മോൻസൺ മാവുങ്കലിനെ എറണാകുളം സി.ജെ.എം. കോടതിയിൽ ഹാജരാക്കി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയപ്പോൾ(ഇടത്ത്) മോൻസണിന്റെ വീട്ടുമുറ്റത്തെ ആഡംബര കാറുകളുടെ ഇടയിൽ വെച്ചിരിക്കുന്ന കാളവണ്ടി ചക്രം(വലത്ത്) | ഫോട്ടോ: ബി. മുരളീകൃഷ്ണൻ|മാതൃഭൂമി
ചേര്‍ത്തല: മോണ്‍സണുമായുള്ള ബന്ധത്തില്‍ മുഖംനഷ്ടപ്പെട്ട് പോലീസ്. രണ്ടുവര്‍ഷം മുമ്പു മോണ്‍സണ്‍ കോടികളിറക്കി നടത്തിയ പള്ളിപ്പെരുന്നാളിനു പിന്നാലെ പോലീസ് ജീപ്പുകള്‍ക്ക് എ.സി. ഘടിപ്പിച്ചു നല്‍കിയതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ചേര്‍ത്തലയ്ക്കു സമീപമുള്ള ഒരു സ്റ്റേഷനിലേക്കാണു നല്‍കിയത്. ഇത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.
മോണ്‍സണ്‍ സംഭവം പുറത്തുവരുന്നതിനു മുമ്പുതന്നെ ചേര്‍ത്തലയിലെ പോലീസിനെതിരേ സി.പി.എം. പ്രാദേശികനേതൃത്വം സര്‍ക്കാരിനോടു പരാതിപ്പെട്ടിരുന്നു. മോശം പെരുമാറ്റവും അഴിമതിയുമാണ് ചൂണ്ടിക്കാട്ടിയത്. നിലവിലെ സാഹചര്യത്തില്‍ വിമര്‍ശനം കടുത്തിട്ടുണ്ട്.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ നടത്തിയ വിവാഹനിശ്ചയച്ചടങ്ങില്‍ പോലീസ് സുരക്ഷയൊരുക്കിയെന്ന വിമര്‍ശനമാണ് ഒടുവിലത്തേത്. ആഘോഷങ്ങളില്‍ ഇവര്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
'ഹിറ്റ്ലര്‍ക്ക് അകമ്പടിപോയത് 1985-ലെ ജീപ്പ്'
ആലപ്പുഴ: രണ്ടാം ലോകയുദ്ധത്തില്‍ ഉപയോഗിച്ച വില്ലീസ് ജീപ്പ് ഉണ്ടെന്നറിഞ്ഞാണ് ആലപ്പുഴയിലെ ഒരു പ്രമുഖ ഡോക്ടര്‍ മോണ്‍സണെ കാണാന്‍ അഞ്ചുവര്‍ഷം മുമ്പ് ചേര്‍ത്തലയിലെത്തിയത്. പഴയ വസ്തുക്കളോടുള്ള കമ്പമായിരുന്നു കാരണം.
ഹിറ്റ്‌ലര്‍ക്ക് അകമ്പടിപോയ ജീപ്പാണെന്നും അതില്‍ മിസൈല്‍ വീണിട്ടുണ്ടെന്നുമെല്ലാം അന്ന് മോണ്‍സണ്‍ അവകാശപ്പെട്ടു. വലിയ വിലയും പറഞ്ഞു. ജീപ്പുകണ്ട ഡോക്ടര്‍ ഞെട്ടി. 1985-ലെ ഒരു മഹീന്ദ്ര ജീപ്പില്‍ രൂപമാറ്റം വരുത്തിയതാണെന്നു മനസ്സിലാക്കിയ ഡോക്ടര്‍ വേഗം സ്ഥലംവിട്ടു.
ഇനിയുമുണ്ട് ഉന്നതര്‍
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പു നടത്തിയ മോണ്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍നിന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ചിത്രങ്ങളില്‍ പുറത്തുവിടാത്ത 'ഉന്നത സാന്നിധ്യം'. പിടിച്ചെടുത്തതില്‍ ഏതാനും ചിലരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ-സിനിമ-സാമൂഹിക മേഖലകളിലെ ഉന്നതരുടെ ചിത്രങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന.
അന്തര്‍ദേശീയ തലത്തില്‍ ഉന്നത ബന്ധങ്ങള്‍ ഉള്ള ആളാണ് മോണ്‍സണ്‍. ക്രൈംബ്രാഞ്ച് സംഘം മോണ്‍സണില്‍നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ് എന്നിവയില്‍ നിന്നു കണ്ടെടുത്തതില്‍ നിരവധി ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങളുണ്ട്. ഇതില്‍ 'തിരഞ്ഞെടുത്തവ' മാത്രമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
മോണ്‍സണെ ഇപ്പോള്‍ അറസ്റ്റ് ചെയ്തതുപോലും ഏതോ 'വലിയ സംഭവം' മറച്ചുപിടിക്കാനെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. ചിലരുടെ മാത്രം ചിത്രങ്ങള്‍ പുറത്തുവന്നതിലൂടെ സമ്മര്‍ദതന്ത്രം പയറ്റുകയാണ് അന്വേഷണ സംഘമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നു.
നടന്‍ ബാലയ്ക്കെതിരേ മോണ്‍സണിന്റെ മുന്‍ ഡ്രൈവര്‍
കൊച്ചി: മോണ്‍സണ്‍ മാവുങ്കലിനു വേണ്ടി നടന്‍ ബാല ഇടപെടുന്ന ഫോണ്‍ സംഭാഷണം പുറത്തുവിട്ട് മോണ്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍. മോണ്‍സണുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അജിയെ ബാല വിളിക്കുന്നത്.
