മോൺസൻ മാവുങ്കൽ| Photo: facebook.com|DrMonsonMavunkal
മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസില്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാനുണ്ട്. സാമ്പത്തിക തട്ടിപ്പില്‍ മാത്രം ഒതുങ്ങുന്നതല്ല കേസെന്ന് വ്യക്തമാണ്
പാസ്പോര്‍ട്ട് പോലും ഇല്ലാത്ത മോന്‍സണ്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹി
മോന്‍സണ്‍ എല്ലാത്തിനും മറയാക്കിയത് പ്രവാസി മലയാളി ഫെഡറേഷന്റെ തണല്‍. പാസ്പോര്‍ട്ട് പോലുമില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്ന മോന്‍സണ്‍ എങ്ങനെ സംഘടനയുടെ ഭാരവാഹിയായി. സംഘടനയുള്ളവരില്‍ ആര്‍ക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നത് വിശ്വസിക്കാന്‍ പ്രയാസം. രാഷ്ട്രീയ ഉന്നതര്‍ക്കും ഉദ്യോഗസ്ഥ ഉന്നതര്‍ക്കുമൊപ്പം വേദി പങ്കിടാന്‍ സംഘടനയുടെ ഭാരവാഹിത്വമാണ് മോന്‍സണ്‍ ഉപയോഗിച്ചത്.
ക്രൈംബ്രാഞ്ച് എഫ്.ഐ.ആറിലെ പ്രധാമായ വിവരങ്ങള്‍ മറച്ചുവെക്കുന്നത് എന്തുകൊണ്ട്
മോന്‍സണെതിരേ ചുമത്തിയ എഫ്.ഐ.ആര്‍. ക്രൈംബ്രാഞ്ച് പൊതുരേഖയാക്കുന്നില്ലെന്ന് 'മാതൃഭൂമി' ചൂണ്ടിക്കാട്ടിയതിനു പിന്നാലെ പോലീസ് വെബ്സൈറ്റില്‍ മുഖ്യ ഉള്ളടക്കം ഒഴിവാക്കി എഫ്.ഐ.ആര്‍. പ്രസിദ്ധീകരിച്ചു. മറച്ചുവെയ്ക്കത്തക്ക പലതും എഫ്.ഐ.ആറുമായി ബന്ധപ്പെട്ട രേഖകളിലുണ്ടെന്ന് വ്യക്തം.
ലോക്നാഥ് ബെഹ്റ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ ശുപാര്‍ശ എവിടെ
മോന്‍സണിന്റെ തട്ടിപ്പ് പുറത്തുവന്നപ്പോള്‍ സംസ്ഥാന പോലീസ് പുറത്തുവിട്ട വിവരമാണ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) അന്വേഷിക്കാന്‍ ബെഹ്റ ശുപാര്‍ശ നല്‍കി എന്നത്. എന്നാല്‍, അങ്ങനെയൊരു ശുപാര്‍ശക്കത്ത് പുറംലോകം കണ്ടിട്ടില്ല. കത്തു കിട്ടിയതായി ഇ.ഡി. സ്ഥിരീകരിച്ചിട്ടുമില്ല. 2020 ഫെബ്രുവരിയില്‍ മോന്‍സണെതിരേ പന്തളം പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍. ഉണ്ടായിരിക്കെ അത് ഉള്‍പ്പെടുത്തി പോലീസിന് ഇ.ഡി.ക്ക് ശുപാര്‍ശ നല്‍കാമായിരുന്നു. അല്ലെങ്കില്‍, കോടതിയില്‍ത്തന്നെ കേസ് വ്യാപ്തിയുള്ളതാണ് ഇ.ഡി. അന്വേഷിക്കണം എന്ന് ആവശ്യപ്പെടാമായിരുന്നു. എന്തുകൊണ്ട് സംസ്ഥാന പോലീസ് അത്തരമൊരു നീക്കം നടത്തിയില്ല. മോന്‍സണ്‍ തട്ടിപ്പുകാരനാണെന്നു പറഞ്ഞത് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തിരുന്ന ലോക്നാഥ് ബെഹ്റയാണെന്ന് മോന്‍സണുമായി അടുപ്പമുണ്ടായിരുന്ന അനിത പുല്ലയില്‍ പറയുന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ബെഹ്റ മോന്‍സണെതിരേ അന്വേഷണം നടത്തിയില്ല. സംസ്ഥാന പുരാവസ്തു വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിച്ചിരുന്നെങ്കില്‍പ്പോലും വ്യാജനാണെന്ന് തിരിച്ചറിയുമായിരുന്നു.
ബീറ്റ് ബോക്‌സിന് മറുപടിയില്ല
മോന്‍സണിന്റെ കലൂരിലേയും ചേര്‍ത്തലിയിലേയും വീടുകളില്‍ പോലീസ് 'ബീറ്റ് ബോക്‌സ്' ആരുടെ ശുപാര്‍ശയില്‍ വെച്ചു എന്നതിന് ഇതുവരെ ഉത്തരമില്ല. ഈ ചോദ്യങ്ങളോട് ലോക്നാഥ് ബെഹ്റയും പ്രതികരിച്ചില്ല. ധനകാര്യ സ്ഥാപനങ്ങള്‍, പ്രധാന ജങ്ഷനുകള്‍ എന്നിവിടങ്ങളിലാണ് സാധാരണ ബീറ്റ് ബോക്‌സുകള്‍ സ്ഥാപിക്കുക.
'ഇറ്റലിക്കാരി'യുമായി മോന്‍സണ് സൗഹൃദമുണ്ടായതെങ്ങനെ
'ലോക കേരള സഭ'യിലും സംസ്ഥാന പോലീസിലുമടക്കം 'ഉന്നത' സ്വാധീനമുണ്ടായിരുന്ന 'ഇറ്റലിക്കാരി'യുമായി മോന്‍സണ് സൗഹൃദമുണ്ടായതെങ്ങനെ? ഇവരെ തമ്മില്‍ ബന്ധപ്പെടുത്തിയ ഇപ്പോഴും 'അദൃശ്യ'നായി നില്‍ക്കുന്ന വ്യക്തി ആരാണ്? പോലീസ് തണല്‍ മോന്‍സണ് ഒരുക്കിക്കൊടുത്ത ഇറ്റലിക്കാരിയിലേക്ക് അന്വേഷണം നീളാത്തത്ത് എന്തുകൊണ്ട്?
മോന്‍സണിന്റെ സാമ്പത്തിക സ്രോതസ്സ് എന്താണ്
കോടിക്കണിക്കിന് രൂപയുടെ വിദേശനിര്‍മിത ആഡംബര കാറുകള്‍ മോന്‍സണിന്റെ കൈവശമെത്തിയതെങ്ങനെ? ബാങ്ക് അക്കൗണ്ടുകള്‍ 'കാലിയായ' മോന്‍സണ് എവിടെനിന്നാണ് ഈ കോടികള്‍ കിട്ടിയത്? ബോളിവുഡ് നടി കരീന കപ്പൂറിന്റേതടക്കമുള്ള അഡംബര കാറുകള്‍ പണം മുടക്കാതെയാണ് മോന്‍സണിലേക്കെത്തിയത്. വാഹന ഇടപാടുകാരാണ് ഇതിനു പിന്നിലെന്ന് കരുതിയാല്‍ത്തന്നെയും പണം മുടക്കാതെയും ഈടു നല്‍കാതെയും എങ്ങനെയാണ് മോന്‍സണ് കാറുകള്‍ നല്‍കിയത്. പുരാവസ്തു തട്ടിപ്പുവീരന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്ന് സംശയം ഉയരുന്നതിവടെയാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..