പ്രതീകാത്മക ചിത്രം | മാതൃഭൂമി
അടിമാലി: ഇടുക്കിയില്‍ ബന്ധുവിന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് 14 വയസ്സുകാരി കുഞ്ഞിന് ജന്മം നല്‍കിയത്. ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് രാജക്കാട് പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. അമ്മ കോട്ടയത്താണ് ജോലിചെയ്തിരുന്നത്. അതിനാല്‍ നാട്ടിലെ ബന്ധുവീട്ടിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇവിടെവെച്ച് ബന്ധുവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം ബുധനാഴ്ച രാവിലെ വരെ ആരുമറിഞ്ഞിരുന്നില്ല. രാവിലെ വയറുവേദന അസഹ്യമായതോടെയാണ് പെണ്‍കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ ആശുപത്രി അധികൃതര്‍ രാജക്കാട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുക്കുമെന്നും പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..