പ്രതീകാത്മക ചിത്രം
ചണ്ഡീഗഢ്: ഹരിയാണയില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തശേഷം കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി. സോണിപത്ത് ജില്ലയിലെ കുണ്ട്‌ലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 14,16 വയസ്സുള്ള പെണ്‍കുട്ടികളെയാണ് നാലംഗസംഘം വീട്ടില്‍ കയറി കൂട്ടബലാത്സംഗം ചെയ്തത്. ഇതിനുശേഷം നിര്‍ബന്ധിച്ച് കീടനാശിനി കുടിപ്പിക്കുകയായിരുന്നു. കേസില്‍ പ്രതികളായ നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവര്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്നും പോലീസ് പറഞ്ഞു.
ഓഗസ്റ്റ് അഞ്ചാം തീയതി രാത്രിയിലാണ് ക്രൂരകൃത്യം നടന്നത്. പെണ്‍കുട്ടികളും അമ്മയും മാത്രമായിരുന്നു വീട്ടില്‍ താമസം. ഇതിനോട് ചേര്‍ന്ന വാടകമുറിയിലായിരുന്നു ഇതരസംസ്ഥാന തൊഴിലാളികളായ നാലുപേരും താമസിച്ചിരുന്നത്. രാത്രിയില്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ഇവര്‍ അമ്മയെ ഭീഷണിപ്പെടുത്തിയ ശേഷം സഹോദരിമാരെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
ബലാത്സംഗത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് കീടനാശിനി കുടിപ്പിച്ചു. പോലീസ് ചോദിച്ചാല്‍ പെണ്‍കുട്ടികളെ പാമ്പ് കടിച്ചതാണെന്ന് പറയണമെന്നും ഭീഷണിപ്പെടുത്തി. പിന്നാലെ ഒരു പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് രണ്ടുപേരെയും ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഒരാള്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് മരിച്ചിരുന്നു. രണ്ടാമത്തെ പെണ്‍കുട്ടി ചികിത്സയിലിരിക്കെയും മരിച്ചു.
പ്രതികളുടെ ഭീഷണി ഭയന്ന് മക്കളെ പാമ്പ് കടിച്ചതാണെന്നാണ് അമ്മ ആദ്യം ആശുപത്രിയിലും പോലീസിനോടും പറഞ്ഞത്. എന്നാല്‍ മരണത്തില്‍ സംശയമുണര്‍ന്നതോടെ പോലീസ് ഇവരോട് വിശദമായി കാര്യങ്ങള്‍ തിരക്കുകയായിരുന്നു. ഇതോടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് സംഭവിച്ചതെല്ലാം ഇവര്‍ വിശദീകരിച്ചത്. പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചുകയറി മക്കളെ ബലാത്സംഗം ചെയ്‌തെന്നും അവര്‍ ഉറക്കെ കരഞ്ഞപ്പോള്‍ നിര്‍ബന്ധിച്ച് കീടനാശിനി കുടിപ്പിച്ചെന്നും അമ്മ മൊഴിനല്‍കി. മക്കളെ രക്ഷിക്കാന്‍ തനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞു.
അമ്മയുടെ മൊഴി രേഖപ്പെടുത്തിയതോടെ പോലീസ് കേസില്‍ ഊര്‍ജിതമായ അന്വേഷണം നടത്തി. ചൊവ്വാഴ്ച തന്നെ നാലുപ്രതികളെയും പിടികൂടി. പ്രതികളെല്ലാം 22 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ളവരാണെന്നും ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായതായും ശരീരത്തില്‍ വിഷാംശമുള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Content Highlights: men rape two minor girls and kill them force feeding insecticide in haryana
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..