അൻജന ഷാജൻ, അൻസി കബീർ. Photo: Instagram|dr.anjana_shajan & Instagram|ansi_kabeer
കൊച്ചി: മോഡലുകളുടെ അപകടമരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സി കബീറിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിപുലമായ അന്വേഷണം ആവശ്യപ്പെട്ടാണ് അന്‍സി കബീറിന്റെ കുടുംബം പാലാരിവട്ടം പോലീസിന് പരാതി നല്‍കിയത്. നമ്പര്‍ 18 ഹോട്ടലുടമ റോയിയുടെ ഇടപെടലുകളില്‍ സംശയമുണ്ടെന്നും ഹോട്ടലിലെ ദൃശ്യങ്ങള്‍ റോയി നശിപ്പിച്ചെന്നാണ് പോലീസ് തങ്ങളെ അറിയിച്ചതെന്നും അന്‍സിയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അന്‍സിയുടെ കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്നത് എന്തിനെന്ന് അറിയണം. റോയിയെ നേരത്തെ അറിയില്ല. ഇയാളെക്കുറിച്ച് യാതൊരു ധാരണയുമില്ല. പോലീസിന്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ പുറത്തുവരാത്തത് എന്തുകൊണ്ടാണെന്നാണ് ചോദ്യം. ദൃശ്യങ്ങള്‍ നശിപ്പിച്ചിട്ടും റോയിക്കെതിരേ പോലീസ് നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അന്‍സിയുടെ ബന്ധുക്കള്‍ ചോദിച്ചു.
അതിനിടെ, അന്‍സി കബീറും അന്‍ജന ഷാജനും സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാന്‍ ബുധനാഴ്ച വൈകിട്ടോടെ ജാമ്യത്തിലിറങ്ങി. കേസില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരുന്നത്. ഇതില്‍ ജാമ്യം ലഭിച്ചതോടെയാണ് കാക്കനാട് ജയിലില്‍നിന്ന് അബ്ദുള്‍ റഹ്മാന്‍ പുറത്തിറങ്ങിയത്. ജയില്‍മോചിതനായ ഇയാളെ കൂട്ടിക്കൊണ്ടുപോകാന്‍ സുഹൃത്തുക്കളും കാക്കനാട് ജയിലില്‍ എത്തിയിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാതെ ഉടന്‍തന്നെ ഇവര്‍ കാറില്‍ മടങ്ങി.
അതേസമയം, നമ്പര്‍ 18 ഹോട്ടലിലെ മറ്റൊരു ഡി.വി.ആര്‍. പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. കഴിഞ്ഞദിവസം ഒരു ഡി.വി.ആര്‍. മാത്രമാണ് ഹോട്ടലുടമ ഹാജരാക്കിയത്. ഇതില്‍ ഡി.ജെ. പാര്‍ട്ടിയുടെ ദൃശ്യങ്ങളുണ്ടായിരുന്നില്ല. ബുധനാഴ്ച റോയി വയലാട്ടുമായി ഹോട്ടലില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഈ പരിശോധനയിലും ഡി.ജെ. പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍. കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. തെളിവ് നശിപ്പിച്ചതിന് റോയിക്കെതിരേ കേസെടുക്കാനും സാധ്യതയുണ്ട്.
Content Highlights: miss kerala winners accident death case ansi kabeer family filed police complaint


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..