എം.സി. ഖമറുദ്ദീൻ എം.എൽ.എ, ടി.കെ. പൂക്കോയ തങ്ങൾ | ഫോട്ടോ: മാതൃഭൂമി
കാസർകോട്: മുങ്ങുന്ന കപ്പലിലേക്കായിരുന്നു നിക്ഷേപവുമായി കയറിയതെന്ന കുറ്റബോധത്തിലാണ് ഫാഷൻ ജൂവലറി തട്ടിപ്പിനിരയായ നിക്ഷേപകർ. ജൂവലറികൾ പൂട്ടാൻ തുടങ്ങിയതിനുശേഷവും നിക്ഷേപ സമാഹരണം തകൃതിയായി നടന്നു. ഇതിനിടിയിലും ജൂവലറിയുടെ ഓരോ ഷോറൂമായി അടയ്ക്കുകയായിരുന്നു.
കച്ചവടം പൊളിഞ്ഞതിനാലാണ് നിക്ഷേപകരുടെ പണം തിരിച്ചുനൽകാൻ സാധിക്കാതെ വന്നതെന്ന ന്യായീകരണമാണ് ജൂവലറി മാനേജ്മെന്റ് പ്രതിനിധികളുടെ വാദം. എന്നാൽ കച്ചവടം പൊളിഞ്ഞ കാര്യം നിക്ഷേപകരിൽനിന്ന് മറച്ചത് എന്തിനാണ്? കമ്പനി നഷ്ടത്തിലാണെന്ന കാര്യം ഔദ്യോഗികമായി സർക്കാർ സംവിധാനങ്ങളെ അറിയിക്കാനോ, ലാഭ-നഷ്ട കണക്കെടുത്ത് ബാധ്യതകൾ തീർക്കാനോ ശ്രമിക്കാഞ്ഞത് എന്തുകൊണ്ടായിരിക്കും? കച്ചവടം നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയതിനുശേഷവും ജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ചത് എന്തിനാണ്? തുടങ്ങിയ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ഇനിയും ലഭിച്ചിട്ടില്ല.
ഒന്നല്ല നാല് കമ്പനികൾ...
നാല് കമ്പനികളാണ് എം.സി.ഖമറുദ്ദീൻ എം.എൽ.എ. ചെയർമാനായി രൂപവത്കരിച്ചത്. ചന്തേര മാണിയാട്ട് ആസ്ഥാനമാക്കി 2006-ൽ ഫാഷൻ ഗോൾഡ് ഇന്റർനാഷണലാണ് ആദ്യം രൂപവത്കരിച്ചത്.
പിന്നെ 2008-ൽ ഖമർ ഫാഷൻ ഗോൾഡ്, 2009- നുജൂം ഗോൾഡ്, 2012-ൽ ഫാഷൻ ഓർണമെന്റ്സ് എന്നീ സ്ഥാപനങ്ങൾകൂടി രജിസ്ട്രാർ ഓഫ് കമ്പനീസിൽ (ആർ.ഒ.സി.) രജിസ്റ്റർചെയ്തു. ഈ നാല് കമ്പനികളിലായി 749 പേരാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. ജൂവലറിയുടെ ചെറുവത്തൂർ ശാഖയിൽ 320, പയ്യന്നൂർ-187, കാസർകോട് -242 എന്നിങ്ങനെയാണ് നിക്ഷേപകരുടെ കണക്ക്. ഇവരിൽനിന്ന് ഏകദേശം 150 കോടിയോളം രൂപ മൂല്യമുള്ള സ്വർണവും പണവുമാണ് നിക്ഷേപമായി സ്വീകരിച്ചത്.
