Image: twitter.com|MariaMa34519283
ലിസ്ബണ്‍: പോര്‍ച്ചുഗലിലെ പെനീഷെ നഗരത്തില്‍നിന്ന് കാണാതായ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരുടെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഒരു വയലില്‍നിന്നാണ് ഒമ്പത് വയസ്സുകാരിയായ വാലന്റിന ഫോന്‍സെകയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും രണ്ടാനമ്മയെയും പോലീസ് അറസ്റ്റ് ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മെയ് ഏഴിനാണ് ഒമ്പത് വയസ്സുകാരിയായ വാലന്റിനയെ കാണാതായെന്ന വാര്‍ത്ത പുറത്തുവന്നത്. തുടര്‍ന്ന് മെയ് എട്ടിന് രാവിലെ പിതാവ് ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് അറുനൂറിലേറെ സിവില്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥരാണ് കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിലില്‍ പങ്കാളികളായത്. മണിക്കൂറുകള്‍ നീണ്ട ഇവരുടെ തിരച്ചിലിലാണ് ചെടികളും ഇലകളും കൊണ്ട് ഒളിപ്പിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ ദിവസം തന്നെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ് പിതാവിനെയും രണ്ടാനമ്മയെയും അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. കുട്ടി അതിക്രമത്തിനിരയായെന്ന സംശയമുണ്ടെന്നും അതേസമയം എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യം അധികൃതര്‍ പുറത്തുവിട്ടിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നേരത്തെ അമ്മയോടൊപ്പം താമസിച്ചിരുന്ന വാലന്റിന ദിവസങ്ങള്‍ക്ക് മുമ്പാണ് പിതാവിന്റെയും രണ്ടാനമ്മയുടെയും വീട്ടില്‍ താമസിക്കാനെത്തിയത്.
Content Highlights: missing girl's dead body found in portugal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..