മെഡിക്കൽ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഓഫീസിനുമുന്നിൽ നടത്തിയ ധർണ
തൃശ്ശൂര്‍: ഗവ.മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമം. ഞായറാഴ്ച രാത്രി ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെയാണ് പുറമേനിന്നുള്ള വ്യക്തി അപമാനിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ വടക്കാഞ്ചേരി കുമരനെല്ലൂര്‍ ചങ്ങിണിമാര് വീട്ടില്‍ അനില്‍കുമാറി (30)നെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.
ഹോസ്റ്റലിന് മുന്നില്‍ വെച്ചാണ് സംഭവം. വിദ്യാര്‍ഥിനി ബഹളം വെച്ചതോടെ നാട്ടുകാരെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. വിദ്യാര്‍ഥിനി നല്കിയ പരാതിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്യാമ്പസ് വിടുന്നതിനുമുമ്പേ പ്രതിയെ പിടികൂടാനായി.
സുരക്ഷാവീഴ്ച ആരോപിച്ച് കോളേജ് യൂണിയന്റ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കോളേജ് യൂണിയന് ചെയര്മാന് ജോണ്‍ സംഗീത്, അഞ്ജാസ്, ദൃശ്യ, ആവണി തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
റസിഡന്‍ഷ്യല്‍ ഏരിയ പേരിനുമാത്രം; സുരക്ഷാ ഓഫീസറുമില്ല
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിനെ റസിഡന്‍ഷ്യല്‍ ഏരിയയായി പ്രഖ്യാപിച്ച് രണ്ടുവര്‍ഷമായെങ്കിലും അതനുസരിച്ചുള്ള തുടര്‍ നടപടികളുണ്ടായില്ല. ആര്‍ക്കും ഏതു സമയത്തും കാമ്പസിനകത്ത് കടക്കാവുന്ന സാഹചര്യമാണുള്ളത്.
പുറമേനിന്നുള്ള വാഹനങ്ങളെ നിയന്ത്രിക്കാനായി രണ്ട് ചെക്ക് പോസ്റ്റുകള്‍ നിര്‍മിച്ചതല്ലാതെ ഒരുദിവസം പോലും ഈ ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ സുരക്ഷാജീവനക്കാരില്ലെന്നു പറഞ്ഞാണ് ചെക്ക് പോസ്റ്റുകള്‍ തുറന്നിട്ടിരിക്കുന്നത്. ഒന്നര വര്‍ഷമായി മെഡിക്കല്‍ കോളേജിലെ സുരക്ഷാ ഓഫീസറുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ഇതുമൂലം സുരക്ഷാ ജോലികള്‍ ഏകോപിപ്പിക്കാനും ആളില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..