രക്ഷകയായ മാലാഖയില്‍ നിന്ന് രക്തരക്ഷസിലേക്ക്; സിനിമയെ വെല്ലുന്ന മേരി തോംപ്‌സന്റെ ജീവിതം


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)



Premium

Mary Louise Thompson| Photo: Public Domain

കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ ഒരു സിനിമാകഥയെ വെല്ലുന്നതാണ് ഗാങ് മാം എന്നറിയപ്പെടുന്ന മേരി തോംപ്സന്റെ കഥ. മറ്റുള്ളവരുടെ വികാരവിചാരങ്ങളെ സ്വാധീനിച്ച് തന്റെ നിയന്ത്രണത്തിലാക്കുന്ന കൗശലക്കാരിയായ ഒരു സത്രീ. ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതി മുഖംമൂടിയണിഞ്ഞ് ജീവിച്ച മേരി തോംപ്‌സന് കാലിടറി വീണതെങ്ങനെ....

1990 കളിലെ അമേരിക്കയിലെ ഒറിഗണ്‍ സ്റ്റേറ്റിലെ യൂജീന്‍ നഗരം. അപകടകാരികളായ ഗാങ്ങുകളും മയക്കുമരുന്നിന്റെ കച്ചവടവും വ്യാപകമായ ഉപയോഗവും അമേരിക്കയിലെ പല നഗരങ്ങളിലും അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്ന കാലഘട്ടം കൂടിയായിരുന്നു അത്. എന്നാല്‍ അതില്‍ നിന്നെല്ലാം വിഭിന്നമായിരുന്നു യൂജീന്‍. വളരെ ശാന്തമായ, ജനങ്ങള്‍ തമ്മില്‍ ഊഷ്മളമായ സൗഹൃദം പുലര്‍ത്തിയിരുന്ന കുറ്റകൃത്യങ്ങൾ താരതമ്യേന കുറവുള്ള ഒരു പ്രദേശം. അവിടേയ്ക്കാണ് മേരി ലൂയിസ് തോംപ്സണ്‍ എന്ന മധ്യവയസ്‌കയായ സ്ത്രീയുടെ രംഗപ്രവേശം. യൂജീന്‍ നഗരത്തിലെ യുവതലമുറയുടെ ഭാവിയെക്കുറിച്ച് അവര്‍ കടുത്ത ആശങ്ക പങ്കുവച്ചു. അവിടുത്തെ കൗമരക്കാരുടെയും യുവാക്കളുടെയും ശാന്തമായ പ്രകൃതം മുഖംമൂടിയാണെന്നും നഗരത്തിലെ പല അപകടകരമായ ഗാങ്ങുകളിലും കുട്ടികള്‍ അംഗങ്ങളാണെന്ന് മേരി തോംപ്സണ്‍ കമ്മ്യൂണിറ്റിയിലെ മറ്റ് അംഗങ്ങളോട് പറഞ്ഞപ്പോള്‍ സംശയത്തോടെയാണ് അവരതിനെ സ്വീകരിച്ചത്. മയക്കുമരുന്നും ആയുധവുമെല്ലാം മറ്റു നഗരങ്ങളിലെ ഗാങ്ങുകളും യൂജിന്‍ സിറ്റിയിലേക്ക് ഒഴുക്കി തുടങ്ങിയെന്നും നമ്മുടെ കുട്ടികളെ അതില്‍ നിന്നെല്ലാം സംരക്ഷിക്കുന്നതിന് മാതാപിതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ഒന്നിച്ചു നില്‍ക്കണമെന്നും മേരി തോംപ്സണ്‍ ആഹ്വാനം ചെയ്തു. തന്റെ ഏക മകനായ ബോ ഫ്‌ലിന്‍ തോംപ്‌സണ്‍ സാമൂഹ്യവിരുദ്ധരുടെ സ്വാധീനത്തില്‍ ആയിരുന്നുവെന്നും അവനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിന് ശേഷമാണ് തന്റെ പോരാട്ടം ആരംഭിച്ചതുമെന്നായിരുന്നു മേരി തോംപ്സൻ പറഞ്ഞിരുന്നത്. തന്റെ ജീവന്‍ ബലിനല്‍കേണ്ടി വന്നാലും സാരമില്ല ഗാങ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളിയായി താനുണ്ടാകുമെന്ന് മേരി തോംപ്സണ്‍ പ്രഖ്യാപിച്ചു.

