
കൊല്ലപ്പെട്ട ശ്രീധർ, അറസ്റ്റിലായ ആഷിഷ് ബഹുയിയും ചഗല സുമലും
നെടുമ്പാശ്ശേരി: അതിഥി തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ കേസില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശി ശ്രീധര്‍ (24) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീധറിന്റെ ഒപ്പം താമസിക്കുന്ന ഒഡീഷ സ്വദേശികളായ ചഗല സുമല്‍ (26), ആഷിഷ് ബഹുയി (26) എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മൂവരും കാര്ട്ടന് കമ്പനിയിലെ തൊഴിലാളികളാണ്. ശ്രീധറിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൊതിഞ്ഞ് റെയില്‍വേ ട്രാക്കില്‍ കൊണ്ടുവന്നിടുകയായിരുന്നു. കഴിഞ്ഞ ദിവസം ജോലിക്കിടയില്‍ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. മറ്റു തൊഴിലാളികള്‍ ഇടപെട്ടാണ് അത് തീര്‍ത്തത്. ചൊവ്വാഴ്ച രാത്രി മദ്യപിച്ച ശേഷം ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. സംശയം തോന്നാതിരിക്കാന്‍ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കൊണ്ടുപോയി ഇട്ടു. തീവണ്ടി കയറിയിറങ്ങിയ മൃതദേഹം ഛിന്നഭിന്നമായി. രാത്രി പന്ത്രണ്ടോടെ ശ്രീധര്‍ ഫോണ്‍ ചെയ്ത് പുറത്തേക്കു പോകുന്നത് കണ്ടെന്നും പിന്നീട് തിരികെ വന്നില്ലെന്നുമാണ് പ്രതികള്‍ ആദ്യം പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം തെളിഞ്ഞത്. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ശ്രീധര്‍ തന്നെയാണ് ചഗല സുമലിനെയും ആഷിഷിനെയും ജോലിക്ക് കൊണ്ടുവന്നത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞു. ഇരുവരും രക്ഷപ്പെടും മുമ്പ് പോലീസ് എത്തി കൈയോടെ പിടികൂടി. തീവണ്ടി കയറി മരിച്ചതാണെന്ന് എല്ലാവരും കരുതിക്കൊള്ളുമെന്നായിരുന്നു പ്രതികളുടെ കണക്കുകൂട്ടല്‍. എന്നാല്‍, സംശയം തോന്നി പോലീസ് ശ്രീധറിന്റെ മുറിയിലെത്തി പരിശോധന നടത്തി. മുറിയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് ഒപ്പം താമസിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. എം.ആര്. മധു ബാബു,സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എം.ബൈജു, എസ്.ഐ.മാരായ വന്ദന കൃഷ്ണ, എ.കെ. ബഷീര്‍, എ.എസ്.ഐ. വി.എസ്. പ്രമോദ്, സി.പി.ഒ.മാരായ കെ.കെ. രാജേഷ്, എന്‍.ജി. ജിസ്മോന്, ദിലീപ് കുമാര്‍, എം.ആര്. മിഥുന് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വ്യാഴാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കും.
Content Highlights: migrant labour killed in nedumbassery two arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..