കെ.വി. ജോണി
ബെംഗളൂരു: പരസ്യക്കമ്പനിയുടെ വെബ്സൈറ്റ് വഴി ആളുകളെ ചേർത്ത് മണിചെയിൻ തട്ടിപ്പ് നടത്തിയ കേസിൽ മലയാളി അറസ്റ്റിൽ.
എറണാകുളം ആരക്കുന്നം സ്വദേശി കെ.വി. ജോണിയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസിന്റെ പിടിയിലായത്. ഇയാളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 3.7 കോടി രൂപ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
ജെ.എ.എ. ലൈഫ് സ്റ്റൈൽ എന്ന പരസ്യക്കമ്പനി നടത്തിയാണ് ഇയാൾ ഒട്ടേറെയാളുകളെ തട്ടിപ്പിനിരയാക്കിയത്. ബെംഗളൂരു ബസവേശ്വര നഗറിലാണ് ഇതിന്റെ ഓഫീസ് പ്രവർത്തിച്ചുവന്നത്. കമ്പനിയുടെ വെബ്സൈറ്റ് വഴി പരസ്യം കാണുന്നവർക്ക് പണം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ഒരാൾക്ക് ഒരു ദിവസം 60 പരസ്യം കാണാമെന്നും ഒരു പരസ്യം കാണുന്നതിന് നാലു രൂപ വച്ച് 240 രൂപ ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. ഇതിൽ ചേരുന്നവർ ആദ്യം 1,109 രൂപ നൽകണം. ഇതിലേക്ക് ആളുകളെ ചേർക്കുന്നതിന് കമ്മിഷനും വാഗ്ദാനം ചെയ്തു. പത്ത് പേരെ ചേർത്താൽ 4,400 രൂപ കമ്മിഷൻ ലഭിക്കും.
100 പേരെ ചേർത്താൽ 17,600 രൂപ കിട്ടും. ആയിരം പേരെ ചേർത്താൽ 1,76,000 രൂപ കിട്ടും. ഇങ്ങനെ ഒരു കോടി ആളുകളെ ചേർത്താൽ 352 കോടി രൂപ കമ്മിഷൻ നൽകുമെന്നുവരെ വാഗ്ദാനം ചെയ്തു. ഇതുവഴി ഇയാളുടെ കമ്പനിയിൽ നാലു ലക്ഷം പേരെയെങ്കിലും അംഗങ്ങളാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..