Monson Mavunkal | Photo: monsonmavunkal.com
കൊച്ചി: മോണ്‍സണ്‍ മാവുങ്കലിന് ഉന്നതബന്ധങ്ങളിലേക്കു വഴിയൊരുക്കിയത് ഇറ്റലിയില്‍ താമസിക്കുന്ന കൊച്ചി സ്വദേശിനിയാണെന്നും ഇവരുടെ സ്വാധീനങ്ങളാണ് പ്രവാസികളെ കുരുക്കിലാക്കിയതെന്നുമുള്ള ചര്‍ച്ചകളിലാണ് പ്രവാസി മലയാളിലോകം. മോണ്‍സണുമായി അടുത്ത സൗഹൃദമായിരുന്നു യുവതിക്ക്. ഇത് പ്രവാസി ഫെഡറേഷനില്‍ ഉള്ളവര്‍ക്കെല്ലാം അറിയാമായിരുന്നു. ഫെഡറേഷനില്‍ മോണ്‍സണ് ശക്തമായ സ്വാധീനമുണ്ടാക്കാന്‍ സഹായിച്ചതും ഈ കൂട്ടുതന്നെ.
ഇവര്‍ക്ക് കേരള പോലീസിലെ ഉന്നതരുമായും രാഷ്ട്രീയ പ്രമുഖരുമായും അടുത്ത ബന്ധമുണ്ട്. സൈബര്‍ സുരക്ഷയ്ക്കായി കൊച്ചിയില്‍ പോലീസ് നടത്തിയ 'കൊക്കൂണ്‍' സമ്മേളനത്തിലും ലോക കേരളസഭയുടെ പരിപാടിയിലുമെല്ലാം ഇവര്‍ പ്രതിനിധിയായി പങ്കെടുത്തിരുന്നു. ഉന്നതരുമായി അടുത്ത സൗഹൃദമുണ്ടെന്ന് ഇവരുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍നിന്ന് വ്യക്തം. പോലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ ഉണ്ടാക്കിയെടുത്ത ബന്ധമാണ് പിന്നീട് മോണ്‍സണ്‍ തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയതെന്നാണു കരുതുന്നത്.
ഒരു ഉന്നത പോലീസ് ഓഫീസര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ യുവതി തുടര്‍ച്ചയായി ഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. ഫെഡറേഷന്റെ കുടുംബ സംഗമങ്ങളില്‍ മോണ്‍സണൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇവര്‍ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പല പരിപാടികളുടെയും പ്രധാന പങ്കാളി മോണ്‍സന്റെ കമ്പനിയായിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് പിന്നീട് പ്രവാസികളെ അടക്കം മോണ്‍സണ്‍ തട്ടിപ്പില്‍ വീഴിത്തിയത്.
മോണ്‍സണും യുവതിയും എന്തിനാണ്, എപ്പോഴാണ് തെറ്റിയതെന്നു വ്യക്തമല്ല. മോണ്‍സണ്‍ നടത്തിയ തട്ടിപ്പുകളെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിട്ടും പുറത്തുപറയാതിരുന്നതാണെന്നു കരുതുന്നു. തെറ്റിയപ്പോള്‍ വിവരങ്ങള്‍ പുറത്തുവിട്ടതായിരുന്നോ എന്നും സംശയിക്കുന്നു. മോണ്‍സണ്‍ പീഡിപ്പിച്ചവരുടെ വിവരങ്ങള്‍ തനിക്ക് അറിയാമെന്നും തെളിവുകള്‍ നല്‍കാമെന്നും യുവതി പരാതിക്കാരെ അറിയിച്ചിരുന്നു.
പ്രവാസി യുവതിയുമായുള്ള ബന്ധത്തിന് വഴിയൊരുക്കിയത് മറ്റൊരു സ്ത്രീ
തിരുവനന്തപുരം: അടുത്ത ബന്ധമുള്ള ഒരു സ്ത്രീവഴിയാണ് മോണ്‍സണ്‍ പ്രവാസി യുവതിയുമായി അടുപ്പമുണ്ടാക്കിയതെന്ന് വിവരം. നിരവധി പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുള്ളയാളാണ് ഈ സ്ത്രീയെന്നും സൂചനയുണ്ട്. ഈ ബന്ധമാണ് പ്രവാസിയുവതിയും പോലീസുകാരുമായുള്ള ബന്ധത്തിന് വഴിയൊരുക്കിയതെന്നും സൂചനയുണ്ട്.
പ്രവാസിയുവതി പോലീസ് ആസ്ഥാനത്തെത്തി ഉയര്‍ന്ന ഉദ്യോഗസ്ഥരെ കണ്ടിരുന്നുവെന്നതും സൗഹൃദപ്പട്ടികയില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുണ്ടെന്നതും ചര്‍ച്ചയായിരുന്നു. മോണ്‍സണെ പ്രവാസിയുവതിക്ക് പരിചയപ്പെടുത്തിയ സ്ത്രീയ്ക്ക് വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍െപ്പടെയുള്ളവരുമായി ബന്ധമുണ്ട്.
ഇവരുടെ മകന് ഒരു പോലീസ് ഉദ്യോഗസ്ഥയുമായി വിവാഹാലോചന നടന്നിട്ടുണ്ടെന്നും പറയുന്നുണ്ട്. പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കുള്‍െപ്പടെ തട്ടിപ്പുകാരനുമായി ബന്ധമുണ്ടെന്ന് കണ്ടതോടെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പരസ്പരം ചെളിവാരി എറിയലും നടക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..