Also Read
Premium

ഏറ്റവും സന്തോഷവാനായി ജോ അറിഡി മരണത്തിലേക്കു ...

നന്നായി സംസാരിക്കാന്‍ കഴിയുന്ന ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു മേരി തോംപ്സണിന്റേത്. നഗരത്തിലെ കൗമാരക്കാരുടെ മാതാപിതാക്കളോട് വരാനിക്കുന്ന അപകടത്തെക്കുറിച്ച് എല്ലായ്പ്പോഴും അവര്‍ ഓര്‍മപ്പെടുത്തികൊണ്ടേയിരുന്നു. ആദ്യം അവരതിനെ സംശയത്തോടെയാണ് നോക്കികണ്ടതെങ്കിലും കമ്മ്യൂണിറ്റിയിലെ ചിലരുടെ മനസ്സിലെങ്കിലും കടുത്ത ആശങ്ക മൊട്ടിട്ടു. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ സംശയത്തോടെ വീക്ഷിക്കാന്‍ തുടങ്ങിയതും അതിന് ശേഷമാണ്. അതേ സമയം മേരി തോംപ്സണ്‍റെ വീട് എല്ലായ്പ്പോഴും കുട്ടികള്‍ക്കായി തുറന്നിട്ടു. മാനസികോല്ലാസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കി നല്ല ആഹാരം വിളമ്പി അവര്‍ കുട്ടികള്‍ക്ക് പ്രിയങ്കരിയായി. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളെ കൗണ്‍സിലിങ് നല്‍കി നേര്‍വഴിക്കുകൊണ്ടുവരിക എന്ന ദൗത്യമാണ് പ്രധാനമായും അവര്‍ ഏറ്റെടുത്തത്. ഭര്‍ത്താവും കൗമാരപ്രായമെത്തിയ മകന്‍ ബോയും എല്ലാ പിന്തുണയുമായി അവര്‍ക്കൊപ്പമുണ്ടായിരുന്നു.

ഗാങ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൗമാരപ്രായക്കാരായ കുട്ടികളുടെ ഒരു സംഘം രൂപീകരിക്കുകയായിരുന്നു മേരി തോംപ്സണ്‍ അടുത്ത ഘട്ടത്തില്‍ ചെയ്തത്. സമപ്രായക്കാര്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അത് കണ്ടെത്താന്‍ കുട്ടികള്‍ക്ക് അത് എളുപ്പം സാധിക്കും. അവരിലൂടെ തന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നതായിരുന്നു മേരി തോംപ്സണിന്റെ ലക്ഷ്യം. കൂടാതെ പോലീസിലെയും രാഷ്ട്രീയപ്രവര്‍ത്തകരിലെയും പ്രമുഖരെ നേരില്‍ കണ്ട് തന്റെ ആശങ്കകളും കെണ്ടെത്തലുകളുമെല്ലാം മേരി തോംപ്സണ്‍ പങ്കുവച്ചു.

