
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
മൈസൂരു: പി.ജി. വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ഹാസന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എച്ച്.ഐ.എം.എസ്.) അസിസ്റ്റന്റ് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു. ഡോ. എച്ച്.സി. ലോകേഷിനെയാണ് മെഡിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നവീന്‍രാജ് സിങ് ചൊവ്വാഴ്ച സസ്പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളേജില്‍വെച്ച് ലിഫ്റ്റില്‍ സഞ്ചരിക്കുമ്പോള്‍ ലൈംഗികാതിക്രമം നടത്തുകയും പുറത്തുപറഞ്ഞാല്‍ അനന്തരഫലം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ജനുവരി 12-നാണ് സംഭവം.
സംഭവത്തില്‍ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹാസന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ കവിതാ രാജാറാം, എച്ച്.ഐ.എം.എസ്. അഡ്മിനിസ്ട്രേറ്റര്‍ ഗിരീഷ് നന്ദന് എന്നിവരോട് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, സംഭവദിവസംതന്നെ വിദ്യാര്‍ഥിനി പരാതിപ്പെട്ടിട്ടും ഡോ. ലോകേഷിനെതിരേ എച്ച്.ഐ.എം.എസ്. ഡയറക്ടര്‍ ഡോ. രവികുമാര്‍ നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്.
സംഭവം ഒത്തുതീര്‍പ്പാക്കാനാണ് ഡയറക്ടര്‍ ശ്രമിച്ചതെന്ന് എച്ച്.ഐ.എം.എസ്. ജീവനക്കാര്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സസ്പെന്ഷന് ഉത്തരവിറക്കിയത്. ഡയറക്ടറുടെ അനുമതിയില്ലാതെ ഡോ. ലോകേഷ് ഹാസന് വിട്ടുപോകരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നും നിശ്ചിതസമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ കവിത പറഞ്ഞു. വിഷയത്തില്‍ ഡോ. ലോകേഷിനെതിരേ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി. വിദ്യാര്‍ഥികള്‍ ഹാസനില്‍ പ്രതിഷേധം നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..