ഗായികയിൽനിന്ന് കൊലയാളിയിലേക്ക്; തൂക്കിലേറ്റുമ്പോൾ മോന ഫാൻഡി പറഞ്ഞു: എനിക്ക് മരണമില്ല


By അഖില സെല്‍വം

3 min read
Read later
Print
Share

മോനാ ഫാൻഡെ | Image Courtesy: twitter.com/RedHandedthepod/status/1141424918501965829

ണവും പ്രശസ്തിയും മനുഷ്യന്റെ ദൗര്‍ബല്യം തന്നെയാണ്. ആ മോഹം തലയ്ക്ക് പിടിച്ചാല്‍ മനുഷ്യര്‍ മതിമറന്നു പോകും. അതു ലഭിക്കാനായി എന്തും ചെയ്യും. പണവും പ്രശസ്തിയും ആഗ്രഹിച്ച മോന ഫാൻഡി എന്ന മസ്‌നാഹ് ഇസ്മയില്‍ അതിനായി തിരഞ്ഞെടുത്തത് രക്തം പുരണ്ട വഴികളാണ്. കൂട്ടുപിടിച്ചത് അന്ധവിശ്വാസത്തെയും.

മസ്‌നാഹ് മോനയായി മാറിയത്

മസ്‌നാഹ് ഇസ്മായില്‍ എന്ന മോന ഫാൻഡി 1956-ല്‍ പെര്‍ലിസ്സിലായിരുന്നു ജനിച്ചത്. കുട്ടിക്കാലം മുതല്‍ സംഗീതം മോനയുടെ ജീവശ്വാസമായിരുന്നു. ലോകമറിയുന്ന പോപ്പ് സ്റ്റാറായി മാറണം. സംഗീതലോകത്ത് തന്റെ കൈയൊപ്പ് പതിപ്പിക്കണം. അതായിരുന്നു ആഗ്രഹം. പക്ഷേ, തുടക്കത്തില്‍ ചെറിയ ചെറിയ വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നെങ്കിലും അതൊന്നും വലിയ വിജയത്തിലേക്ക് നയിച്ചില്ല. ഇതിനിടയിലാണ് മുഹമ്മദ് നോര്‍ അഫാന്‍ഡി അബ്ദുള്‍ ഫഹ്‌മാന്‍ എന്ന ആരാധകന്‍ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.

മസ്‌നാഹിനെ ലോകപ്രശസ്തയാക്കുമെന്ന് മുഹമ്മദ് വാക്കുനല്‍കി. സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും നയിച്ചു. പ്രണയപൂര്‍വം മസ്‌നാഹിനെ മോനയെന്നാണ് മുഹമ്മദ് വിളിച്ചിരുന്നത്. അതുതന്നെ അവര്‍ പിന്നീട് തന്റെ പേരായി ഉപയോഗിക്കാന്‍ ആരംഭിച്ചു. വലിയ രീതിയില്‍ പണംമുടക്കി ആല്‍ബങ്ങളിറക്കി, പാടാനുളള വേദി സംഘടിപ്പിച്ചു, നിരവധി ടെലിവിഷന്‍ ഇന്റര്‍വ്യൂകള്‍ സംഘടിപ്പിച്ചു. പദ്ധതികളൊന്നും വിജയിച്ചില്ലെന്നു മാത്രമല്ല എടുത്താല്‍ പൊങ്ങാത്ത കടബാധ്യതകള്‍ കൂടി ചുമലിലായി. നഷ്ടപ്പെട്ടത് വീണ്ടെടുക്കണം, കടത്തില്‍നിന്ന് കരകയറണം. ഈ ചിന്തകളില്‍നിന്നാണ് അവരുടെ ജീവിതത്തിലെ ക്രൂരതകളുടെ അധ്യായം ആരംഭിക്കുന്നത്.

പാട്ടില്‍നിന്നു പാട്ടിലാക്കലിലേക്ക്

പാട്ടും ആല്‍ബവുമൊന്നും വേണ്ടത്ര ക്ലിക്കാവുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ മലേഷ്യയിലെ മന്ത്രവാദക്രിയയായ ബോമയിലേക്ക് ഇരുവരും തിരിഞ്ഞു. പതിയെ തങ്ങള്‍ക്കു ചുറ്റുമുളളവരെ ഒഴിവാക്കി പുതിയ സൗഹൃദങ്ങള്‍ അവര്‍ സ്ഥാപിച്ചു. ആ നാട്ടിലെ വലിയ വലിയ ആളുകള്‍ കുറഞ്ഞ സമയം കൊണ്ട് മോനയുടെ പരിചയക്കാരായി മാറി. ഇതോടെ ചുറ്റുളളവര്‍ക്കെല്ലാം മോനയുടെ വളര്‍ച്ചയെ കുറിച്ച് ആശങ്കയുയര്‍ന്നു. വീടും ആഢംബര കാറുകളും അവര്‍ വാങ്ങി കൂട്ടി. ആഢംബരം വിളിച്ചോതുന്ന ഷോപ്പിങ്ങും ജീവിതശൈലിയും. ഇവർക്കിതെങ്ങനെ സാധിക്കുന്നുവെന്ന ചര്‍ച്ചയിലേക്കാണ് പലരേയും എത്തിച്ചത്. ബ്ലാക്ക് മാജിക്കിലൂടെ കൂടോത്രം ചെയ്യാനും അതിലൂടെ പണം സമ്പാദിക്കാനും ധാരാളം പേര്‍ ഇവരെ സമീപിച്ചു. പലപ്പോഴും സാധാരണക്കാര്‍ക്ക് ഇവരുടെ സേവനം ലഭ്യമായിരുന്നില്ല. പതിയെപ്പതിയെ മോന പ്രബലയായി. വര്‍ഷങ്ങളോളം സ്വപ്ന കണ്ട പണവും പ്രശസ്തിയും മറ്റൊരു തരത്തില്‍ പുല്‍കിയപ്പോള്‍ അവളതില്‍ മതിമറന്നു.

