മരിച്ച അൻസി കബീർ, അൻജന ഷാജൻ, അറസ്റ്റിലായ അബ്ദുൾ റഹ്‌മാൻ
കൊച്ചി: മുന്‍ മിസ് കേരള വിജയികള്‍ അടക്കം മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാര്‍ ഓടിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാള സ്വദേശി അബ്ദുള്‍ റഹ്‌മാനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയതിനും മനഃപൂര്‍വമല്ലാത്ത നരഹത്യക്കുമാണ് കേസെടുത്തിരിക്കുന്നത്.
വൈദ്യ പരിശോധനയില്‍ അബ്ദുള്‍ റഹ്‌മാന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിലായിരുന്ന റഹ്‌മാന്‍ തിങ്കളാഴ്ച വൈകീട്ടാണ് ആശുപത്രി വിട്ടത്. നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒന്നിന് പാലാരിവട്ടത്തെ ഹോളി ഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വെച്ചായിരുന്നു അപകടം.
മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പും തൃശ്ശൂര്‍ സ്വദേശിയുമായ അന്‍ജന ഷാജന്‍ (24) എന്നിവര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശ്ശൂര്‍ സ്വദേശി കെ.എ. മുഹമ്മദ് ആഷിഖ് (25) ഞായറാഴ്ച രാത്രി മരിച്ചു. ആഷിഖിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
ആഷിഖിന് ഖത്തറില്‍ ജോലി ലഭിച്ചിരുന്നു. ഇതിന്റെ യാത്രയയപ്പിനോടനുബന്ധിച്ച് ഫോര്‍ട്ട്കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ ഒക്ടോബര്‍ 31-ന് രാത്രി ആഷിഖ്, റഹ്‌മാന്‍, അന്‍ജന, അന്‍സി എന്നിവര്‍ ഒത്തുകൂടി. പാര്‍ട്ടി കഴിഞ്ഞ് അന്‍ജനയുടെ തൃശ്ശൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കാര്‍ അമിത വേഗത്തിലായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.
ഹോട്ടല്‍ പൂട്ടിച്ചു
അപകടത്തില്‍പ്പെട്ടവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത നക്ഷത്ര ഹോട്ടല്‍ എക്‌സൈസ് പൂട്ടിച്ചു. ഒക്ടോബര്‍ 28-ന് രാത്രി വൈകിയും മദ്യം വിറ്റുവെന്നതാണ് കാരണം. ഒക്ടോബര്‍ 31-ന് വൈകീട്ടാണ് അപകടത്തില്‍ മരിച്ചവര്‍ ഹോട്ടലിലെത്തിയത്. അപകടവുമായി ബന്ധപ്പെട്ടല്ല ഹോട്ടല്‍ പൂട്ടിയതെന്നാണ് എക്‌സൈസിന്റെ വിശദീകരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..