
വിവേകും ഉല്ലാസ് മാത്യുവും
പാലക്കാട്: ഷൂവിനകത്ത് ഒളിപ്പിച്ചുകടത്തിയ 7.27 ഗ്രാം എം.ഡി.എം.എ. (മെത്തിലിൻ ഡയോക്സി മെതാഫിറ്റാമിൻ) ലഹരിമരുന്നുമായി രണ്ടുപേരെ വാളയാറിൽ പിടികൂടിയ സംഭവത്തിന് അന്താരാഷ്ട്ര ലഹരിമരുന്നുസംഘവുമായി ബന്ധമെന്ന് സൂചന. പിടിയിലായവർ എക്സൈസ് സംഘത്തിന് നൽകിയ മൊഴിയിലാണ് ഈ സൂചനയുള്ളത്. ഇതേത്തുടർന്ന് വിശദമായ അന്വേഷണത്തിന് ഒരുക്കമായി. തൃപ്പൂണിത്തുറ താമരംകുളങ്ങര കെ. വിവേക് (25), കുന്നത്തുനാട് ഐക്കരനാട് സൗത്ത് വില്ലേജിൽ ഉല്ലാസ് മാത്യു (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം എക്സൈസ് സംഘവും പോലീസിന്റെ ജില്ലാതല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഷാജി എസ്. രാജന്റെ നേതൃത്വത്തിൽ പിടിയിലായവരെ ചോദ്യം ചെയ്തിരുന്നു. എൻജിനിയറിങ് ബിരുദധാരികളായ ഇരുവരും ബംഗളൂരുവിൽ ഒരേ സ്ഥാപനത്തിലെ ഐ.ടി. പ്രൊഫഷണലുകളാണ്. ബെംഗളൂരുവിൽനിന്ന് ആഫ്രിക്കൻ വംശജനായ ഒരാളാണ് എം.ഡി.എം.എ. ഇവർക്ക് നൽകിയതെന്ന് പിടിയിലായവർ അധികൃതരോട് പറഞ്ഞു. എറണാകുളത്തെ ഒരാൾക്കായാണ് ഇത് കൊണ്ടുവന്നതെന്നും ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഗ്രാമിന് അയ്യായിരം രൂപ നിരക്കിലാണ് വിദേശി ലഹരിമരുന്ന് നൽകിയത്. കൊച്ചിയിൽ ഇതിന് 14,000 രൂപയോളം വിലവരും.
രാസസംയുക്തങ്ങൾ ചേർത്തുണ്ടാക്കുന്ന സിന്തറ്റിക് ലഹരിവസ്തുവാണ് എം.ഡി.എം.എ. 24 മണിക്കൂറോളം ലഹരി നീണ്ടുനിൽക്കും. പാർട്ടികളിലും മറ്റും തളർച്ചയറിയാതെ നൃത്തം ചെയ്യാനും മറ്റും ഇത് ഉപയോഗിക്കുന്നവർക്കാവും. പുതുവത്സരപാർട്ടികൾക്കായി എറണാകുളം കേന്ദ്രീകരിച്ച് ശേഖരിക്കുന്നതാവാമെന്നും അധികൃതർ സംശയിക്കുന്നു. ഇന്ത്യയിൽ ബെംഗളൂരു കേന്ദ്രീകരിച്ചാണ് ഇതിന്റെ വിതരണം. ക്രിസ്റ്റൽ, പൊടി, ഗുളിക രൂപങ്ങളിൽ ഇത് ലഭിക്കും. എം. എന്ന ചുരുക്കപ്പേരിലാണ് ലഹരിസംഘങ്ങളിൽ ഇതറിയപ്പെടുന്നതെന്ന് എക്സൈസ് അധികൃതർ പറയുന്നു.
Content Highlights:mdma seized from it professionals in walayar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..