1) ഹാർഡ് ഡിസ്‌ക്കിനായി കായലിൽ നടക്കുന്ന തിരച്ചിൽ(ഫോട്ടോ: ബി.മുരളീകൃഷ്ണൻ|മാതൃഭൂമി) 2) അൻജന ഷാജൻ, 3) അൻസി കബീർ
കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ തെളിവായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനുള്ള കായലിലെ തിരച്ചില്‍ തത്കാലം അവസാനിച്ചു. ഇതോടെ കേസിലെ ദുരൂഹതയെ കുറിച്ചുള്ള അന്വേഷണവും അവസാനിക്കുമെന്നുറപ്പായി. അഗ്‌നിരക്ഷാ സേന, പോലീസ്, തീരരക്ഷാ സേന, തീരദേശ പോലീസ്, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ മൂന്നു ദിവസം കണ്ണങ്ങാട്ട് പാലത്തിനു താഴെ തിരച്ചില്‍ നടത്തിയെങ്കിലും ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായില്ല. ഡി.ജെ. പാര്‍ട്ടി നടന്ന ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കരുതുന്ന ഹാര്‍ഡ് ഡിസ്‌കാണിത്.
കേസില്‍ മോഡലുകള്‍ സഞ്ചരിച്ച വാഹനത്തെ കാറില്‍ പിന്തുടര്‍ന്ന സൈജു തങ്കച്ചനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അറിയിച്ച് നോട്ടീസ് നല്‍കിയെങ്കിലും ഇയാള്‍ എത്തിയില്ല. നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാറ്റ് ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഹാജരാകാന്‍ എത്തില്ലെന്ന് അറിയിച്ചു. നമ്പര്‍ 18 ഹോട്ടലിലെ ഡി.ജെ. പാര്‍ട്ടിക്ക് സുരക്ഷയൊരുക്കുന്ന ബൗണ്‍സര്‍മാരെ വ്യാഴാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്തു. നാലു പേരെയാണ് കളമശ്ശേരി മെട്രോ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ ഉപയോഗിച്ചുവെന്ന് പറയുന്ന ഇന്നോവ കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ വാഹനം സംഭവ ദിവസം എവിടെയെല്ലാം പോയിട്ടുണ്ടെന്നും പരിശോധിക്കും.
വിലപ്പെട്ട ഹാര്‍ഡ് ഡിസ്‌ക് നശിപ്പിക്കാന്‍ സാധ്യത കുറവ്
ഹോട്ടലില്‍ ഡി.ജെ. പാര്‍ട്ടി നടന്ന ദിവസം പ്രമുഖരടക്കം വന്നിട്ടുണ്ടെന്നാണ് വിവരം. ഈ ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലുണ്ട്. ഈ ദൃശ്യങ്ങളുടെ കോപ്പി സൂക്ഷിച്ചുവെക്കാനായാല്‍ പിന്നീട് ഇത് പ്രതികള്‍ക്ക് ബ്ലാക്മെയില്‍ രീതിയില്‍ ഉപയോഗിക്കാനാകും.
ഇത്തരം ഒന്ന് പ്രതികള്‍ നശിപ്പിക്കില്ലെന്നാണ് കരുതുന്നത്. ഡി.വി.ആറില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക് ഊരി മറ്റൊരു ഹാര്‍ഡ് ഡിസ്‌ക് പകരം വെക്കാന്‍ ബുദ്ധി പ്രയോഗിച്ച പ്രതികള്‍ ഇത് കായലില്‍ എറിയുമോ എന്നതാണ് സംശയങ്ങള്‍ക്ക് കാരണം.
ഫോര്‍ട്ട്കൊച്ചിയില്‍ത്തന്നെ ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ ഒരുപാട് സ്ഥലങ്ങളുള്ളപ്പോള്‍ ഇത് കണ്ണങ്ങാട്ട് പാലത്തില്‍ എത്തിച്ച് ഉപേക്ഷിച്ചുവെന്നതും വിശ്വസനീയമല്ല. ഇതിനാല്‍, ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞത് കള്ളക്കഥയാവാമെന്ന് പോലീസുദ്യോഗസ്ഥര്‍ പറഞ്ഞു. ഹാര്‍ഡ് ഡിസ്‌ക് മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയെന്ന കഥയിലെ പൊരുത്തക്കേടും ഇതോടൊപ്പം സംശയത്തിന്റെ നിഴലിലായിട്ടുണ്ട്.
നമ്പര്‍ 18 ഹോട്ടലിനെതിരേ എക്സൈസ് റിപ്പോര്‍ട്ട്
കൊച്ചി: മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലിനെതിരേ എക്സൈസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ഹോട്ടലില്‍ അബ്കാരി നിയമ ലംഘനം നടന്നതായാണ് റിപ്പോര്‍ട്ട്.
മോഡലുകളുടെ മരണം നടന്ന ഒക്ടോബര്‍ 31-ന് രാത്രി ഹോട്ടലില്‍ ഒന്‍പത് മണിക്കു ശേഷം മദ്യം വിളമ്പിയെന്നും ഇവിടെ ഡി.ജെ. പാര്‍ട്ടി നടന്നതായുമാണ് റിപ്പോര്‍ട്ട്. കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് കൈമാറിയത്. പോലീസില്‍നിന്നു കൂടി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റതിനെ തുടര്‍ന്ന് ഹോട്ടലിലെ ബാര്‍ ലൈസന്‍സ് നവംബര്‍ രണ്ടിന് എക്സൈസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒക്ടോബര്‍ 28-ന് എക്സൈസ് സംഘം ഹോട്ടലില്‍ നടത്തിയ റെയ്ഡിനു ശേഷമായിരുന്നു നടപടി. തുടര്‍ച്ചയായി ഹോട്ടലിനെ കുറിച്ച് എക്സൈസ് കമ്മിഷണര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
പ്രാഥമിക റിപ്പോര്‍ട്ടാണ് സി.ഐ. കൈമാറിയതെന്നും വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.കെ. അനില്‍കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ട് എക്സൈസ് കമ്മിഷണര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..