മാതാപിതാക്കളുടെ ആത്മഹത്യാശ്രമം പോലീസ് തടഞ്ഞപ്പോൾ | Photo: Twitter.com|ANI
ഭുവനേശ്വർ: അഞ്ച് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് മാതാപിതാക്കളുടെ ആത്മഹത്യാശ്രമം. ഒഡീഷയിലെ നയാഘട്ട് ജില്ലയിൽനിന്നുള്ള ദമ്പതിമാരാണ് ചൊവ്വാഴ്ച ഭുവനേശ്വറിലെ നിയമസഭ മന്ദിരത്തിന് മുന്നിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ ശ്രമിച്ച ഇരുവരെയും പോലീസുകാർ തടയുകയായിരുന്നു. ഇവരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
ജൂലായ് 10-നാണ് ദമ്പതിമാരുടെ അഞ്ച് വയസ്സുള്ള മകളെ കാണാതായത്. വീടിന് മുന്നിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കുടുംബത്തിന്റെ പരാതി. പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷം വീടിന് പിറകുവശത്താണ് പെൺകുട്ടിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കണ്ണുകൾ ചൂഴ്ന്നെടുത്ത് വൃക്കകൾ പുറത്തെടുത്ത നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് കുട്ടിയുടെ പിതാവിന്റെ ആരോപണം.
പ്രതിയെന്ന് സംശയിക്കുന്നയാളുടെ പേര് സഹിതം ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ജില്ലയിൽനിന്നുള്ള മന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതിയെന്നും അതിനാലാണ് പോലീസ് നടപടി സ്വീകരിക്കാത്തതെന്നും പിതാവ് ആരോപിക്കുന്നു. ഇതിനിടെ, പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തെ അക്രമിച്ചതായും പിതാവ് ആരോപിച്ചു. ഒക്ടോബർ 26-നായിരുന്നു കുടുംബത്തിന് നേരേ ആക്രമണം നടന്നത്. ഈ കേസിൽ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും മകളെ കൊലപ്പെടുത്തിയാളെ വെറുതെവിട്ടെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ദമ്പതിമാരുടെ ആത്മഹത്യാശ്രമം വിവാദമായതോടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്പതിമാരുടെ പരാതിയും കേസുകളും പരിശോധിച്ചുവരികയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:minor girl murder in odisha parents attempts to suicide in front of assembly


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..