ആരോണ്‍ അറ്റിയൂറ എന്ന പതിനാറുകാരനോടായിരുന്നു തന്റെ സഹായികളില്‍ മേരി തോംപ്സണ് ഏറ്റവും പ്രിയം. നന്നായി സംസാരിക്കുന്ന ഉന്മേഷവാനായ പ്രകൃതമായിരുന്നു ആരോണ്‍ ഗാങ് വിരുദ്ധ കാമ്പയിനുകളെക്കുറിച്ച് സെമിനാറുകളില്‍ ബോധവല്‍ക്കരണം നടത്താനുള്ള ദൗത്യം ആരോണിനെ മേരി തോംപ്സണ്‍ ഏല്‍പ്പിച്ചു. ആരോണിനെ സംബന്ധിച്ച് അത് വലിയ അംഗീകാരമായിരുന്നു. അമ്മ ജാനിസിനൊപ്പമാണ് ആരോണ്‍ ജീവിച്ചിരുന്നത്. കുട്ടിക്കാലത്ത് അച്ഛനാല്‍ ഉപേക്ഷിക്കപ്പെട്ടതിനാല്‍ അമ്മയായിരുന്നു ആരോണിന് എല്ലാം. ജാനിസിന്റെ അഞ്ചു മക്കളില്‍ ഏറ്റവും മൂത്തമകന്‍ കുട്ടി. കുടുംബം പുലര്‍ത്താന്‍ ജാനിസ് രാപകലില്ലാതെ അധ്വാനിക്കുമ്പോള്‍ തന്റെ സഹോദരങ്ങളെയെല്ലാം ആരോണ്‍ ആത്മാര്‍ഥതയോടെ പരിപാലിച്ചു. അമ്മയുടെ കഷ്ടപ്പാടുകള്‍ക്ക് സാക്ഷിയായി ഉത്തരവാദിത്തബോധത്തോടെ വളര്‍ന്ന ഒരു കുട്ടിയായതുകൊണ്ടായിരിക്കണം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ആരോണ്‍ വെറുത്തു. സുഹൃത്തുക്കളെയും സഹപാഠികളെയും തെറ്റിലേക്ക് പോകുന്നുവെന്ന് തോന്നിയാല്‍ അതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കാന്‍ ആരോണ്‍ അവരെ നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. ആരോണിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ സംതൃപ്തയാണെന്നും അവനെ എല്ലാവരും മാതൃകയാണെന്നും മേരി തോംപ്സണ്‍ മറ്റുകുട്ടികളോട് പറഞ്ഞുകൊണ്ടേയിരുന്നു. അതേ സമയം ഗാങ്ങുകള്‍ നഗരത്തില്‍ പിടിമുറുക്കുന്നതിനെ കുറിച്ച് മേരി തോംപസ്ണ്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവരും മുഖവിലയ്ക്കെടുത്തിരുന്നില്ല. അവര്‍ കാര്യങ്ങളെ ഊതിപ്പെരുപ്പിക്കുകയാണെന്നാണ് ഏതാനും പോലീസ് ഉദ്യോഗസ്ഥര്‍ അക്കാലത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. തുടര്‍ന്ന് ഗാങ് മോം, എന്ന് പേര് നല്‍കി മേരി തോംപ്‌സണെ പരിഹസിക്കാന്‍ ആരംഭിച്ചു.

മേരി തോംപ്സണ്‍റെ ഭയം സത്യമാകുന്നു?

1994 ഒക്ടോബര്‍ 3-നാണ് യൂജീന്‍ നഗരത്തെ ഭയത്തിലാഴ്ത്തിയ ആ സംഭവം അരങ്ങേറുന്നത്. രാവിലെ ആറുമണിയോടെ പോലീസിന്റെ എമര്‍ജന്‍സി സര്‍വീസിലേക്ക് ഒരു സ്ത്രീയുടെ ഫോണ്‍കോള്‍ തേടിയെത്തുന്നു. അലറിവിളിച്ച് കരഞ്ഞുകൊണ്ട് അത്യധികം ഭയത്തോടെയാണ് അവര്‍ സംസാരിക്കുന്നത്. ജാനിസ് എന്നാണ് പേരെന്ന് പറഞ്ഞ പരിചയപ്പെടുത്തിയ അവര്‍ തന്റെ പതിനെട്ടുവയസ്സുള്ള മകന്‍ ആരോണ്‍ അറ്റിയൂറ കിടപ്പുമുറിയില്‍ തലയില്‍ നിന്ന് രക്തമൊഴുകുന്ന അവസ്ഥയില്‍ ബോധരഹിതനായി കിടക്കുന്നുവെന്ന് പോലീസിനെ അറിയിക്കുന്നു. തലേ ദിവസം രാത്രി കാമുകിയ്‌ക്കൊപ്പമാണ് ആരോണ്‍ ഉറങ്ങാന്‍ പോയത്. രാവിലെ ഒന്നരയോടു കൂടി ആരോണിന്റെ കാമുകിയുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ടാണ് ജാനിസ് ഞെട്ടിയുണര്‍ന്നത്. ആരോണിന്റെ മുറിയിലെത്തിയ ജാനിസ് കണ്ടത് ഭീകരമായ ആ കാഴ്ചയായിരുന്നു. പരാമെഡിക്കല്‍ സര്‍വീസ് എത്തുമ്പോള്‍ ആരോണ്‍ ശ്വസിക്കുന്നുണ്ടായിരുന്നു. തലയില്‍ വെടിയുണ്ട ഏറ്റതായിരുന്നു പരിക്കിന് കാരണം. ഉടനെ തന്നെ അയാളെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും വൈകാതെ മസ്തിഷ്‌കം പ്രവര്‍ത്തന രഹിതമായി ആരോണ്‍ മരണത്തിന് കീഴടങ്ങി.

