ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്:വ്യാജ ആപ്പില്‍ നിന്നും ലോണെടുത്ത് കെണിയിലായവരുടെ പരാതികള്‍ ഓരോ ദിവസവും വര്‍ധിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. പരാതികള്‍ ഏറിയതോടെ ഇത്തരം വായ്പാ സംഘങ്ങള്‍ക്കെതിരേ ഇന്റര്‍പോളിന്റെ സഹായത്താല്‍ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് കേരള പോലീസ്. ആപ്പ് ലോണുകാരുടെ കൈവിട്ട കളി കണ്ട് അന്തം വിട്ട് നില്ക്കുന്നു അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ളവര്‍. അത്യാവശ്യക്കാരെ ചൂഷണം ചെയ്ത് വലയില്‍ വീഴ്ത്തുമ്പോള്‍ മൊബൈല്‍ ആപ്പ് ലോണുകാര്‍ കാണിക്കുന്നത് നെറികേടിന്റെ അങ്ങേയറ്റമെന്ന് പറയുന്നു ഇരയാക്കപ്പെട്ടവര്‍.
വായ്പാ തിരിച്ചടവ് മുടങ്ങുമ്പോള്‍ സ്വന്തം അമ്മയുടെയും സഹോദരിയുടേയും ഫോട്ടോ പോലും ഫോണില്‍ നിന്ന് ചോര്‍ത്തിയെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നൂവെന്ന് പറയുന്നു ഇരയായവരില്‍ പലരും. ആപ്പ് ലോണുകാരുടെ മനുഷ്യത്വമില്ലാത്ത പ്രവൃത്തിയില്‍ നിസ്സഹായനായി പോയ വയനാട് സ്വദേശിയായ യുവാവ് മാതൃഭൂമി ഡോട്കോമിനോട് മനസ്സ് തുറക്കുന്നു. (പേരും, വയനാട്ടിലെ യഥാര്‍ഥ സ്ഥലവും സ്വകാര്യത പരിഗണിച്ച് വ്യക്തമാക്കുന്നില്ല)
സ്വകാര്യ ഫൈനാന്‍സ് സ്ഥാപനം നടത്തി ഓരോ ദിവസവും തള്ളി നീക്കുന്നതിനിടെയാണ് കോവിഡ് മൂലമുളള പ്രതിസന്ധി വയനാട് സ്വദേശിയുടെ മുന്നിലെത്തിയത്. വണ്ടിയുടെ അടവും മറ്റുമൊക്കെയായി ആകെ പെട്ടിരിക്കുന്ന അവസ്ഥ. അവിചാരിതമായി ഒരു സുഹൃത്താണ് മൊബൈല്‍ വായ്പാ ആപ്പിനെ ഇയാള്‍ക്ക് പരിചയപ്പെടുത്തിയത്. ആദ്യം മടിച്ചെങ്കിലും ഗതികേടുകൊണ്ട് വയലില്‍ വീണു. ആദ്യം ഡൗണ്‍ലോഡ് ചെയ്തത് ഗോ കാഷ് എന്ന ആപ്പ്.
സുഹൃത്ത് നല്കിയ ലിങ്കില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്നെ ഫോണിലെ കോണ്ടാക്ട്, ഫോട്ടോ എന്നിവയ്ക്കൊപ്പം ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍ എന്നിവയെല്ലാം ഇവര്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു. മറ്റ് ഈടോ പ്രശ്നങ്ങളോ ഒന്നുമില്ലാത്തതിനാല്‍ മൊബൈല്‍ ആപ്പ് വായ്പയിലേക്ക് വീഴുന്നത് ഏറെ പേര്. ഒരു ലക്ഷം രൂപ 196 ദിവസം കൊണ്ട് അടച്ചു തീര്‍ത്താല്‍ മതിയെന്നായിരുന്നു യുവാവിനുള്ള വാഗ്ദാനം. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഒരു ലക്ഷം രൂപയ്ക്ക് അപേക്ഷ കൊടുത്തു. പക്ഷെ അമ്പതിനായിരമേ തരാന്‍ പറ്റുള്ളൂവെന്ന് പറഞ്ഞ് ആദ്യ വഞ്ചന. അമ്പതിനായിരത്തിന് പ്രോസസിംഗ് ഫീസ് കഴിച്ച് അക്കൗണ്ടിലെത്തിയത് 30000 രൂപ.
