Image: NDTV
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ മൂന്ന് പേരെ തല്ലിക്കൊന്ന സംഭവത്തില്‍ നാട്ടുകാരായ 110 പേരെ കസ്റ്റഡിയിലെടുത്തതായി ജില്ലാ കളക്ടര്‍ കൈലാശ് ഷിന്‍ഡെ. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് പാല്‍ഘറിന് സമീപം ധാബാഡി-ഖന്‍വേല്‍ റോഡില്‍ ഗഢ്ച്ചിന്‍ചാലേ ഗ്രാമത്തില്‍ കാറിലെത്തിയ മൂന്ന് പേരെ നാട്ടുകാര്‍ തല്ലിക്കൊന്നത്. ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി സൂറത്തിലേക്ക് പോവുകയായിരുന്ന സുശീല്‍ ഗിരി മഹാരാജ്(35), നിതീഷ് തെല്‍ഗെണ(35) മഹാരാജ് കല്‍പവൃക്ഷഗിരി(70) എന്നിവരാണ് കൊല്ലപ്പെട്ടത്.
കുട്ടികളെ തട്ടിക്കൊണ്ടുപോയി അവയവങ്ങള്‍ എടുക്കുന്ന സംഘമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഏകദേശം ഇരുന്നൂറിലേറെ പേരാണ് കാര്‍ തടഞ്ഞുനിര്‍ത്തി കല്ലും വടിയും ഉപയോഗിച്ച് ഇവരെ ആക്രമിച്ചത്.
ഇതിനിടെ കാര്‍ ഓടിച്ചയാള്‍ ഫോണില്‍ വിളിച്ചതനുസരിച്ച് അര്‍ധരാത്രിയോടെ പോലീസ് സ്ഥലത്തെത്തി. എന്നാല്‍, രോഷാകുലരായ ഗ്രാമീണരെ പിന്തിരിപ്പിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. പോലീസിനുനേരെയും അവര്‍ കല്ലെറിഞ്ഞു. മര്‍ദനമേറ്റ മൂന്നുപേരെയും ഏറെനേരത്തെ ശ്രമത്തിനുശേഷം പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlights: mob lynching in palghar maharashtra; 110 people taken into custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..