ആരോണ്‍ അറ്റിയൂറ

38 കാലിബര്‍ തോക്ക് ഉപയോഗിച്ചായിരുന്നു ആരോണിനെ വധിച്ചത് എന്ന് പോലീസ് കണ്ടെത്തി. വീടിനകത്തേക്ക് ആരും അതിക്രമിച്ച് കയറിയതിന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. മാത്രവുമല്ല വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള ഒന്നും മോഷണം പോയിട്ടുമില്ല. ആരോണിന് മാത്രം വെടിയേറ്റത് അദ്ദേഹത്തോട് ആര്‍ക്കോ ഉള്ള കടുത്ത പകയുടെ ഫലമാണെന്ന നിഗമനത്തിലാണ് പോലീസെത്തിയത്. എന്നാല്‍ ആരോണിന് ശത്രുക്കളില്ലെന്നാണ് ജാനിസ് പോലീസിനോട് പറഞ്ഞത്. അതേ സമയം ആരോണ്‍ വീട്ടിലുണ്ടോ എന്ന് ചോദിച്ച് ഒരു അജ്ഞാത സ്ത്രീ അന്ന് രാത്രി വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും അതെ എന്ന് ഉത്തരം ലഭിച്ചതിന് ശേഷം ഉടന്‍ മറുതലയ്ക്കല്‍ ഫോണ്‍ കട്ട് ചെയ്തുപോയെന്നുമാണ് കാമുകി പോലീസിന് മൊഴി നല്‍കിയത്. മുഖം മൂടി ധരിച്ച രണ്ട് പുരുഷന്‍മാരാണ് കൊലയാളികളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗാങ്ങ് വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് അന്വേഷണം നീളുമ്പോള്‍

ഗാങ്ങ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോണിന് ശത്രുക്കളെ നേടിക്കൊടുത്തുവെന്ന നിഗമനത്തിലാണ് പിന്നീട് പോലീസ് അന്വേഷണം തുടര്‍ന്നത്. കൊലപാതകികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മേരി തോംപ്‌സണ്‍ നിരന്തരം പോലീസിനെ സമീപിച്ചുകൊണ്ടേയിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ പലരും മുഖവിലയ്‌ക്കെടുത്തില്ലെന്നും അതിനുള്ള പ്രത്യാഘാതമാണ് ആരോണിന്റെ മരണമെന്നുമാണ് മേരി തോംപ്‌സണ്‍ കമ്മ്യൂണിറ്റി അംഗങ്ങളോട് പറഞ്ഞത്.

