Monson Mavunkal| Swapna Suresh
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഒളിവില്‍ കഴിഞ്ഞത് മോന്‍സണ്‍ മാവുങ്കലിന്റെ തണലിലെന്ന് സൂചന. സ്വര്‍ണക്കള്ളക്കടത്ത് പുറത്തുവന്നതിന് പിന്നാലെ സ്വപ്നയും സംഘവും തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് കടന്നിരുന്നു. ഇത് സംബന്ധിച്ച് രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. പോലീസിന്റെ മൂക്കിന്‍തുമ്പത്ത് ഉണ്ടായിരുന്നിട്ടും തിരുവനന്തപുരത്ത് നിന്നോ കൊച്ചിയില്‍ നിന്നോ ഇവരെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. പോലീസിന്റെ ഈ വീഴ്ചയില്‍ അന്നുതന്നെ സംശയവുമുയര്‍ന്നിരുന്നു. ലോക്ഡൗണില്‍ റോഡ് മുഴുവന്‍ പരിശോധനയുള്ളപ്പോഴാണ് സ്വപ്ന സുരേഷും സംഘവും കാറില്‍ കടന്നുകളഞ്ഞത്.
മാധ്യമങ്ങളില്‍ വിവരം വന്നപ്പോഴാണ് കൊച്ചി സിറ്റി പോലീസ് പേരിന് നഗരത്തില്‍ പരിശോധന നടത്തിയത്. ഇതിനിടെ ബെംഗളൂരുവില്‍ ഇവര്‍ എന്‍.ഐ.എ.യുടെ പിടിയിലായ വിവരം പുറത്തുവരികയായിരുന്നു. സ്വപ്നയ്ക്കും സംഘത്തിനും പോലീസില്‍ നിന്ന് 'പിന്തുണ' ലഭിച്ചിരുന്നുവെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്നുതന്നെ സംശയിച്ചത്.
കൊച്ചിയില്‍ ഏറ്റവും സുരക്ഷിതമായി കഴിയാവുന്ന വസതിയായാണ് മോന്‍സന്റെ വീടിനെ കാണുന്നത്. പുറത്തുനിന്ന് നോക്കുന്ന ആര്‍ക്കും മോന്‍സന്റെ വീട്ടില്‍ നിരീക്ഷണം നടത്താന്‍ കഴിയില്ല. പുറത്തെ കാഴ്ചകള്‍ അകത്തറിയാന്‍ നിരവധി ക്യാമറകള്‍ ഒരുക്കിയിട്ടുമുണ്ട്. കൂടെ സുരക്ഷാ ജീവനക്കാരുടെ ഒരു പടയും. കൊച്ചിയിലെ ഹോട്ടലില്‍ കഴിഞ്ഞിരുന്നതായി സ്വപ്നയും സംഘവും തെളിവുണ്ടാക്കിയെന്നും സംശയിക്കുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ മോന്‍സണ് 'ബീറ്റ് ബോക്‌സ്' അടക്കം വീടിനു മുന്നില്‍ വെച്ച് പോലീസ് സംരക്ഷണവും ഉറപ്പുനല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇവിടെയെത്തി സാധാരണ പോലീസുകാര്‍ പരിശോധന നടത്താനുള്ള സാധ്യതയുമില്ല. ചേര്‍ത്തലയിലും പരിസരങ്ങളിലുമായി സ്വപ്ന ഒളിവില്‍ കഴിഞ്ഞിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ക്ക് സംശയമുണ്ടായിരുന്നു. ചേര്‍ത്തല മോന്‍സന്റെ നാടായതിനാല്‍ത്തന്നെ സംശയം കൂടുതല്‍ ശക്തമാകുകയാണ്.
'പുരാവസ്തുക്കള്‍' ക്രൈംബ്രാഞ്ച് കണ്ടുകെട്ടും
മോന്‍സണ്‍ മാവുങ്കലിന്റെ എറണാകുളം കലൂരിലെ വീട്ടിലെ 'പുരാവസ്തുക്കള്‍' കണ്ടുകെട്ടാനുള്ള നടപടിയുമായി ക്രൈംബ്രാഞ്ച്. ഇതിനായി ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍ വീണ്ടും പരിശോധന നടത്തി. പുരാവസ്തുക്കള്‍ എന്ന പേരിലുള്ളവയെല്ലാം വ്യാജമാണെന്നാണ് മോന്‍സണ്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിന് പുരാവസ്തു വകുപ്പ് അധികൃതരുടെ സഹായം ക്രൈംബ്രാഞ്ച് തേടി. വരുംദിവസങ്ങളില്‍ പുരാവസ്തു വകുപ്പ് അധികൃതരെത്തി വസ്തുക്കള്‍ പരിശോധിക്കും.
