ദീപു, ശ്രീജിത്, ലീന
കൊല്ലം: കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗറിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ കേസില്‍ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. നാലുപേരുടെപേരില്‍ എക്‌സൈസ് കേസെടുത്തു. അപ്പാര്‍ട്ട്‌മെന്റിലെ മറ്റു ചില താമസക്കാര്‍ക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്.
ആശ്രാമം കാവടിപ്പുറം പുത്തന്‍കണ്ടത്തില്‍ ദീപു (26), തഴുത്തല പേരയം മണിവീണവീട്ടില്‍ ലീന (33), കിളികൊല്ലൂര്‍ കോതേത്ത് പ്രിയദര്‍ശിനി നഗറില്‍ ആഷിയാന അപ്പാര്‍ട്ട്‌മെന്റില്‍ ശ്രീജിത് (27), എന്നിവരാണ് അറസ്റ്റിലായത്.
ലീന നഗരത്തിലെ പ്രധാന മയക്കുമരുന്ന് ഏജന്റാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇവരെ കൂടാതെ ഫ്‌ളാറ്റില്‍നിന്ന് ചാടി രക്ഷപ്പെട്ട കൊല്ലം ആശ്രാമം സൂര്യമുക്ക് സ്വദേശി ദീപു(28)വിന്റെപേരിലും കേസെടുത്തു. ഇയാള്‍ കൊലപാതകക്കേസിലും ലഹരിമരുന്നുകടത്ത് കേസുകളിലും പ്രതിയാണ്.
ബുധനാഴ്ച വൈകീട്ട് ഫ്‌ളാറ്റില്‍നിന്ന് പാട്ടും നൃത്തവും അസഹ്യമായതോടെ സ്ഥലവാസികള്‍ എക്‌സൈസില്‍ പരാതിപ്പെടുകയായിരുന്നു. മൂന്നാംനിലയിലെ ഫ്‌ളാറ്റിലെത്തിയ എക്‌സൈസ് സംഘത്തെ ലഹരിയിലായിരുന്ന യുവാക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. തൊട്ടുപുറകെയെത്തിയ ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തില്‍ പതറിയ സംഘം മയക്കുമരുന്ന് ശൗചാലയത്തില്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. മയക്കുമരുന്നുമായി പിടിയിലാകുന്നത് ഒഴിവാക്കാനായി രണ്ടു യുവാക്കള്‍ പിന്‍വാതില്‍ വഴി ബാല്‍ക്കണിയില്‍നിന്ന് താഴേക്കു ചാടി. ഒരാളെ ഗുരുതര പരിക്കുകളോടെ എക്‌സൈസ് പിടികൂടി. മറ്റൊരാള്‍ രക്ഷപ്പെട്ടു. പരിക്കേറ്റ പുത്തന്‍കണ്ടത്തില്‍ ദീപു(26)വിന്റെ ദേഹപരിശോധനയില്‍ മാരക രാസ മയക്കുമരുന്നായ എം.ഡി.എം.എ. കണ്ടെടുത്തു. ഫ്‌ളാറ്റില്‍ നടത്തിയ തിരച്ചിലിലും യുവാക്കള്‍ ഉപയോഗിച്ച സ്‌കൂട്ടറില്‍നിന്നും കഞ്ചാവും മറ്റും കണ്ടെത്തി.
അസിസ്റ്റന്റ് കമ്മിഷണര്‍ റോബര്‍ട്ടിന്റെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയ കൊല്ലം ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി.ഐ. എസ്.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പ്രതികളെ പിടിച്ചത്. പ്രിവന്റീവ് ഓഫീസര്‍ മനോജ് ലാല്‍, സി.ഇ.ഒ.മാരായ ശ്രീനാഥ്, ജൂലിയന്‍ ക്രോസ്, അഭിലാഷ്, മിഥുന്‍ എന്നിവരും വനിതാ സി.ഇ.ഒ.മാരായ ബീന, നിഷമോള്‍ എന്നിവരുമുണ്ടായിരുന്നു.
എം.ഡി.എം.എ.യും കഞ്ചാവും കൈവശംെവച്ചതിന് ദീപുവിന്റെ പേരില്‍ നേരത്തേയും കേസുണ്ട്. ഇതില്‍ കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ബി.സുരേഷിന്റെ അന്വേഷണത്തില്‍ പ്രധാന പ്രതിയായ ചെന്നൈ സ്വദേശി ബ്ലെസന്‍ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഫ്‌ളാറ്റ് കേസ് പുറത്തുകൊണ്ടുവരാന്‍ സഹായിച്ചത്. പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ഒരു വര്‍ഷത്തിനിടയില്‍ മൂന്നുകോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..