പോലീസ് മേരിം തോംപ്സണിന്റെ മൊഴിയെടുക്കുന്നു

അന്വേഷണം പുരോഗമിക്കവെ മേരി തോംപ്‌സണെ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരില്‍ കണ്ട് സംസാരിക്കുന്നു. ആരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എല്ലാ പിന്തുണയും തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് മേരി തോംപ്‌സണ്‍ പോലീസിന് വാഗ്ദാനം നല്‍കി. ആര്‍ക്കാണ് ആരോണിനോട് ശത്രുത? എന്തുകൊണ്ടായിരിക്കാം അവനെ വകവരുത്തിയത്? തുടങ്ങിയ കാര്യങ്ങളാണ് പോലീസ് ചോദിച്ചത്. ആരാണ് ആരോണിനെ വകവരുത്തിയത് എന്ന് തനിക്ക് അറിയാം. പക്ഷേ താന്‍ പറയുന്ന കാര്യങ്ങള്‍ അതിഗൗരവത്തോടെ കാണണമെന്നാണ് മേരി തോംപ്‌സണ്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് അവര്‍ പറഞ്ഞ കാര്യങ്ങള്‍ പോലീസിനെ മാത്രമല്ല യൂജീന്‍ കമ്മ്യൂണിറ്റിയെ മുഴുവന്‍ ആശയകുഴപ്പിലാക്കുന്നു. ആരോണിന് ഒരു മോശം ഭൂതകാലമുണ്ടായിരുന്നു. അക്രമകാരികളായ ഗാങുകളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. നഗരത്തില്‍ ഗാങ് വിരുദ്ധ കാമ്പയിനുകള്‍ താന്‍ ആരംഭിച്ചതോടെ ആരോണിന് മാറ്റം വന്നു. മാനാസാന്തരപ്പെട്ട് അവന്‍ നല്ല വഴി തിരഞ്ഞെടുത്തപ്പോള്‍ ഗാങ് അംഗങ്ങള്‍ക്ക് ആരോണിന് ശത്രുതയുണ്ടായി. അവരില്‍ ആരോ ആണ് കൊലപാതകി. മാത്രവുമല്ല ആരോണിന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അവനെ തിരക്കി ഒരു യുവാവ് വീട്ടിലെത്തിയിരുന്നുവെന്നും മേരി തോംപ്സണ്‍ പോലീസിനോട് പറഞ്ഞു. സണ്ണി എന്ന് പേരുപറഞ്ഞ അയാളുടെ പെരുമാറ്റത്തില്‍ വല്ലാത്ത അസ്വഭാവികയുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സണ്ണിയില്‍ നിന്നുള്ള അന്വേഷണം ആരോണിലെത്തുമ്പോള്‍

മേരി തോംപ്‌സണ്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് പോലീസ് സണ്ണിയുടെ രേഖാ ചിത്രമുണ്ടാക്കി. ഇരുനിറത്തില്‍ മുടി പറ്റെവെട്ടിയ ഒരു മുഖമായിരുന്നു അത്. നഗരം മുഴുവന്‍ നോട്ടീസ് പതിക്കുകയും തിരച്ചില്‍ നടത്തിയെങ്കിലും സണ്ണിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ആരോണിനെ വകവരുത്താന്‍ പുറത്ത് നിന്ന് ഇറക്കുമതി ചെയ്ത ഏതെങ്കിലും വാടക കൊലയാളിയായിരിക്കും സണ്ണിയെന്നും പോലീസ് സംശയിച്ചു. എന്നിരുന്നാലും കുറ്റകൃത്യങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട ഇരുപത് വയസ്സിന് താഴെ പ്രായമുള്ളവരുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിക്കുന്നു. കുറ്റകൃത്യത്തില്‍ പങ്കെടുത്തവരുടെ മാത്രമല്ല ഇരയായവരുടെയും സാക്ഷി പറഞ്ഞവരുടെയും പേര് വിവരങ്ങള്‍ പോലീസ് ശേഖരിക്കാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നാണ് പോലീസ് ഞെട്ടിപ്പിക്കുന്ന ഒരു കണ്ടെത്തല്‍ നടത്തുന്നത്. മേരി തോംപ്‌സണ്‍ പറഞ്ഞ സണ്ണി ആ പട്ടികയിലുണ്ടായിരുന്നില്ല. പക്ഷേ കൊല്ലപ്പെട്ട ആരോണിന്റെ പേരുണ്ടായിരുന്നു. കുറ്റവാളിയുടേതിനൊപ്പമല്ല സാക്ഷി പട്ടികയിലായിരുന്നു ആരോണിന്റെ സ്ഥാനം.

