Photo: Screengrab, Mathrubhumi News
കൊച്ചി: ഓരോനിമിഷവും മോന്‍സണ്‍ മാവുങ്കലിനെതിരായ കൂടുതല്‍ പരാതികള്‍ പുറത്ത്. സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പുറമേ മോന്‍സണെതിരേ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസും നിലവിലുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. എന്നാല്‍ കൊച്ചി സ്വദേശിനി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും മോന്‍സനെ അറസ്റ്റ് ചെയ്യാന്‍ മടിച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും പോലീസ് ഒരുനടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
കൊച്ചി കടവന്ത്ര സ്വദേശിനിയായ യുവതിയാണ് നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് മോന്‍സണ്‍ മാവുങ്കലിനെതിരേ പരാതി നല്‍കിയത്. കേസില്‍ ആലപ്പുഴ സ്വദേശി ശരത്താണ് ഒന്നാം പ്രതി. മോന്‍സണ്‍ മാവുങ്കല്‍ രണ്ടാംപ്രതിയാണ്.
ശരത്തിനൊപ്പമുള്ള യുവതിയുടെ നഗ്നചിത്രങ്ങള്‍ മോന്‍സണ്‍ കൈക്കലാക്കുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. യുവതിയുടെ സഹോദരനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ മോന്‍സണ്‍ നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്നാണ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് യുവതി എറണാകുളം സൗത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ തെളിവുകളുണ്ടായിട്ടും കേസില്‍ മോന്‍സണെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മടിച്ചു. ഇതിനിടെ, കഴിഞ്ഞ ഏപ്രിലില്‍ മോന്‍സണ്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയിട്ടും പോലീസ് അനങ്ങിയില്ല. കാര്യക്ഷമമായ അന്വേഷണം നടത്താനോ അറസ്റ്റിനോ മുതിര്‍ന്നില്ല. പ്രതിയുടെ ഉന്നതബന്ധങ്ങളും സ്വാധീനവും പോലീസിനെ പിന്നോട്ടടിച്ചെന്നാണ് ആക്ഷേപം.
Content Highlights: monson mavungal cheating and fraud case woman filed complaint against him in eranakulam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..