പ്രതീകാത്മക ചിത്രം | ANI
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍നിന്ന് കാണാതായ ടെക്കി യുവതിയെ വിജയവാഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വിജയവാഡ ശിഖാമണി സെന്ററിലെ റോഡരികിലാണ് ഒരു സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് ഗുണ്ടൂരില്‍നിന്ന് കാണാതായ യുവതിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്.
ബെംഗളൂരുവിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ഗുണ്ടൂരിലെ വീട്ടില്‍ 'വര്‍ക്ക് ഫ്രം ഹോം' ആയി ജോലിചെയ്തുവരികയായിരുന്നു. ഞായറാഴ്ചയാണ് യുവതിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഞായറാഴ്ച വീട്ടില്‍നിന്ന് പുറത്തേക്ക് പോയ യുവതി പിറ്റേദിവസമായിട്ടും തിരികെയെത്തില്ല. ഇതോടെ മാതാപിതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവതിയെ വിജയവാഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
യുവതിയെ കാണാതായതിന് പിന്നാലെ ഇവരുടെ ചിത്രങ്ങള്‍ സമീപപ്രദേശങ്ങളിലെ പോലീസ് സ്‌റ്റേഷനുകളിലേക്കും കൈമാറിയിരുന്നു. ഈ ചിത്രങ്ങള്‍ കണ്ടാണ് മരിച്ചത് ഗുണ്ടൂരില്‍നിന്നുള്ള യുവതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ബന്ധുക്കളെ സന്ദര്‍ശിക്കാനായാണ് യുവതി വിജയവാഡയില്‍ എത്തിയതെന്നാണ് പോലീസിന്റെ സംശയം. അപകടമരണമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമികനിഗമനം. എന്നാല്‍ ശരീരത്തില്‍ മുറിവുകളോ മറ്റോ ഇല്ലാത്തതിനാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വിജയവാഡ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവും ഐ.ടി. ജീവനക്കാരനാണ്. ദമ്പതിമാര്‍ക്ക് ഒരു മകനുണ്ട്.
Content Highlights: missing techie woman found dead in vijayawada
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..