ലോണ്‍ എടുത്ത് ഏഴാം ദിവസം പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ഹിന്ദിയില്‍ സംസാരിച്ചുകൊണ്ടുള്ള വിളിയെത്തി. ദിവസമായില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ പിന്നെ തെറിവിളിയായി. പണമില്ലെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പണം വായ്പ വാങ്ങി തിരിച്ചടക്കാനായി സമ്മര്‍ദ്ധം. അതിനുള്ള ലിങ്കും അവര്‍ തന്നെ അയച്ചുകൊടുത്തു. രക്ഷയില്ലാതെ അതും ചെയ്തു. ഡൗണ്‍ലോഡ് ചെയ്തത് ഉദ്ധാര്ലോണ് എന്ന ആപ്പ്. ചുരുക്കത്തില്‍ മുപ്പതിനായിരം രൂപയ്ക്ക് രണ്ട് ആപ്പില്‍ നിന്നുള്ള വായ്പാ കടത്തിലുമായി ഇയാള്‍.
തെറിവിളിയും ഫോണ്‍ വിളിയും മൈന്‍ഡ് ചെയ്യാതെ നിന്നെങ്കിലും ഫോണ്‍ ഹാക്ക് ചെയ്ത കോണ്ടാക്ട് നമ്പര്‍ ഉപയോഗിച്ച് അമ്മ, അച്ഛന്, ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവരെയൊക്കെ ചേര്‍ത്ത് അവര്‍ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന് പറയുന്നു ഈ യുവാവ്. അഡ്മിനായി നിന്നത് പണം തട്ടിപ്പ് ആപ്പിലെ ജീവനക്കാര്‍. ഇതിലേക്ക് തന്റെ ഫോട്ടോ വെച്ച് യുവാവ് കള്ളാനാണെന്നു പറഞ്ഞ് സന്ദേശം അയച്ചു തുടങ്ങി. പണം അടപ്പിക്കാന്‍ ഗ്രൂപ്പിലെ എല്ലാവരും തയ്യാറാവണമെന്നും അല്ലാത്ത പക്ഷം തങ്ങള്‍ കൈവശപ്പെടുത്തിയ ഗ്രൂപ്പ് അംഗങ്ങളുടെ അടക്കം ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നുമായി ഭീഷണി. ഒപ്പം സുഹൃത്തുക്കളെയും മറ്റ് ബന്ധുക്കളേയും ഫോണ്‍വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
രാത്രികാലങ്ങളില്‍ പോലും സഹോദരി, അമ്മ, ബന്ധുക്കള്‍ എന്നിവരുടെയെല്ലാം ഫോണിലേക്ക് ആപ്പുകാര്‍ വിളിച്ച് തെറി പറഞ്ഞ് കൊണ്ടിരിക്കും. അമ്മയോടും സഹോദരിയോടും പറയാന്‍ പാടില്ലാത്ത് പോലും പറയും. മലയാളികള്‍ അടക്കമുള്ളവരാണ് വിളിക്കുന്നത്. പലതും തിരിച്ച് വിളിക്കാന്‍ പറ്റാത്ത നമ്പറുകള്‍. പരാതി കൊടുത്തെങ്കിലും ലോക്കല്‍ പോലീസ് പോലും അപമാനിച്ചിറക്കി. ഗതികേടുകൊണ്ട് പെട്ടുപോയതാണെങ്കിലും ഇത് പോലും ആരും പരിഗണിച്ചില്ലെന്നും പറയുന്നു യുവാവ്.
