പുതുക്കാട്: വ്യാജ കാര്‍ഡുപയോഗിച്ച് എ.ടി.എം. കൊള്ള. ബാങ്കും ഉപഭോക്താവുമറിയാതെ എ.ടി.എം. മെഷീനില്‍നിന്ന് മോഷ്ടിച്ചത് 127500 രൂപ. പുതുക്കാട് സെന്ററിനു സമീപം ദേശീയപാതയുടെ സര്‍വീസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ.യുടെ എ.ടി.എം. കൗണ്ടറില്‍നിന്നാണ് പണം നഷ്ടപ്പെട്ടത്. പുലര്‍ച്ചെ 3.30-നും 4.30-നും ഇടയിലാണ് സംഭവം.
കഴിഞ്ഞ 23-ന് പണം പിന്‍വലിക്കാനെത്തിയവര്‍ ഇടപാട് നടത്തുന്നതിനിടെ എ.ടി.എം. മെഷീന്റെ വശത്തെ പാളിനീക്കി കേബിള്‍ ബന്ധം വിഛേദിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇതുമൂലം പണം വിനിമയം പൂര്‍ത്തിയാകാതെ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കുതന്നെ തിരിച്ചെത്തിയതായി കാണിക്കും. എന്നാല്‍ തുക കൗണ്ടറില്‍നിന്ന് പുറത്തു വരുകയും ചെയ്യും. ഇത്തരത്തില്‍ ഒരുദിവസംതന്നെ 13 തവണ തുക പിന്‍വലിക്കുന്നതിന്റെ ദൃശ്യം എ.ടി.എം. കൗണ്ടറിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് കിട്ടിയിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് നഷ്ടം സംഭവിക്കാത്തതിനാല്‍ മോഷണവിവരം പുറത്തറിഞ്ഞില്ല. എന്നാല്‍, ഈമാസം മെഷീനില്‍ തുക നിറയ്ക്കാന്‍ എത്തിയ ബാങ്ക് ജീവനക്കാര്‍ക്ക് സംശയം തോന്നിയതോടെയാണ് വിശദ പരിശോധന നടത്തിയത്.
എ.ടി.എം. മെഷീനില്‍ ബാക്കിയുണ്ടായിരുന്ന തുകയും തുക വിനിമയം നടത്തിയതിന്റെ രേഖകളും പൊരുത്തപ്പെടാതെ വന്നതോടെ തട്ടിപ്പ് നടന്നതായി വ്യക്തമായി. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പുതുക്കാട് പോലീസില്‍ പരാതി നല്കി. ബാങ്കിന്റെ സേവനങ്ങള്‍ക്കായി ഔട്ട്സോഴ്സ് ചെയ്തിരിക്കുന്ന സ്വകാര്യ ഏജന്‍സിക്കാണ് തട്ടിപ്പ് നടന്ന എ.ടി.എം. കൗണ്ടറിന്റെ പ്രവര്‍ത്തന ചുമതല.
ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്. സന്തോഷിന്റെ പ്രത്യേക ക്രൈം സ്ക്വാഡും പുതുക്കാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ടി.എന്‍. ഉണ്ണികൃഷ്ണന്, എസ്.ഐ. മിഥുന് മാത്യു എന്നിവരുടെ പ്രത്യേക അന്വേഷണസംഘവും കേസ് അന്വേഷിക്കും.
സമാനമായ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരെയും സംഘങ്ങളെയും കുറിച്ച് അന്വേഷിക്കുമെന്ന് എസ്.എച്ച്.ഒ. ടി.എന്‍. ഉണ്ണികൃഷ്ണന് പറഞ്ഞു.
കവര്‍ച്ചക്ക് പിന്നില്‍ പഠിച്ച കള്ളന്മാര്
ദേശീയപാതയോട് ചേര്‍ന്ന് വലിയ ട്രെയിലര്‍ ലോറി നിര്‍ത്തിയിട്ട് കാഴ്ച മറച്ചശേഷമാണ് പുതുക്കാട് എ.ടി.എം. കവര്‍ച്ച നടത്തിയിരിക്കുന്നത്.എ.ടി.എം. മെഷീന്റെ പ്രവര്‍ത്തനം, ഡിജിറ്റല്‍ ട്രാന്സാക്ഷന്, ഓണ്‍ലൈന്‍ ബാങ്കിങ് എന്നിവയില്‍ സാങ്കേതിക തികവുള്ളവരാണ് പണം തട്ടിയതെന്ന് മോഷണത്തിന്റെ ശൈലിയില്നിന്നുതന്നെ വ്യക്തമാണ്.
ഒന്നരലക്ഷം രൂപയോളം നഷ്ടപ്പെട്ടിട്ടും ബാങ്ക് അധികൃതര്‍ വിവരമറിയുന്നത് ഏതാണ്ട് രണ്ടാഴ്ചയിലേറെ കഴിഞ്ഞാണ്. അതും മെഷീനില്‍ തുക നിറയ്ക്കുന്ന ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചശേഷം. മോഷണത്തില്‍ സാങ്കേതികമായി ബാങ്കിന് മാത്രമാണ് നഷ്ടം സംഭവിക്കുന്നത്. രേഖകളില്‍ പിന്‍വലിച്ച തുക വിനിമയം പൂര്‍ത്തിയാക്കാതെ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ തിരിച്ചെത്തിയതായി കാണുകയും മെഷീനില്‍നിന്ന് തുക നഷ്ടപ്പെട്ടതുമാണ് സംശയത്തിനിടയാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..