സൈജു തങ്കച്ചൻ, അപകടത്തിൽ മരിച്ച അൻസി കബീർ, അൻജന ഷാജൻ | Photo: Mathrubhumi & Instagram|ansi_kabeer, Instagram|dr_anjana_shajan
കൊച്ചി: വൈറ്റില ബൈപ്പാസില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതി സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നത്. മൊബൈലിലെ ചാറ്റും ദൃശ്യങ്ങളുമെല്ലാം അടിസ്ഥാനമാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയാണ്. എന്നാല്‍ മാരാരിക്കുളത്ത് സംഘടിപ്പിക്കാനിരുന്ന പാര്‍ട്ടി സംബന്ധിച്ച ചാറ്റ് പോലീസിനുതന്നെ പാരയാകുകയാണ്.
2020 ജൂലായ് 27-ന് സൈജുവും മറ്റൊരാളുമായി നടത്തിയ ചാറ്റില്‍ മാരാരിക്കുളത്ത് റിസോര്‍ട്ടില്‍ നടന്ന ഡി.ജെ. പാര്‍ട്ടിയെക്കുറിച്ച് പറയുന്നുണ്ട്. 'പോലീസ്പ്രശ്നമുള്ള മേഖലയല്ലെന്നും പോലീസ് ഒക്കെ നമ്മുടെ ആളാണെന്നും പേടിക്കേണ്ടെന്നും' ആണ് ചാറ്റില്‍ പറയുന്നത്. പോലീസിന്റെകൂടി അറിവോടെയാണ് പാര്‍ട്ടി നടന്നതെന്നുള്ള സൂചന യുണ്ട് ഇതില്‍.
ഇവിടെ മുന്‍പും പോലീസിന്റെ അറിവോടുകൂടി പാര്‍ട്ടി നടത്തിയതിനാലാണ് ഇത്ര ആത്മവിശ്വാസത്തോടെ വീണ്ടും പാര്‍ട്ടിക്ക് ആളുകളെ ക്ഷണിക്കുന്നത്. പാര്‍ട്ടിയില്‍ ലഹരിമരുന്ന് ലഭിക്കുമോ എന്ന കാര്യവും സൈജുവിനോട് തിരക്കുന്നുണ്ട്. അതും നല്‍കാമെന്നാണ് സൈജു ചാറ്റ് ചെയ്യുന്നയാള്‍ക്ക് ഉറപ്പുനല്‍കുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ പാര്‍ട്ടിനടത്താന്‍ അനുമതിയില്ലാത്ത സമയത്താണ് ഡി.ജെ. പാര്‍ട്ടിക്ക് ഇവര്‍ പദ്ധതിയിടുന്നത്, അതും പോലീസിന്റെ അറിവോടെ.
സംഭവത്തില്‍ പോലീസിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കേണ്ടിവരുന്നതിനാല് വളരെ കരുതലോടെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവില്‍ ക്രൈംബ്രാഞ്ചിന്റെ മേല്‍നോട്ടത്തില്‍ അതത് പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് ചെയ്യുന്നത്. ഇങ്ങനെ മാരാരിക്കുളത്തും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍, അതേ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ആരോപണവിധേയരായി നില്ക്കുന്നതിനാല് ഇവരുടെ പങ്കിനെക്കുറിച്ച് അതേ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍തന്നെ കേസെടുത്ത് അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമോ എന്നാണ് കണ്ടറിയേണ്ടത്.
മൊഴികളില്‍ താരതമ്യപരിശോധന
കൊച്ചി: വൈറ്റില ബൈപ്പാസില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതികളുടെ മൊഴികളില്‍ താരതമ്യപരിശോധനയ്ക്കൊരുങ്ങി ജില്ലാ ക്രൈംബ്രാഞ്ച്. കേസിലെ പ്രതികളായ ഫോര്‍ട്ടുകൊച്ചി 'നമ്പര്‍ 18' ഹോട്ടലുടമ റോയി ജെ. വയലാട്ട്, സൈജു തങ്കച്ചന് എന്നിവരുടെ മൊഴികളാണ് താരതമ്യം ചെയ്യുക.
കഴിഞ്ഞദിവസം റോയിയെ ചോദ്യംചെയ്തിരുന്നു. സൈജുവിനെ കസ്റ്റഡിയിലെടുത്ത് ആറുദിവസവും ചോദ്യംചെയ്തിരുന്നു. ഇരുവരും പറഞ്ഞ മൊഴികളില്‍ വൈരുദ്ധ്യതയുണ്ടോ എന്ന് പരിശോധിക്കലാണ് ലക്ഷ്യം. കേസിലെ ഒന്നാം പ്രതിയായ അബ്ദുല്‍ റഹ്മാന്റെ മൊഴിയും ഇതോടൊപ്പം പരിശോധനയ്ക്ക് വിധേയമാക്കും.
സൈജുവിനെ അറിയാമെങ്കിലും ലഹരി ഇടപാട് സംബന്ധിച്ച വിവരങ്ങളൊന്നും അറിയില്ലെന്നാണ് റോയിയുടെ മൊഴി. ലഹരി പാര്‍ട്ടികള്‍ക്ക് വേണ്ടിയായിരുന്നു ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ സൈജു എത്തിയതെന്നാണ് കരുതുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..