വിവാഹം മുടങ്ങി;നാട്ടില്‍ ഇറങ്ങാന്‍ പറ്റാതായി
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ രണ്ടുപേരും നിര്‍ബന്ധം പിടിച്ച് നിന്നത് കൊണ്ടുമാത്രം ഇവരുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു ബന്ധുക്കള്‍. പക്ഷെ പെണ്‍കുട്ടിയുടെ ഫോണിലേക്കും അവരുടെ അച്ഛന്റേയും ബന്ധുക്കളുടേയുമെല്ലാം ഫോണിലേക്ക് യുവാവ് കള്ളനാണെന്നും ലോണെടുത്ത് പെട്ടിരിക്കുകയാണെന്നും പറഞ്ഞ് ആപ്പ് ലോണുകാരുടെ വിളിയെത്തി. സ്ഥിരമായി വിളിച്ച് തെറിപറഞ്ഞു, ഭീഷണിപ്പെടുത്തി. ഇതോടെ ഇവരുടെ വിവാഹവും മുടങ്ങി. പ്രശ്നം ഗുരുതരമായതോടെ ചില സുഹൃത്തുക്കള്‍ തന്ന പണം കൊണ്ട് ലോണ്‍ അടച്ച് തീര്‍ത്തെങ്കിലും ഒന്നു രണ്ട് മാസം കൊണ്ട് പല വട്ടം ആത്മഹത്യയിലേക്ക് വരെ ചിന്തിപ്പിച്ചുവെന്ന് വെളിപ്പെടുത്തുന്നു യുവാവ്.
നാട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനമൊക്കെ നടത്തി സജീവമായിരുന്നുവെങ്കിലും തന്നെ അറിയാവുന്നവരെയൊക്കെ ലോണുകാര്‍ ഫോണ്‍വിളിച്ച് ഇയാള്‍ കള്ളനാണെന്ന് പറഞ്ഞു.ഫോട്ടോ നാട്ടിലെമ്പാടും പ്രചരിപ്പിച്ചു. സൃഹത്തുക്കളെ വിളിച്ച് പറയുന്നത് നിങ്ങളുടെ പേര് പറഞ്ഞാണ് അയാള്‍ വായ്പയെടുത്തതെന്നും നിങ്ങളുടെ നമ്പറാണ് നല്കിയതെന്നുമൊക്കെയാണ്. ഇതോടെ സുഹൃത്തുക്കളും വിളിച്ച് വഴക്കിടാന്‍ തുടങ്ങി. വായ്പ തിരിച്ചടപ്പിക്കാനായി തന്നെ കൊണ്ട് നാലോ അഞ്ചോ ആപ്പുകള്‍ ഇവര്‍ ഡൗണ്‍ലോഡ് ചെയ്യിച്ചെന്നും പറയുന്നു യുവാവ്. ചുരുക്കി പറഞ്ഞാല്‍ 30,000 രൂപ കയ്യില്‍ കിട്ടിയതിന് രണ്ട് ലക്ഷം രൂപയോളം കടമാവുകയാണ് ചെയ്തത്. തന്നെ പോലെ നിരവധി ആളുകള്‍ ഇങ്ങനെ കുടുങ്ങിയിട്ടുണ്ടെന്നും സ്ത്രീകളടക്കമുള്ളവരെ വലിയ രീതിയിലാണ് ഇവര്‍ വലയിലാക്കി ഭീഷണിപ്പെടുത്തി വെച്ചിരിക്കുന്നതെന്നും ഇയാള്‍ പറയുന്നു. സൈബര്‍ സൈല്ലിലടക്കം പരാതി നല്‍കിയിണ്ടുണ്ട്. ഇതില്‍ എന്തെങ്കിലും പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇരയാക്കപ്പെട്ടവര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..