ജയില്‍ സൂപ്രണ്ടിനെ 'സുരേഷേട്ടാ' എന്ന് വിളിക്കാന്‍ മാത്രം ബന്ധം, സഹായിയാക്കിയതും റഷീദിനെ


കെ.കെ. ശ്രീരാജ്

വിയ്യൂർ സെൻട്രൽ ജയിൽ| Photo: Mathrubhumi

തൃശ്ശൂര്‍: തടവുകാരുടെ ഫോണ്‍ ഉപയോഗംകൊണ്ട് വിവാദത്തിലായ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ജയില്‍ ഉദ്യോഗസ്ഥരും കുരുക്കിലേക്ക്. സൂപ്രണ്ട് എ.ജി. സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ തടവുകാരുടെ ഫോണ്‍ ഉപയോഗത്തിന് ഒത്താശചെയ്തുവെന്ന തരത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെത്തുടര്‍ന്നാണിത്. സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കുനേരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി. എം.കെ. വിനോദ്കുമാര്‍ ശക്തമായ റിപ്പോര്‍ട്ടാണ് ജയില്‍മേധാവിക്ക് നല്‍കിയത് എന്നറിയുന്നു.

മാത്രമല്ല, സൂപ്രണ്ടിന്റെ ഫോണ്‍വഴിയും തടവുകാരില്‍ ചിലര്‍ ആശയവിനിമയം നടത്തിയെന്ന് ആരോപണമുള്ളതിനാല്‍ ഈ ഫോണും പരിശോധിക്കേണ്ടിവരുമെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്. സൂപ്രണ്ട് ഒരു നമ്പര്‍ മാത്രമല്ല ഉപയോഗിച്ചിരുന്നതെന്ന സംശയവും ഉന്നയിക്കപ്പെടുന്നുണ്ട്. മറ്റു പേരുകളിലുള്ള സിം കാര്‍ഡും ഉപയോഗിച്ചിരിക്കാമെന്നാണ് നിഗമനം.

അതേസമയം ജയിലിലെ ഫോണ്‍ ഉപയോഗത്തെക്കുറിച്ചുള്ള ക്രൈം ബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഔദ്യോഗികമായി ഉത്തരവ് ഇറങ്ങിയിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ടവരില്‍നിന്ന് ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. തൃശ്ശൂരിലെ ഉദ്യോഗസ്ഥര്‍ക്കു പുറമേ തിരുവനന്തപുരത്തുനിന്നുള്ള ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരും മൊഴിയെടുക്കലുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് അറിയുന്നത്.

സൂപ്രണ്ടിന് ഓര്‍ഡര്‍ലി കൊലക്കേസ് പ്രതി

ജയില്‍ സൂപ്രണ്ട് സഹായിയായി കൂടെക്കൂട്ടിയത് ഫ്‌ളാറ്റ് കൊലക്കേസില്‍ ഉള്‍പ്പെട്ട റഷീദിനെ. ഒരുവര്‍ഷത്തോളമായി ഈ ബന്ധം ഇത്ര ശക്തമായിട്ടെന്നാണ് മറ്റു തടവുകാര്‍ പറയുന്നത്. സൂപ്രണ്ടിനെ 'സുരേഷേട്ടാ...' എന്നു വിളിക്കാന്‍മാത്രം ഈ ബന്ധം വളര്‍ന്നിരുന്നെന്നും തടവുപുള്ളികളില്‍ ചിലര്‍ പറഞ്ഞിരുന്നു.

ജയിലില്‍ റഷീദിന് സര്‍വസ്വാതന്ത്ര്യമാണ് നല്‍കിയിരുന്നതെന്ന് മറ്റു തടവുകാര്‍ ആരോപിച്ചിരുന്നു. പേരെടുത്ത ഗുണ്ടകളില്‍ പലരെയും ഇത്തരത്തിലുള്ള ജോലികള്‍ ഏല്‍പ്പിക്കുന്നതിനെതിരേയും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് അറിയുന്നത്.

സൂപ്രണ്ടിന്റെ ഓഫീസ്പോലുള്ള തന്ത്രപ്രധാനസ്ഥലങ്ങളിലാണ് കൊടുംകുറ്റവാളികള്‍ യഥേഷ്ടം പെരുമാറുന്നത്. ഇവിടെയെത്തുന്ന സുപ്രധാന മെസേജുകള്‍ എല്ലാം കാണാനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കുന്നു.

ക്വട്ടേഷന്‍ ആരോപണം സമ്മര്‍ദതന്ത്രം

കൊടിസുനി ഉയര്‍ത്തിയ ക്വട്ടേഷന്‍ വിവാദം സമ്മര്‍ദതന്ത്രമാണോയെന്ന സംശയമാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത് എന്നറിയുന്നു. കൊടിസുനിയും റഷീദും ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. കൊടിസുനിയും റഷീദും ആയിരത്തിലധികം ഫോണ്‍വിളികള്‍ ജയിലില്‍നിന്ന് നടത്തിയിട്ടുണ്ട്.

മുമ്പും ക്രൈംബ്രാഞ്ച് അന്വേഷിച്ചു; പക്ഷേ, ഫലമുണ്ടായില്ല

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫോണ്‍വിളി അന്വേഷണം മുമ്പും ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നു. 2019-ല്‍ ജയില്‍വകുപ്പുതന്നെ നടത്തിയ പരിശോധനയില്‍ ഒട്ടേറെ ഫോണുകള്‍ കണ്ടെടുത്ത സാഹചര്യത്തിലായിരുന്നു ഇത്. ഫോണിലെ കോള്‍ വിവരങ്ങള്‍കൂടി പരിശോധിക്കണമെന്ന ആവശ്യം ശക്തമായതിനെത്തുടര്‍ന്ന് കൊടിസുനി ഉള്‍പ്പെടെ ഉപയോഗിച്ചതെന്നു കരുതുന്ന ഫോണിലേക്ക് വിളിച്ച പലരെയും പോലീസ് വിളിപ്പിച്ചിരുന്നു. എന്നാല്‍, അന്വേഷണത്തിന് കാര്യമായ ഗുണം ഉണ്ടായില്ല. ഇതിനുശേഷവും ജയിലിലിരുന്ന് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുകയും ചെയ്തു. സ്വര്‍ണക്കടത്തില്‍ കൊടിസുനിക്കുനേരെ ആരോപണങ്ങള്‍ വന്നത് ഇതിനുശേഷമാണ്.

ജയിലിനുള്ളില്‍ റഷീദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഷ്ടഭക്ഷണവും മദ്യവും വരെ ലഭിച്ചിരുന്നുവെന്നാണ് മറ്റൊരു തടവുകാരന്‍ ആരോപിച്ചത്.

റഷീദിന്റെ ബന്ധു ഭക്ഷണവും മറ്റും സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴ്സില്‍ എത്തിക്കുകയായിരുന്നത്രേ പതിവ്. വിയ്യൂരില്‍ ഉദ്യോഗസ്ഥതലത്തില്‍ സമഗ്ര അഴിച്ചുപണി വേണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഫോണ്‍വിളി അന്വേഷിക്കാന്‍ ജയില്‍വകുപ്പിന് നിലവില്‍ സാങ്കേതിക സംവിധാനങ്ങളില്ലെന്നും പരിമിതികള്‍ ഉണ്ടെന്നും അതിനാല്‍ ഉന്നതതല അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ഇതില്‍ ഊന്നിയായിരിക്കും മുന്നോട്ടുനീങ്ങുക.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented