മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു | ഫോട്ടോ: സി.സുനിൽകുമാർ|മാതൃഭൂമി
ചക്കരക്കല്ല്(കണ്ണൂര്‍): നാല് ദിവസംമുമ്പ് ചക്കരക്കല്ലില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊതുവാച്ചേരി കരുണന്‍ പീടികക്ക് സമീപത്തെ കനാലില്‍ നിന്നാണ് ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ മടക്കിക്കെട്ടിയ നിലയില്‍ കാട് നിറഞ്ഞ കനാലിന്റെ അടിഭാഗത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. ഓഗസ്റ്റ് 19-ന് കാണാതായ പ്രശാന്തിനിവാസില്‍ ഇ.പ്രജീഷിന്റെ (33) മൃതദേഹമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഴുകിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രജീഷിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെ പോലീസിന് ലഭിച്ച രഹസ്യവിവരമാണ് മൃതദേഹം കണ്ടെത്താനിടയാക്കിയത്. തിങ്കളാഴ്ച രാവിലെയാണ് ചക്കരക്കല്ല് പോലീസിന്റെ നേതൃത്വത്തില്‍ മണിക്കിയില്‍ അമ്പലത്തിനു സമീപം കരുണന്‍ പീടികയോട് ചേര്‍ന്നുള്ള കനാലില്‍ പരിശോധന നടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായതായും രണ്ട് പേര്‍ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.

പോലീസ് ഉദ്യോഗസ്ഥര്‍, വിരലടയാള വിദഗ്ദര്‍, ഫോറന്‍സിക് വിഭാഗം എന്നിവരുടെ സാന്നിധ്യത്തില്‍ അഗ്നിരക്ഷാസേന വിഭാഗമാണ് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം പുറത്തെടുത്തത്. ചക്കരക്കല്ല് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചക്കരക്കല്ല് പ്രശാന്തി നിവാസില്‍ ശങ്കരവാര്യര്‍, സുശീല ദമ്പതികളുടെ മകനാണ് പ്രജീഷ്. സഹോദരങ്ങള്‍: പ്രവീണ്‍, പ്രസാദ്.
കൊലപാതകത്തിന് കാരണം മോഷണക്കേസിലെ പ്രതികളെക്കുറിച്ച് വിവരം നല്‍കിയത്...
ചക്കരക്കല്ല്:പൊതുവാച്ചേരിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത് ചക്കരക്കല്‍ സ്വദേശി പ്രജീഷ് എന്നയാളുടെ മൃതദേഹമെന്ന് സ്ഥിരീകരണം. മരം മോഷണക്കേസില്‍ പോലീസിന് വിവരങ്ങള്‍ നല്‍കിയ ആളാണ് കൊല്ലപ്പെട്ട പ്രജീഷ്. പ്രതികളെ തിരിച്ചറിഞ്ഞതായും മോഷണകേസില്‍ പ്രതികളെ കുറിച്ച് വിവരം നല്‍കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായും കണ്ണൂര്‍ അസി.കമ്മീഷണര്‍ പി.പി. സദാനന്ദന്‍ പറഞ്ഞു.
മരം മോഷണവുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയ ആളാണ് പ്രജീഷ്. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് എത്തിയത്. നാല് ലക്ഷം രൂപയുടെ തേക്കുമരം മോഷ്ടിച്ചതിന് പ്രതികള്‍ ഓഗസ്റ്റ് ഒമ്പതാം തീയതി പിടിയിലായിരുന്നു.

Content Highlights: missing youth's dead body found from a canal in chakkarakkallu kannur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..