പ്രതീകാത്മക ചിത്രം | ANI
ന്യൂഡല്‍ഹി: എം.ബി.എ. വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി നഗ്നവീഡിയോ ചിത്രീകരിച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പ്രതികളുടെ ഭീഷണിയില്‍ മനംനൊന്ത് വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. കേസില്‍ രണ്ടുപേര്‍ കൂടി പ്രതികളാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
രണ്ടുദിവസം മുമ്പാണ് ഡല്‍ഹിയിലെ എം.ബി.എ. വിദ്യാര്‍ഥി ഫിനെയില്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥിയെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെയാണ് തട്ടിക്കൊണ്ടുപോയ സംഭവവും നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയതും പുറത്തറിയുന്നത്.
2020 ഒക്ടോബര്‍ 23-നായിരുന്നു ഈ സംഭവം. പ്രതികളിലൊരാള്‍ വിദ്യാര്‍ഥിയുമായി നേരത്തെ അടുപ്പം സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് 2020 ഒക്ടോബര്‍ 23-ന് പ്രതികള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തിലെ മുറിയിലെത്തിച്ചു. ഇവിടെവെച്ച് വിദ്യാര്‍ഥിയെ തോക്കിന്മുനയില് നിര്‍ത്തി നഗ്നവീഡിയോ ചിത്രീകരിക്കുകയായിരുന്നു. കഞ്ചാവ്, ചരസ്, തോക്ക് എന്നിവ ഉള്‍പ്പെടുത്തിയും വിദ്യാര്‍ഥിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്നാണ് പ്രതികള്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കുടുംബം അഞ്ച് ലക്ഷം രൂപ പ്രതികള്‍ക്ക് കൈമാറി. എന്നാല്‍ ഇതിനുശേഷവും പ്രതികളുടെ ഭീഷണി തുടര്‍ന്നതായാണ് വിവരം.
അടുത്തിടെ പ്രതികള്‍ വിദ്യാര്‍ഥിയുടെ നഗ്നവീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. വിദ്യാര്‍ഥി താമസിക്കുന്ന കോളനിയിലുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണ് വീഡിയോ അയച്ചുനല്‍കിയത്. ബാക്കി പണം നല്‍കിയില്ലെങ്കില്‍ വിദ്യാര്‍ഥിയെ കൊല്ലുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഫെബ്രുവരി ഒന്നാം തീയതിയാണ് ഭീഷണിസന്ദേശം ലഭിച്ചത്. ഇതോടെ വിദ്യാര്‍ഥി പോലീസില്‍ പരാതി നല്കി. എന്നാല്‍ പോലീസ് കോണ്‍സ്റ്റബിളായ ധര്‍മപാല്‍ പരാതിയില്‍നിന്ന് പിന്തരിപ്പിക്കാന് ശ്രമിക്കുകയും വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
അതേസമയം, പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പിടിയിലായ പ്രതിയെ ചോദ്യംചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ കഴിഞ്ഞദിവസം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടിരുന്നു. നീതി ഉറപ്പാക്കുമെന്നും വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തിയ പോലീസുകാരനെതിരേ നടപടി സ്വീകരിക്കുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഇവര്‍ക്ക് ഉറപ്പുനല്‍കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: mba student tried to suicide after kidnapping and threatening
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..