തൃശ്ശൂർ: എയർ ഏഷ്യയിൽ ജോലി കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തതായി പരാതി. അയ്യന്തോൾ ഉദയാനഗറിൽ പാക്കത്ത്ഹൗസിൽ ടിറ്റി ജേക്കബിനാണ് പണം നഷ്ടമായത്. ടിറ്റി വിവിധ ജോബ് സൈറ്റുകളിൽ ജോലിക്കായി ബയോഡേറ്റ സമർപ്പിച്ചിരുന്നു. ജനുവരി ആദ്യം എയർ ഏഷ്യയിൽ സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിൽ അഭിമുഖത്തിന് തിരഞ്ഞെടുത്തതായി മെയിൽ ലഭിച്ചു.
ഇതിൽ നൽകിയിരുന്ന എച്ച്.ആർ. മാനേജറുടെ ഫോൺ നമ്പരിൽ വിളിച്ചപ്പോൾ അഭിമുഖത്തിന് തിരഞ്ഞെടുത്തെത്തും ഇതിനായി 9,800 രൂപ ഡെപ്പോസിറ്റായി നൽകണമെന്നും ആവശ്യപ്പെട്ടു. തിരഞ്ഞെടുക്കുന്നവർക്കായി അഭിമുഖം നടത്തുമ്പോൾ നിരവധി പേർ വരാതെ പോകുന്നുണ്ടെന്നും ഇത് ഒഴിവാക്കുന്നതിനാണ് തുക ഈടാക്കുന്നതെന്നും പറഞ്ഞു.
അഭിമുഖം കഴിഞ്ഞ ശേഷം തുക മടക്കിനൽകുമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്ന് ടിറ്റി ജേക്കബ് തുക ഒാൺലൈനായി അടച്ചു. എന്നാൽ, അടുത്തദിവസം 9,800 രൂപയ്ക്കൊപ്പം ജി.എസ്.ടി. കൂടി അടയ്ക്കണമെന്ന് അറിയിച്ചു. 11,564 രൂപ കൂടി അധികമായി അടച്ചു. തലേ ദിവസം അടച്ച 9800 രൂപ വൈകുന്നേരത്തിനു മുമ്പ് റീഫണ്ട് ചെയ്യുമെന്നും 11,564 രൂപ അഭിമുഖത്തിന് ശേഷം നൽകുമെന്നുമാണ് വിവരം ലഭിച്ചത്.
ബാങ്ക് ഒാഫ് ഇന്ത്യയുടെ ബ്രാഞ്ചിലേക്കായിരുന്നു തുക അടച്ചത്. എന്നാൽ പിന്നീട് തുക മടക്കി ലഭിച്ചില്ല. തിരികെ വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഒാഫ് ആണെന്നാണ് പറയുന്നത്. ബാങ്ക് ഒാഫ് ഇന്ത്യയുടെ തൃശ്ശൂർ ബ്രാഞ്ചിൽ ബന്ധപ്പെട്ടപ്പോൾ എയർ ഏഷ്യക്ക് ഇങ്ങനെയൊരു അക്കൗണ്ടില്ലെന്നും ഒരാളുടെ വ്യക്തിപരമായ അക്കൗണ്ടിലേക്കാണ് തുക പോയിരിക്കുന്നതുമെന്നാണ് വിവരം ലഭിച്ചത്. നിരവധി അക്കൗണ്ടിൽ നിന്ന് 11,564 രൂപ ഈ അക്കൗണ്ടിലേക്ക് പോയിട്ടുണ്ട്. അക്കൗണ്ടിൽ നിന്ന് എല്ലാ തുകകളും അക്കൗണ്ട് ഉടമ പിൻവലിച്ചിട്ടുണ്ട്.
ഗൂഗിൾ പേയിൽ നിന്ന് ആദ്യം 9,800 രൂപ അടയ്ക്കാൻ ശ്രമിച്ചിരുന്നു. നെറ്റ് വർക്കിലെ തകരാർ മൂലം തുക കൈമാറ്റം ചെയ്തിരുന്നില്ല. തുക കൈമാറ്റം നടന്നില്ലെന്ന് മനസിലാക്കിയാണ് പിന്നീട് രണ്ട് തവണ ഫോൺ പേയിലൂടെ തുക നൽകിയത്. എന്നാൽ രണ്ടു ദിവസത്തിന് ശേഷം ഗൂഗിൽ പേയിൽ നിന്നും തുക കൈമാറ്റം നടന്നതായി സന്ദേശം ലഭിച്ചെന്നും 31,000 രൂപയിലധികം നഷ്ടമായെന്നും ടിറ്റി ജേക്കബ് പറയുന്നു. പാൻകാർഡും ആധാർകാർഡും ബയോഡാറ്റയും ആവശ്യപ്പെട്ടിരുന്നു. വെസ്റ്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Content Highlights: money fraud by offering job in Air Asia


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..