വിപിൻ
തൃശ്ശൂര്‍: വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി മടങ്ങിയ യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍. ബാങ്ക് വായ്പ കിട്ടാത്തതിനെത്തുടര്‍ന്നുള്ള മാനസികവിഷമത്താലാണ് ആത്മഹത്യയെന്നാണ് നിഗമനം. തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍നിന്ന് വായ്പ തേടിയിരുന്നു.
മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെനിന്നും വായ്പ കിട്ടിയില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെത്തുടര്‍ന്ന് വിവാഹത്തിന് സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തുകയായിരുന്നു. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയി.
എന്നാല്‍, വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കില്‍നിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കണ്ടത്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിയുണ്ടായിരുന്ന വിപിന് കോവിഡ്കാലത്ത് അത് നഷ്ടപ്പെട്ടതാണ്. മരപ്പണിക്കാരനായിരുന്ന അച്ഛന്‍ വാസു അഞ്ചുകൊല്ലംമുമ്പ് മരിച്ചു. കുറച്ചുനാള്‍മുമ്പ് നിശ്ചയിച്ച വിവാഹമായിരുന്നു വിപിന്റെ സഹോദരിയുടേത്. സാമ്പത്തികപ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു. അടുത്ത ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.
Content Highlights : Mental distress due to non availability of loan for sisters marriage; Man hanged himself
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..