അജിയുടെ സുഹൃത്തിനെ മോണ്‍സണ്‍ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇരുവരും തെറ്റുന്നത്. അജിയും മോണ്‍സണും പരസ്പരം പരാതിയും നല്‍കി. പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അജിയെ ബാല ഫോണില്‍ ബന്ധപ്പെട്ടത്. തന്നെ സഹോദരനെന്ന നിലയില്‍ കണ്ട് പരാതിയില്‍നിന്ന് പിന്‍മാറണമെന്നും സ്‌നേഹത്തോടെ മുന്നോട്ടു പോകണമെന്നും ബാല പറയുന്നുണ്ട്. അജിക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ താന്‍ മുന്‍കൈയെടുക്കുമെന്നും സംഭാഷണത്തിലുണ്ട്.
എന്നാല്‍ മോണ്‍സണ്‍ കലൂരിലെ തന്റെ അയല്‍ക്കാരന്‍ മാത്രമായിരുന്നുവെന്നും ഈ അടുപ്പം മാത്രമാണ് ഉണ്ടായിരുന്നതെന്നും ബാല പ്രതികരിച്ചു. മോണ്‍സണിന്റെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ആഘോഷ പരിപാടികള്‍ക്കായി വീട്ടില്‍ പോയിട്ടുണ്ടെന്നല്ലാതെ മോണ്‍സണിന്റെ തട്ടിപ്പുകളെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നും ബാല പറഞ്ഞു. പരാതിക്കാരന്‍ അനൂപ് അഹമ്മദുമായി ബാലയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇടപാടുണ്ടായിരുന്നുവെന്നും ഇടനില നിന്നത് താനാണെന്നും അജി ആരോപണം ഉന്നയിച്ചിട്ടുണ്ട്.
പീഡനക്കേസ് ഒതുക്കാനും മോണ്‍സണ്‍
കൊച്ചി: പുരാവസ്തു വില്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോണ്‍സണ്‍ മാവുങ്കല്‍ പീഡനക്കേസ് ഒതുക്കാനും ഇടപെട്ടു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ ഇരയെ ഹണി ട്രാപ്പില്‍ കുടുക്കുമെന്നു പറഞ്ഞാണ് മോണ്‍സണ്‍ ഭീഷണിപ്പെടുത്തിയത്. കേസില്‍നിന്ന് പിന്‍മാറിയില്ലെങ്കില്‍ നഗ്‌നദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് മോണ്‍സണ്‍ ഭീഷണി മുഴക്കിയതായി യുവതി ആരോപിച്ചു.
സംഭവത്തില്‍ മോണ്‍സണെ രണ്ടാം പ്രതിയായും ചേര്‍ത്തല സ്വദേശി ശരത് ചന്ദ്രേശനെ ഒന്നാം പ്രതിയുമാക്കി എറണാകുളം സൗത്ത് പോലീസ് കേസെടുത്തിരുന്നു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. യുവതിക്ക് ശരത് ചന്ദ്രേശനുമായി അടുപ്പമുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്ന് ശരത് വാഗ്ദാനവും ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം ഈ ബന്ധത്തില്‍നിന്ന് യുവതി പിന്‍മാറി. ഇതോടെ സ്വകാര്യ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഉപയോഗിച്ച് ശരത് ബ്ലാക്മെയില്‍ ചെയ്തു. ദൃശ്യങ്ങള്‍ മോണ്‍സണ് ശരത് കൈമാറി. യുവതി ശരത്തിനെതിരേ പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് മോണ്‍സണ്‍ ഇടപെടുന്നത്.
ശരത്തുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്ന് യുവതിയുടെ സഹോദരനോടും മോണ്‍സണ്‍ ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പു ചര്‍ച്ചയെന്ന പേരില്‍ വിളിച്ചുവെങ്കിലും സഹോദരന്‍ പോയില്ല. പകരം ചെന്ന സുഹൃത്തിനോട് 10 ലക്ഷം രൂപ തരാമെന്നും പരാതിയില്‍നിന്ന് പിന്‍മാറിയില്ലെങ്കില്‍ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഹണി ട്രാപ്പില്‍ കുടുക്കുമെന്നും മോണ്‍സണ്‍ ഭീഷണിപ്പെടുത്തി. പരാതി പിന്‍വലിക്കാതിരുന്നതോടെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.
കടവന്ത്ര പോലീസില്‍ യുവതി നല്‍കിയ പരാതി സൗത്ത് പോലീസിന് കൈമാറുകയായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
കമ്മിഷണര്‍ക്ക് പരാതി
മോണ്‍സണ്‍ മാവുങ്കലിനെതിരേ ഗുരുതര ആരോപണവുമായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി. ആലപ്പുഴ സ്വദേശിയായ ഷാജി ചെറായിലാണ് പരാതി നല്‍കിയത്. മോണ്‍സന്റെ കലൂരിലെ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള മസാജിങ്ങും നടന്നിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടികളെ വിദ്യാഭ്യാസം നല്‍കാമെന്നു പറഞ്ഞ് ദുരുദ്ദേശ്യത്തോടെ ചെന്നൈയില്‍ താമസിച്ചിട്ടുണ്ടെന്നും ഷാജി പറയുന്നു. ഇതോടൊപ്പം സാമ്പത്തിക തട്ടിപ്പ്, സ്വര്‍ണക്കടത്ത്, മനുഷ്യക്കടത്ത് എന്നിവ നടന്നുവെന്നും പരാതിയിലുണ്ട്. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ഷാജിയെ മോണ്‍സണ്‍ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..