പ്രതീകാത്മക ചിത്രം | PTI & ANI
ഗാസിയാബാദ്: ഒരാഴ്ച മുമ്പ് കാണാതായ 19-കാരന്റെ മൃതദേഹം കാമുകിയുടെ വീട്ടിനുള്ളില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. ഗാസിയാബാദ് ഖരാജ്പുര്‍ സ്വദേശി മുര്‍സലീന്റെ മൃതദേഹമാണ് കാമുകിയുടെ കിടപ്പുമുറിയില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 18 വയസ്സുകാരിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പോലീസ് അറിയിച്ചു.
ഓഗസ്റ്റ് 11-നാണ് മുര്‍സലീനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. അന്നേദിവസം വീട്ടില്‍നിന്ന് പോയ യുവാവിനെക്കുറിച്ച് പിന്നീട് ഒരുവിവരവും ലഭിച്ചില്ല. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയിരിക്കുമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. പിന്നീട് ബന്ധുക്കള്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.എന്നാല്‍ ഓഗസ്റ്റ് 15-ാം തീയതി ഫോണില്‍ വിളിച്ചപ്പോള്‍ ഒരാള്‍ ഫോണ്‍ കോള്‍ സ്വീകരിക്കുകയും സംസാരിക്കുകയും ചെയ്തു. പ്രദേശത്തെ ഒരു കുല്‍ഫി വില്‍പ്പനക്കാരനായിരുന്നു ഫോണില്‍ സംസാരിച്ചത്. ഇയാളോട് നേരില്‍കാണണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പിറ്റേദിവസം തന്നെ കുല്‍ഫി വില്‍പ്പനക്കാരനെ കണ്ടെത്തി. എന്നാല്‍ ഒരു പെണ്‍കുട്ടിയാണ് തനിക്ക് സിംകാര്‍ഡ് നല്‍കിയതെന്നും മറ്റൊന്നും തനിക്കറിയില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി. 500 രൂപയുടെ നോട്ടിനുള്ളിലാക്കിയാണ് പെണ്‍കുട്ടി കുല്‍ഫി വില്‍പ്പനക്കാരന് സിംകാര്‍ഡ് നല്‍കിയത്. അബദ്ധത്തില്‍ സംഭവിച്ചതാകുമെന്ന് കരുതി ഇയാള്‍ ആരോടും ഒന്നും പറഞ്ഞതുമില്ല. പിന്നീട് ഓഗസ്റ്റ് 15-ന് ഈ സിംകാര്‍ഡ് സ്വന്തം ഫോണില്‍ ഉപയോഗിക്കുകയായിരുന്നു. ഈ സമയത്താണ് മുര്‍സലീന്റെ ബന്ധുക്കള്‍ ഇയാളെ വിളിച്ചത്.
സിംകാര്‍ഡ് വന്നവഴി മനസിലായതോടെ കുല്‍ഫി കച്ചവടക്കാരന്‍ പറഞ്ഞ പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നു പോലീസിന്റെ ശ്രമം. മുര്‍സലീന്റെ ഫോണ്‍കോള്‍ വിവരങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി. ഒടുവില്‍ പെണ്‍കുട്ടിയുടെ വീട് കണ്ടെത്തിയെങ്കിലും തനിക്കൊന്നും അറിയില്ലെന്നായിരുന്നു ഇവരുടെ മൊഴി. ഓഗസ്റ്റ് 11-ാം തീയതി രാവിലെ 11 മണിയോടെ മുര്‍സലീന്‍ തന്റെ വീട്ടില്‍നിന്ന് പോയെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. എന്നാല്‍ വീട്ടിനുള്ളില്‍ പരിശോധന നടത്തിയ പോലീസ് സംഘത്തിന് ചില സംശയങ്ങള്‍ തോന്നി. കിടപ്പുമുറിയുടെ ഒരുഭാഗത്ത് മണ്ണിളകി കിടക്കുന്നതാണ് സംശയത്തിന് കാരണമായത്. ഇതോടെ മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ തറ പൊളിച്ച് പരിശോധിക്കുകയും യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തുകയുമായിരുന്നു.
ഓഗസ്റ്റ് 11-ാം തീയതി രാവിലെ പത്ത് മണിയോടെ കാമുകിയാണ് മുര്‍സലീന്റെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് ഇതുവരെ പോലീസ് വ്യക്തമാക്കിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളൂവെന്നാണ് പോലീസിന്റെ പ്രതികരണം.
അതേസമയം, കാമുകിയെ വിവാഹം കഴിക്കാനായിരുന്നു മുര്‍സലീന്റെ ആഗ്രഹമെന്നും മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടെന്നും സഹോദരനായ വാജിദ് ആരോപിച്ചു. മുഖത്തും ശരീരത്തിന്റെ മറ്റുചിലഭാഗങ്ങളിലുമാണ് പൊള്ളലേറ്റ പാടുകളുള്ളത്. യുവാവിനെ കാണാതായത് മുതല്‍ പലസ്ഥലങ്ങളിലും തിരച്ചില്‍ നടത്തിയെന്നും സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയതാകുമെന്നാണ് തങ്ങള്‍ കരുതിയതെന്നും സഹോദരന്‍ പറഞ്ഞു.
Content Highlights: missing youth body found from his girl friend's bedroom in ghaziabad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..