എന്താണ് ആരോണ്‍ സാക്ഷിയായ ആ സംഭവം

ഒരു ദിവസം ആരോണ്‍ പോലീസ് സ്റ്റേഷനിലെത്തി തനിക്ക് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടെന്ന് ഉദ്യോഗസ്ഥരെ അറിയിക്കുന്നു. തെരുവില്‍ രണ്ട് കൗമാരക്കാന്‍ തമ്മിലുള്ള വഴക്കില്‍ ഒരാള്‍ മറ്റൊരാളെ കുത്തുന്നതിന് താന്‍ സാക്ഷിയായി എന്നാണ് ആരോണ്‍ പറഞ്ഞത്. ഇവരുടെ ആരുടെയെങ്കിലും പേരോ മറ്റു വിവരങ്ങളോ അറിയാമോ എന്ന് ആരോണിനോട് പോലീസ് ചോദിക്കുന്നു. അറിയാം ബോ ഫ്‌ലിന്‍ തോംപ്‌സണ്‍ എന്ന് ആരോണ്‍ സംശയമേതുമില്ലാതെ പറയുന്നു. അതായത് ഗാങ് വിരുദ്ധ പോരാട്ടം നടത്തുന്ന ആരോണിന്റെ വഴികാട്ടിയായ മേരി തോംപ്‌സണിന്റെ വെറും പതിനാറുകാരനായ മകന്‍. മേരി തോംപ്‌സണുമായി തനിക്ക് ആത്മബന്ധമുണ്ടൈങ്കിലും മകന്‍ ചെയ്തത് തെറ്റായതിനാല്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് ആരോണ്‍ പോലീസിനോട് വ്യക്തമായി പറഞ്ഞു. അതിന്റെ പേരില്‍ മേരി തോംപ്‌സണ്‍ തന്നെ കുറ്റപ്പെടുത്തില്ലെന്നാണ് ആരോണ്‍ കരുതിയത്. ബോയ്‌ക്കെതിരേ കോടതിയില്‍ സാക്ഷിയാകാന്‍ തയ്യാറാണെന്ന് ആരോണ്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ അതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആരോണ്‍ ദാരുണമായി കൊല്ലപ്പെട്ടു. ഈ രണ്ടു കേസുകളുമായി ബന്ധമുണ്ടെന്ന് സംശയിച്ച പോലീസ് ജുവനൈല്‍ തടങ്കല്‍ കേന്ദ്രത്തിലെത്തി ബോയെ ചോദ്യം ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ബോ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

അന്വേഷണം വീണ്ടും ബോയിലേക്ക്

കുറ്റകൃത്യത്തില്‍ ബോ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും ആരോണിന്റെ കൊലപാതകത്തിന് ഇയാളുമായി ബന്ധമുണ്ടെന്ന് നിഗമനത്തില്‍ തന്നെ പോലീസ് ഉറച്ചുനില്‍ക്കുന്നു. തുടര്‍ന്നാണ് പോലീസ് അയാളുടെ ഭൂതകാലത്തെക്കുറിച്ച് ചികഞ്ഞു പരിശോധിച്ചത്. മേരി തോംപ്‌സണിന്റെ നിഷ്‌കളങ്കനായ മകന്‍ മാത്രമായിരുന്നില്ല, വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ഒരുപാട് തവണ ജുവനൈല്‍ തടങ്കല്‍ കേന്ദ്രത്തില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന കുട്ടിയായിരുന്നു ബോ എന്ന് പോലീസ് കണ്ടെത്തുന്നു. മാത്രവുമല്ല നഗരത്തിലെ പല അക്രമകാരികളായ ഗാങുകളുമായി അയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ജുവനൈല്‍ തടങ്കല്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് തെരുവില്‍ ബോ ഒരാളെ കുത്തിയതും അതിന് ആരോണ്‍ സാക്ഷിയായതും. ആരോണ്‍ മൊഴിനല്‍കിയില്ല എങ്കില്‍ ബോയ്ക്ക് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാം. ഈ കാര്യങ്ങളെല്ലാം വിശദമാക്കി പോലീസ് മേരി തോംപ്‌സണെ സമീപിച്ചപ്പോള്‍ അവര്‍ വികാരാധീനയായി പറഞ്ഞു, അതെ ബോയ്ക്ക് മോശമായ ഭൂതകാലമുണ്ടായിരുന്നു. അത് സത്യമാണ്. ഇന്നവന്‍ മാറിപ്പോയി. എന്റെ മകന് സംഭവിച്ചതിലൂടെ മറ്റുകുട്ടികള്‍ ഒരിക്കലും കടന്നുപോകരുത്. അതുകൊണ്ടു തന്നെയാണ് ഞാന്‍ ക്രിമിനല്‍ ഗാങുകള്‍ക്കെതിരേ പോരാട്ടത്തിനായി ജീവിതം മാറ്റിവച്ചത്. സണ്ണി എന്ന വ്യക്തിയെ ഇതുവരെയും കണ്ടെത്താത്തതിലുള്ള അമര്‍ഷവും അതോടