Screengrab: Mathrubhumi News
കൊച്ചി: മുന്‍ മിസ് കേരള ജേതാക്കളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ 'നമ്പര്‍ 18' ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെ പോലീസ് ചോദ്യംചെയ്യുന്നു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആറുമായി ചോദ്യംചെയ്യലിന് ഹാജരാകാന്‍ പോലീസ് റോയിക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് റോയി പോലീസിന് മുന്നില്‍ ഹാജരായത്.
സി.ഐ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റോയിയെ ചോദ്യംചെയ്യുന്നത്. രാവിലെ 10 മണിയോടെയാണ് റോയി എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഹാജരായത്.
കഴിഞ്ഞ ദിവസം മുന്‍ മിസ് കേരള ജേതാക്കളുടെ വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ ചോദ്യംചെയ്തിരുന്നു. കൂടാതെ അപകടത്തിന് ശേഷം സൈജു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്‍ന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് കെ എല്‍ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡികാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്‍ന്നത്. അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലില്‍ നിന്ന് ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്നാണ് സൈജുവിനെ പോലീസ് വിശദമായി ചോദ്യംചെയ്തത്.
അപകടം നടന്ന ശേഷം പിന്തുടര്‍ന്ന ഔഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറിനിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയില്‍ എത്തി അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയതായും വിവരംലഭിച്ചിട്ടുണ്ട്.
അതേസമയം, ഡി ജെ പാര്‍ട്ടി നടന്ന ഹാളില്‍ വാക്കുതര്‍ക്കമുണ്ടായതായും വിവരമുണ്ട്. ഡിജെ പാര്‍ട്ടിയുടെ അരമണിക്കൂറോളമുള്ള സി സി ടി വി ദൃശ്യങ്ങള്‍ ടെക്നീഷ്യന്റെ സഹായത്തോടെ റോയി മാറ്റിയിരുന്നു.
എന്തിനാണ് ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ ദൃശ്യങ്ങള്‍ ഒളിപ്പിച്ചത്, എന്തിനാണ് കാറില്‍ അന്‍സി കബീറിനേയും സംഘത്തേയും പിന്തുടര്‍ന്നത് എന്നീ കാര്യങ്ങളാണ് അന്വേഷണത്തില്‍ പ്രധാനമായും കണ്ടെത്തേണ്ടത്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ചക്കരപ്പറമ്പ് വരെയുള്ള ഭാഗത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ മുതല്‍ അപകട സ്ഥലംവരെ ഔഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നതായുള്ള വിവരം ലഭിച്ചത്. ഏത് സാഹചര്യത്തിലാണ് ഹോട്ടലില്‍ നിന്ന് ഔഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നത് എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. ഹോട്ടലുടമ റോയിയെ ചോദ്യംചെയ്യുന്നതിലൂടെ ഇതില്‍ വ്യക്തത വരുത്താന്‍ സാധിച്ചേക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..