ദിവസത്തിനുള്ളില്‍ ഫണ്ട് റിലീസായാലുടന്‍ തിരിച്ചുനല്‍കാമെന്നും, പിന്നെയൊന്നും പറയണ്ടല്ലോ എന്നും പറഞ്ഞു, കൂട്ടത്തില്‍ അദ്ധേഹം എപ്പോഴും എടുത്തു പറയുന്ന Dr. മോന്‍സണ്‍ എന്നതിലെ Dr.ക്കുറിച്ചു ഞാന്‍ അന്വേഷിച്ചു. കോസ്‌മെറ്റിക്കിലാണ് അദ്ധേഹത്തിന് MDയെന്നദ്ധേഹം എന്നെയറിച്ചതിനാലും,
നേരം വൈകിയിരുന്നതിനാലും, ഞാനും ഹാഷിമും സന്തോഷത്തോടെ മോന്‍സന് കൈ കൊടുത്ത് പിരിഞ്ഞു. പിന്നീട് പലതവണ മോന്‍സന്‍ വിളിച്ചു കൊണ്ടിരുന്നു, അദ്ധേഹത്തിന്റെ തിരക്കുകള്‍ കാരണമാകണം, ഒരു മാസം കഴിഞ്ഞ് പിന്നങ്ങനെയധികം വിളിയുണ്ടായില്ല. പിന്നീട് 2019 ലോ മറ്റോ ഒന്നു രണ്ട് തവണ മോന്‍സന്റെ കോള്‍ വന്നിരുന്നു, തിരക്കായതുകൊണ്ട് കോള്‍ എടുക്കാന്‍ എനിക്ക് സാധിച്ചില്ല. കഴിഞ്ഞ ദിവസം മോന്‍സണെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ട് ഞാന്‍ ഹാഷിമിനെ വിളിച്ചിരുന്നു, അപ്പോഴാണാണ് ഞെട്ടിക്കുന്ന ആ കാര്യം ഹാഷിം എന്നോട് പറയുന്നത്, അദ്ധേഹം മൂന്ന് മാസം മുന്‍പ് ഹാഷിമിനെ രണ്ടോ മൂന്നോ പ്രാവശ്യം വിളിച്ച്, നമുക്ക് കുര്യന്‍ ചേട്ടനെ കാണാന്‍ മംഗോ മെഡോസില്‍ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നത്രേ!എന്റെ ഒരു പഴയ മൊബൈലിന്റെ സ്‌ക്രീനാണ് ഫോട്ടോയില്‍.''

Content Highlights: monson mavunkal case intelligence inquiry against police officers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thabo Bester
Premium

8 min

സ്വകാര്യ ജയിലിൽ കത്തിക്കരിഞ്ഞ മൃതദേഹം; ആൾമാറാട്ടം നടത്തി ജയിൽ ചാടിയ 'ഫേസ്ബുക്ക് റേപ്പിസ്റ്റ്‌'

Apr 25, 2023


mohammad firoz

1 min

ഇന്‍സ്റ്റഗ്രാമിലൂടെ 16-കാരന് അശ്ലീലസന്ദേശങ്ങളും വീഡിയോയും അയച്ചു; യുവാവ് അറസ്റ്റില്‍

Sep 13, 2021


Congress leader arrested for molesting girl Kannur Pocso case sexual abuse

1 min

ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Feb 1, 2020


Most Commented