നിക്ഷേപകർക്ക് നൽകിയ രേഖകളിലും ഈ നാല് കമ്പനികളുടെ പേരാണ് പരാമർശിച്ചിരിക്കുന്നത്. ഈ നാലു കമ്പനിയും ഒന്നാണെന്നാണ് നിക്ഷേപകരോട് പറഞ്ഞത്. എന്നാൽ ഈ നാലും കൂടാതെ 'ഫാഷൻ ഗോൾഡ് മഹൽ പ്രൈവറ്റ് ലിമിറ്റഡ്' എന്ന ഒരു കമ്പനിയുടെ പേരിലും ചിലർക്ക് മുദ്രക്കടലാസ് നൽകി. ഏതാണ് ഈ കമ്പനി എന്നു ചോദിച്ചാൽ മറ്റു ചോദ്യങ്ങളെപ്പോലെത്തന്നെ ഉത്തരമില്ലാതെ അവശേഷിക്കുന്നു.
ഓരോവർഷവും കമ്പനിയുടെ വിറ്റുവരവ്, ലാഭം, ആസ്തി/ബാധ്യത കണക്ക്, ആദായനികുതി റിട്ടേൺ ഉൾപ്പെടെയുള്ള രേഖകൾ ആർ.ഒ.സി.ക്ക് സമർപ്പിക്കണമെന്നാണ് ചട്ടം.
എന്നാൽ 2017-നുശേഷം കമ്പനിയുമായി ബന്ധപ്പെട്ട ഒരു രേഖയും ആർ.ഒ.സി.ക്ക് സമർപ്പിച്ചിട്ടില്ല. ഓരോ വർഷവും നടക്കേണ്ട കമ്പനിയുടെ ജനറൽ ബോഡി യോഗവും 2017-നുശേഷം നടന്നിട്ടില്ല.
കമ്പനിനിയമ പ്രകാരം ഓരോ നിക്ഷേപം സ്വീകരിക്കുന്നതിനും മുമ്പ് അധികൃതരെ അറിയിക്കണമെന്നും നിയമമുണ്ട്. അതും ലംഘിക്കപ്പെട്ടു. നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഒരു കച്ചവടസ്ഥാപനം നഷ്ടത്തിലായാൽ നടത്തേണ്ട സ്വാഭാവിക നടപടിക്രമങ്ങൾ ഫാഷൻ ഗോൾഡ് മാനേജ്മെന്റ് സ്വീകരിച്ചിട്ടില്ലെന്നത് വ്യക്തമാണ്.
എവിടെപ്പോയി നിക്ഷേപം...?
ജൂവലറി നഷ്ടത്തിലോടുമ്പോഴും നിക്ഷേപമായി സ്വീകരിച്ചു കൊണ്ടിരുന്ന പലരുടെയും പണം എവിടെപ്പോയി എന്നത് ഗൗരവമായി അന്വേഷിക്കേണ്ടതാണ്. കാരണം ആർ.ഒ.സി.യുടെ വെബ്സൈറ്റ് പ്രകാരം കമ്പനിയുടെ പ്രവർത്തനമൂലധനം 9,41,86,000 ആണ്. എന്നാൽ നിക്ഷേപകരിൽനിന്ന് സ്വീകരിച്ചത് 150 കോടിയും. ബാക്കിയുള്ള 140 കോടി എവിടെപ്പോയി എന്ന കാര്യത്തിലാണ് വ്യക്തത വരേണ്ടത്.
നിക്ഷേപകരെ വഞ്ചിച്ച് മറ്റെവിടെയെങ്കിലും സ്വന്തം നിക്ഷേപമാക്കിയതാവാം എന്നാണ് നിക്ഷേപകരുടെ ഊഹം. ഇതുപോലെത്തന്നെ നഷ്ടത്തിലായി എന്നുപറയുന്ന ജൂവലറിക്ക് ബെംഗളൂരുവിൽ ഉൾപ്പെടെ സ്വത്തുണ്ടെന്ന് നിക്ഷേപകരോട് മാനേജ്മെന്റ് അറിയിച്ചിരുന്നു. ഈ സ്വത്തുക്കൾ എന്തുചെയ്തുവെന്ന കാര്യവും നിക്ഷേപകർക്ക് അറിയണം.
Content Highlights:mc khamarudheen mla kasargod fashion gold fraud case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..