1. അൻസി കബീർ 2. അൻജന ഷാജൻ 3. അപകടത്തിൽപ്പെട്ട കാർ
കൊച്ചി: മുന്‍ മിസ് കേരള വിജയികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ വീണ്ടും പരിശോധന. ഫോര്‍ട്ട് കൊച്ചിയിലെ 'നമ്പര്‍ 18' ഹോട്ടലില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഹോട്ടലിലെ സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക് പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഈ ഹാര്‍ഡ് ഡിസ്‌കില്‍നിന്ന് ഡിജെ പാര്‍ട്ടിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് കണ്ടെത്താനായില്ല. തുടര്‍ന്നാണ് ബുധനാഴ്ച വീണ്ടും പരിശോധന നടത്തിയത്.
മുന്‍ മിസ് കേരള വിജയികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാര്‍ അപകടത്തില്‍പ്പെട്ടതിന് തൊട്ടടുത്ത ദിവസം തന്നെ ഡി.ജെ. പാര്‍ട്ടി നടന്ന ഹാളിലെ ദൃശ്യങ്ങള്‍ മാറ്റിയെന്നാണ് പോലീസ് സംശയിക്കുന്നത്. ബുധനാഴ്ച നടത്തിയ പരിശോധനയിലും ഡി.ജെ. പാര്‍ട്ടി ദൃശ്യങ്ങള്‍ പോലീസിന് കണ്ടെടുക്കാനായിട്ടില്ല. എന്നാല്‍ മറ്റ് ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഹോട്ടല്‍ അധികൃതരെ പോലീസ് വിശദമായി ചോദ്യംചെയ്യും. ആരാണ് പാര്‍ട്ടി നടത്തിയത് എന്നതടക്കമുള്ള വിവരങ്ങള്‍ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലാണ് ഈ ഹോട്ടല്‍. ഒക്ടോബര്‍ 31-ന് രാത്രി ഇവിടെ നടന്ന പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അന്‍സി കബീര്‍, അന്‍ജന ഷാജന്‍, ആഷിഖ്, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മുന്‍ മിസ് കേരള വിജയികളായ അന്‍സി കബീറും അന്‍ജന ഷാജനും തല്‍ക്ഷണം മരിച്ചു. ചികിത്സയിലായിരുന്ന ആഷിഖും പിന്നീട് മരിച്ചു.
കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാള്‍ വാഹനമോടിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. അതിനിടെ, രാത്രി വൈകിയും മദ്യം വിറ്റെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 'നമ്പര്‍ 18' ഹോട്ടല്‍ എക്സൈസ് അധികൃതര്‍ പൂട്ടിക്കുകയും ചെയ്തു.
Content Highlights: miss kerala winners ansi kabeer anajana shajan accident death police raid for dj party cctv visuals


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..