മോൻസൺ മാവുങ്കൽ Photo: facebook.com|DrMonsonMavunkal
കൊച്ചി: മോണ്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ചേര്‍ത്തല സി.ഐ.യെ സ്ഥലംമാറ്റി. ചേര്‍ത്തല സി.ഐ. പി. ശ്രീകുമാറിനെയാണ് പാലക്കാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയത്. അതിനിടെ,മോണ്‍സന്‍ കേസില്‍ ആരോപണവിധേയനായ എറണാകുളം സെന്‍ട്രല്‍ എ.സി. ലാല്‍ജിക്ക് പ്രൊമോഷനോടെയുള്ള നിയമനവും ലഭിച്ചു. എറണാകുളം റൂറല്‍ അഡീഷണല്‍ എസ്.പി.യായാണ് ലാല്‍ജിയുടെ പുതിയ നിയമനം.
അതേസമയം, മോണ്‍സന്റെ മുന്‍ഡ്രൈവറായിരുന്ന അജിത്തിനെ പി.ശ്രീകുമാര്‍ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. അജിത്തിനെതിരേ മോണ്‍സന്‍ ചേര്‍ത്തല പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ട് സി.ഐ. ശ്രീകുമാര്‍ അജിത്തിനെ ഭീഷണിപ്പെടുത്തിയത്.
മോണ്‍സന്‍ മാവുങ്കലിന്റെ കടലാസ് കമ്പനിയായ കലിങ്ക കല്ല്യാണ്‍ പ്രൈവറ്റ് ലിമിറ്റഡിനെ സംബന്ധിച്ചുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് വ്യാപിപ്പിച്ചിട്ടുണ്ട്. കമ്പനിയില്‍ മോണ്‍സന്റെ പങ്കാളികളെന്ന് കരുതുന്നവരുടെ ചിത്രങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇവരില്‍നിന്ന് വിവരങ്ങള്‍ തേടാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.
മോണ്‍സന്‍ തന്റെ ലാപ്‌ടോപ്പില്‍നിന്നുള്ള വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായാണ് അന്വേഷണസംഘം പറയുന്നത്. ഇതില്‍ പല ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. അതിനാല്‍ ലാപ്‌ടോപ്പില്‍നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
Content Highlights: monson mavunkal case cherthala ci transferred to palakkad crime branch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..