ഇവയില്‍ പലതും പണിത തിരുവനന്തപുരത്തെ ശില്പി സുരേഷ് തന്റെ സൃഷ്ടികള്‍ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച കൊച്ചിയില്‍ മോന്‍സന്റെ വീട്ടിലെത്തിയാണ് താന്‍ നിര്‍മിച്ചുനല്‍കിയ ശില്പങ്ങള്‍ തിരിച്ചറിഞ്ഞത്. മ്യൂസിയത്തിലേക്കെന്ന പേരില്‍ ശില്പിയെക്കൊണ്ട് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കിക്കുകയായിരുന്നു മോന്‍സണ്‍. പണിതു വാങ്ങിയിട്ട് പണം നല്‍കാതെ മോന്‍സണ്‍ ചതിച്ചുവെന്ന് സുരേഷിനും പരാതിയുണ്ട്. 70 ലക്ഷം രൂപയാണ് സുരേഷിന് മോന്‍സണ്‍ നല്‍കാനുള്ളത്. നാല് ശില്പങ്ങളാണ് മോന്‍സന്റെ ആവശ്യപ്രകാരം സുരേഷ് നിര്‍മിച്ചുനല്‍കിയത്. സുരേഷ് ക്രൈംബ്രാഞ്ചിന് വിശദമായ മൊഴി നല്‍കിയിട്ടുണ്ട്.
അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു
പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ശ്രീവത്സം ഗ്രൂപ്പ് ഉടമ പത്തനംതിട്ട സ്വദേശി രാജേന്ദ്രന്‍ പിള്ളയുടെ ഹര്‍ജിയില്‍ മോന്‍സണെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ജസ്റ്റിസ് വി.ജി. അരുണിനെ ഉത്തരവു വന്നത് കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു. ആറ്് കോടിയിലധികം രൂപയുടെ തട്ടിപ്പുകേസുകള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കേണ്ടതെന്ന് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞവര്‍ഷം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പരിഗണിച്ചാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ മോന്‍സണെതിരായ അന്വേഷണം ക്രൈംബ്രഞ്ചിന് വിടണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി ഉത്തരവിട്ടത്.
പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ഈ അന്വേഷണത്തിന്റെ ഭാഗമായി മോന്‍സന്റെ ഡ്രൈവറെ ചോദ്യംചെയ്‌തെങ്കിലും പിന്നീട് കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. ബിസിനസ് ആവശ്യത്തിനായി 25 കോടി രൂപ നല്‍കാം എന്നു പറഞ്ഞ് തന്റെ പക്കല്‍നിന്ന് 2019 നവംബര്‍ 18 മുതല്‍ 2020 മാര്‍ച്ച് ഏഴു വരെയുള്ള കാലയളവില്‍ പലപ്പോഴായി 6.27 കോടി രൂപ മോന്‍സണ്‍ വാങ്ങിയെന്നും അത് തിരികെ നല്‍കിയില്ലെന്നുമായിരുന്നു പരാതി. ബിസിനസുകാരനായ താന്‍ കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് സഹായം വേണ്ടിവന്നത്. സുഹൃത്താണ് മോന്‍സണെ പരിചയപ്പെടുത്തിയത്.
വിദേശത്ത് ബിസിനസാണെന്നാണ് മോന്‍സണ്‍ പറഞ്ഞത്. ടാക്‌സുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചാലേ പണം നല്‍കാനാകൂ എന്നും അതിനായി പണം ആവശ്യമാണെന്നും വിശ്വസിപ്പിച്ചാണ് തന്റെ പക്കല്‍ നിന്ന് ആറു കോടിയിലധികം രൂപ തട്ടിയെടുത്തതെന്നാണ് ഹര്‍ജി. ഇതില്‍ പന്തളം പോലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തതിനാലാണ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
Content Highlights: Monson Mavunkal and Swapna Suresh, gold smuggling case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..