പന്തീരാങ്കാവ്: കാണാതായ കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടിയെയും ഒപ്പമുള്ള കണ്ണൂര്‍ സ്വദേശിയായ യുവാവിനെയും ചടയമംഗലത്തുനിന്നാണ് പോലീസ് കണ്ടെത്തിയത്. പരാതിലഭിച്ച് അഞ്ചരമണിക്കൂറിനകമാണ് ഇരുവരെയും കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ അനിയത്തിയെ സ്‌കൂളില്‍ കൊണ്ടുവിടാന്‍പോയ പതിനഞ്ചുകാരിയായ പെണ്‍കുട്ടി ഉച്ചയ്ക്ക് ഒരുമണിയായിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. വൈകീട്ട് നാലുമണിയോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങി. റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെയും തീവണ്ടിയില്‍ കയറുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഇവര്‍ കൊല്ലത്തേക്കാണ് പോയതെന്നു കണ്ടെത്തി. തുടര്‍ന്ന് പന്തീരാങ്കാവ് പോലീസ് കൊല്ലം പോലിസിന്റെയും ആര്‍.പി.എഫിന്റെയും സഹായംതേടി. ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ നമ്പറുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ നമ്പറിന്റെ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പെണ്‍കുട്ടിയെയും യുവാവിനെയും പിടികൂടിയത്. ചടയമംഗലം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ഇരുവരെയും തിങ്കളാഴ്ച രാത്രി ഒമ്പതരമണിയോടെ ചടയമംഗലം പോലിസ് കണ്ടെത്തിയത്.
ടെലഗ്രാമിലൂടെയാണ് പെണ്‍കുട്ടിയും യുവാവും പരിചയപ്പെട്ടത്. പന്തീരാങ്കാവ് പോലീസ് ഇന്‍സ്പെക്ടര്‍ ബൈജു കെ. ജോസ്, സബ് ഇന്‍സ്‌പെക്ടര്‍ സി.വി. ധനഞ്ജയദാസ് എന്നിവരുള്‍പ്പെടെ നാലംഗടീമാണ് കുട്ടിയെ കണ്ടെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..