മസ്ലാന്‍ ഇദ്രിസ്

മോനയുടെ ഖ്യാതി കേട്ടറിഞ്ഞാണ് മസ്ലാന്‍ ഇദ്രിസ്‌ അവളെ തേടിയെത്തുന്നത്. മന്ത്രിയായിരുന്ന ഇദ്രിസിന്റെ ലക്ഷ്യം എല്ലാ അധികാരമോഹികളെയും പോലെ തന്നെ മലേഷ്യയുടെ പ്രധാനമന്ത്രിയാവുക എന്നതായിരുന്നു. അന്നത്തെ കാലത്തെ പേരുകേട്ട രാഷ്ട്രീയ നേതാവിനെ ചൂണ്ടിക്കാട്ടി അയാളുടെ അഭിവൃദ്ധിക്ക് കാരണക്കാരി താനാണെന്ന് ഇദ്രിസിനോട് മോന അവകാശപ്പെട്ടു. അയാളുടെ കൈയില്‍ കെട്ടിയിരിക്കുന്ന ചരടാണ് എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണമെന്നും അത് കെട്ടിക്കൊടുത്തത് താനാണെന്നും അവള്‍ പറഞ്ഞു. 2.5 മില്ല്യണ്‍ റിങ്കറ്റാണ് പ്രതിഫലമായി അവള്‍ അവകാശപ്പെട്ടത്. മന്ത്രവാദത്തെ തുടര്‍ന്ന് ഇയാള്‍ക്കായി ഒരു കോല്‍, ഒരു സോങ്കോക്ക്, ഒരു താലിസ്മാന്‍ എന്നിവ നല്‍കുകയും ചെയ്തു. ഇന്തോനേഷ്യന്‍ പ്രസിഡന്റായിരുന്ന സുക്കോര്‍ണ്ണയുടെ കൈവശമുളള വസ്തുക്കള്‍ പോലുളളവ. ഇത് കൈവശം വെച്ചാല്‍ ഇദ്രിസിനും പ്രശസ്തനാകാമെന്ന് അയാളെ പറഞ്ഞു വിശ്വസിപ്പിച്ചു. ചോദിച്ചതിന്റെ പ്രതിഫലം പകുതി പണവും ബാക്കി പകുതി പണയവസ്തുക്കളും നല്‍കി. പണം കൈമാറുന്നത് ആരുമറിയരുത്, അങ്ങനെ അറിഞ്ഞാല്‍ മന്ത്രവാദത്തിന്റെ ഫലം കുറയുമെന്നൊക്കെ അയാളെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

ഇതുകൂടാതെ ചില പൂജകള്‍ ചെയ്യണമെന്നും ആരോടും ഉരിയാടാതെ പിന്തിരിഞ്ഞു നോക്കാതെ അവര്‍ പറയുന്നിടത്ത് വരണമെന്ന് ഇദ്രിസിനെ അവര്‍ വിശ്വസിപ്പിച്ചു. ഇദ്രിസാകട്ടെ അതിമോഹത്താല്‍ പറഞ്ഞതെല്ലാം അക്ഷരംപ്രതി അനുസരിച്ചു. പൂജകള്‍ക്കായി മോനയുടെ വീട്ടിലെത്തിയ ഇദ്രിസിനെ വരവേറ്റത് മന്ത്രവാദത്തിന്റെ ഭീകരത തുളുമ്പുന്ന അന്തരീക്ഷമാണ്. മോന ആവശ്യപ്പെട്ടതുപ്രകാരം നഗ്നനായി അയാള്‍ കണ്ണടച്ചുകിടന്നു. അയാളുടെ നെഞ്ചില്‍ അവള്‍ ഒരു പൂ വെച്ചു. പെട്ടെന്നാണ് അത് സംഭവിച്ചത്. ഇദ്രിസിന്റെ കഴുത്തില്‍ മോനയുടെ സഹായി ജുറൈമി ആഞ്ഞുവെട്ടി. ഒറ്റവെട്ടില്‍ തന്നെ അയാളുടെ തല വേർപെട്ടു. ശരീരം 18 കഷണമാക്കി മുറിച്ചു, തൊലി ഉരിച്ചു, കുറച്ച് അവര്‍ ഭക്ഷിച്ചു. ബാക്കിയുളളത് വീടിനടുത്ത് തന്നെ കുഴിച്ചുമൂടി.

