പ്രതീകാത്മക ചിത്രം
പൂച്ചാക്കൽ: വിവാഹദിവസം വരനെ കാണാതായതിനെത്തുടർന്ന് വിവാഹം മുടങ്ങിയ സംഭവത്തിലെ വരൻ, മോഷ്ടിച്ച ബൈക്കുമായി പിടിയിലായി. പൂച്ചാക്കൽ ചിറയിൽ ജെസിമിനെ(28)യാണ് ഇടുക്കി ജില്ലയിലെ രാജകുമാരിയിൽനിന്ന് പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാർച്ച് 21-നായിരുന്നു ജെസിമും വടുതല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ, വിവാഹദിവസം രാവിലെ വരനെ കാണാതാവുകയായിരുന്നു. തുടർന്ന് വിവാഹം മുടങ്ങി.
തന്നെയാരോ തട്ടിക്കൊണ്ടുപോയതാണെന്നു കാണിച്ചുള്ള ശബ്ദസന്ദേശം ജെസിം കൂട്ടുകാർക്ക് അയച്ചിരുന്നു. വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തിൽ പെൺകുട്ടിയുടെ മുത്തച്ഛൻ മരിക്കുകയും ചെയ്തു.
ജെസിമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൂച്ചാക്കൽ പോലീസ് കേസെടുത്തിരുന്നു. ഇയാൾ കണ്ണൂർ, തൃശ്ശൂർ, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂർ, തമിഴ്നാട്ടിലെ കമ്പം, മധുര, പൊള്ളാച്ചി, തൃച്ചി, കോയമ്പത്തൂർ, ഊട്ടി, കർണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചതായി പോലീസ് കണ്ടെത്തി. പിടിക്കാതിരിക്കാൻ നാലു തവണ ഫോണും സിംകാർഡും മാറ്റി.
വിവാഹത്തിനു താത്‌പര്യമില്ലാത്തതു കൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയി എന്ന ശബ്ദസന്ദേശമിട്ടത് പോലീസിനെ കബളിപ്പിക്കാനാണെന്നും ഇയാൾ മൊഴി നൽകി. തൃപ്പൂണിത്തുറ, കണ്ണൂർ, തിരുവല്ല എന്നിവിടങ്ങളിൽനിന്നു പ്രതി ബൈക്കുകൾ മോഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
എസ്.പി. ജയ്ദേവിന്റെ നിർദേശപ്രകാരം ചേർത്തല ഡിവൈ.എസ്.പി. വിനോദ് പിള്ളയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരുകയായിരുന്നു. അന്വേഷണ സംഘത്തിൽ പൂച്ചാക്കൽ ഇൻസ്പെക്ടർ അജി ജി. നാഥ്, എസ്.ഐ. സജീവ്, എ.എസ്.ഐ. വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ നിസാർ, സിവിൽ പോലീസ് ഓഫീസർമാരായ ആനന്തകൃഷ്ണൻ, അഖിൽ, അനുരാഗ്, ബിജോയ് എന്നിവർ ഉൾപ്പെട്ടിരുന്നു. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി.
Content Highlights: missing groom arrested after one month from idukki
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..