പ്രതീകാത്മക ചിത്രം
വെല്ലിങ്ടണ്‍: ലോക്ക്ഡൗണിനിടെ ന്യൂസിലാന്‍ഡില്‍ വന്‍ മോഷണം. കാര്‍ റെന്റല്‍ കമ്പനിയുടെ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന 97 കാറുകള്‍ കള്ളന്മാര്‍ മോഷ്ടിച്ചു. ഏപ്രില്‍ അവസാന വാരം നടന്ന മോഷണത്തില്‍ ഇതുവരെ 29 പേരെ അറസ്റ്റ് ചെയ്തതായും 85 കാറുകള്‍ കണ്ടെടുത്തായും പോലീസ് പറഞ്ഞു.
ന്യൂസിലാന്‍ഡിലെ ജ്യൂസി കാര്‍ റെന്റല്‍ കമ്പനിയുടെ സൗത്ത് ഓക്ക്‌ലാന്‍ഡിലെ യാര്‍ഡില്‍നിന്നാണ് കാറുകള്‍ കൂട്ടത്തോടെ മോഷണം പോയത്. യാര്‍ഡിന്റെ വേലി പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ ഘട്ടംഘട്ടമായാണ് കാറുകള്‍ കടത്തിയത്. ലോക്ക്ഡൗണ്‍ കാരണം കമ്പനി അടച്ചിട്ടതിനാല്‍ മിക്ക കാറുകളുടെയും താക്കോല്‍ വാഹനത്തിലുള്ളില്‍ തന്നെയായിരുന്നു. കാറുകള്‍ ലോക്കും ചെയ്തിരുന്നില്ല. ഇത് മനസിലാക്കിയാണ് മോഷ്ടാക്കള്‍ നിഷ്പ്രയാസം കാറുകള്‍ കടത്തിയത്.
ക്യാമ്പര്‍ വാനുകളടക്കം നിരവധി വാഹനങ്ങളാണ് ജൂസിയുടെ ഉടമസ്ഥതയിലുള്ളത്. എന്നാല്‍ ക്യാമ്പര്‍ വാനുകള്‍ക്ക് പ്രത്യേക നിറവും ബ്രാന്‍ഡിങ്ങും ഉള്ളതിനാല്‍ മോഷ്ടക്കാള്‍ മറ്റു കാറുകളെയാണ് ഉന്നംവെച്ചത്. എസ്.യു.വിയായ ഹോള്‍ഡന്‍ കാപ്റ്റിവ, മസ്ദ 3 എസ്, സുസുക്കി സ്വിഫ്റ്റ് തുടങ്ങിയ കാറുകളാണ് മോഷണം പോയതില്‍ ഭൂരിഭാഗവും. യാര്‍ഡില്‍നിന്ന് കടത്തിയ വാഹനങ്ങള്‍ വിജനമായ ഉള്‍പ്രദേശങ്ങളില്‍ ഉപേക്ഷിച്ചനിലയിലാണ് പോലീസ് കണ്ടെത്തിയത്. ചില വാഹനങ്ങളാകട്ടെ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍വെച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ വിവരമറിയിച്ചതനുസരിച്ച് ഇവയും പോലീസ് കണ്ടെടുത്തു.
കമ്പനിയുടെ പേരും പ്രത്യേക നിറവുമുള്ള കാറുകള്‍ എവിടെയായാലും ആര്‍ക്കും തിരിച്ചറിയാനാകും. ഇത്തരത്തിലുള്ള ഒരു വാഹനം ദുരൂഹമായ സാഹചര്യത്തില്‍ ഒരിടത്ത് കണ്ടത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോഷണവിവരം കമ്പനി അധികൃതര്‍ പോലും അറിഞ്ഞത്.
സിസിടിവി ദൃശ്യങ്ങള്‍ക്കൊപ്പം ജനങ്ങളുടെ സഹകരണം കൂടിയുള്ളതാണ് കാറുകള്‍ കണ്ടെത്താന്‍ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു. ബാക്കി കാറുകള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നും മതിയായ സുരക്ഷയില്ലാതെ വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന്റെ ഫലമാണിതെന്നുമായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
Content Highlights: massive car heist in a car rental company in new zealand


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..