മന്ത്രിയെയാണ് കൊലപ്പെടുത്തിയതെങ്കിലും ഒരാശങ്കയുമില്ലാതെ അവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോയി. ഇദ്രിസിന്റെ കൊലപാതകത്തിന് ശേഷവും അവര്‍ വലിയ തോതില്‍ ഷോപ്പിങ് നടത്തുകയും പുതിയ ബെന്‍സ് കാര്‍ വാങ്ങുകയും സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്തു. പക്ഷേ, ഒരു മന്ത്രിയുടെ തിരോധാനം അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. കാണാതാവുന്നതിന് മുമ്പായി അക്കൗണ്ടില്‍നിന്ന് ഇദ്രിസ് പണം പിന്‍വലിച്ചത് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പെട്ടു. ഇത് ചെലവായത് എങ്ങനെയെന്ന അന്വേഷണങ്ങള്‍ ചെന്നെത്തിയത് മോനയിലേക്കാണ്. പക്ഷേ, സാക്ഷികളോ തെളിവുകളോ ഉണ്ടായിരുന്നില്ല.

മോന അറസ്റ്റിലാകുന്നു

മന്ത്രിയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം അനിശ്ചിതത്വത്തിലായ സമയത്താണ് മറ്റൊരു ട്വിസ്റ്റ് സംഭവിക്കുന്നത്. ലഹരി കേസില്‍ ജുറൈമി പോലീസ് പിടിയിലായി. അബോധാവസ്ഥയിലായിരുന്ന ജുറൈമി കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പോലീസിനോട് തുറന്നുപറഞ്ഞു. ഇത് വഴിത്തിരിവായി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മോനയുടെ വീട്ടില്‍നിന്ന് ഇദ്രിസിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. മോനയും ഭര്‍ത്താവും ഉടന്‍ തന്നെ അറസ്റ്റിലായി. 1995-ല്‍ ഇവരെ കോടതിയില്‍ ഹാജരാക്കി. ഓരോ തവണയും യാതൊന്നും സംഭവിക്കാത്ത മട്ടില്‍ ആകര്‍ഷക വസ്ത്രങ്ങളണിഞ്ഞ് മാധ്യമങ്ങളോട് സംസാരിച്ചെല്ലാമാണ് ഇവര്‍ കോടതിയിലെത്തിയിരുന്നത്.

തനിക്കുചുറ്റും നിരന്നവരെ കണ്ട് 'എനിക്ക് കുറേ ആരാധകരുണ്ടല്ലോ' എന്നാണ് മോന സ്വയം പറഞ്ഞത്. ചെറിയ പ്രായം മുതല്‍ ആഗ്രഹിച്ച പ്രശസ്തിയാണ് തനിക്കിപ്പോള്‍ കൈവന്നിരിക്കുന്നതെന്ന മൂഢവിശ്വാസത്തില്‍ ഓരോ നിമിഷവും അവര്‍ ആസ്വദിച്ചു. മോനയ്ക്കും ഭര്‍ത്താവിനും സഹായിക്കും വധശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്. 1999-ല്‍ ഇവര്‍ ഫെഡറല്‍ കോടതിയില്‍ അപ്പീലിന് പോയെങ്കിലും അത് തിരസ്‌കരിക്കപ്പെട്ടു. അവസാനരക്ഷയ്ക്കായി മാപ്പു വിധിക്കുന്ന ബോര്‍ഡിനെ സമീപിച്ചെങ്കിലും അതും നടന്നില്ല.

അപ്പോഴും മോനയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞില്ല. 'ഞാന്‍ സന്തോഷവതിയാണ് എല്ലാ മലേഷ്യക്കാരോടും ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു' എന്നായിരുന്നു വിധി കേട്ടതിന് ശേഷമുളള അവരുടെ പ്രതികരണം പോലും. വധശിക്ഷയ്ക്ക് മുമ്പായി അവസാന ആഗ്രഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇഷ്ടഭക്ഷണം കഴിക്കാനാണ് ആഗ്രഹമെന്ന് അവര്‍ പറഞ്ഞു. 2001 നവംബര്‍ രണ്ടിന്‌ കജാങ്ക് ജയിലില്‍ മോന ഫാൻഡി തൂക്കിലേറ്റപ്പെട്ടു. മലേഷ്യയില്‍ അവസാനമായി തൂക്കിലേറ്റപ്പെട്ട ആ വനിതയുടെ അവസാനവാക്കുകള്‍ ഇങ്ങനെയായിരുന്നു: 'എനിക്ക് മരണമില്ല...!'

Content Highlights: Mona Fandey story of a pop singer who turned as a black magician to murderer

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented