Screengrab: Mathrubhumi News
കൊച്ചി: മൊഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ വീട്ടില്‍ തെളിവെടുപ്പ്. മൊഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, ഇയാളുടെ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെയാണ് ഇവരുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്. പ്രതികളുടെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് സംഘം കോതമംഗലത്ത് തെളിവെടുപ്പിനെത്തിയത്.
വിവാഹം കഴിഞ്ഞ് രണ്ടുമാസത്തോളം മാത്രമാണ് മൊഫിയ ഭര്‍തൃവീട്ടില്‍ താമസിച്ചത്. എന്നാല്‍ ഇക്കാലയളവില്‍ ഗാര്‍ഹികപീഡനത്തിനും മറ്റും ഇരയായിട്ടുണ്ടെന്നാണ് ആരോപണം. ഭര്‍ത്താവില്‍നിന്ന് ക്രൂരമായ ഉപദ്രവം നേരിട്ടതായും മൊഫിയയുടെ പരാതിയിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോതമംഗലം നെല്ലിക്കുഴിയിലെ സുഹൈലിന്റെ വീട്ടില്‍ അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നത്.
അതിനിടെ, ഭര്‍ത്താവില്‍നിന്നും ഭര്‍തൃവീട്ടുകാരില്‍നിന്നും നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് മൊഫിയ വിശദീകരിക്കുന്ന ചില ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും പുറത്തുവന്നിരുന്നു. 'ഐ നീഡ് ജസ്റ്റിസ്' എന്ന പേരില്‍ ആരംഭിച്ച ഇന്‍സ്റ്റഗ്രാം പേജിലാണ് താന്‍ നേരിട്ട കൊടിയ പീഡനങ്ങളെക്കുറിച്ച് മൊഫിയ തുറന്നുപറഞ്ഞിരുന്നത്. ഭര്‍ത്താവില്‍നിന്ന് നേരിട്ട ലൈംഗികപീഡനങ്ങളെക്കുറിച്ചും പോസ്റ്റുകളില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഈ ഇന്‍സ്റ്റഗ്രാം പേജ് മൊഫിയ ഡിലീറ്റ് ചെയ്തു. പക്ഷേ, ചില പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ സുഹൃത്തുക്കള്‍ നേരത്തെ സൂക്ഷിച്ചിരുന്നു. ഇവരാണ് ഇക്കാര്യങ്ങള്‍ പോലീസിനെ അറിയിച്ചത്. കേസില്‍ ഈ ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
Content Highlights: mofiya parveen death case evidence taking by crime branch team
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..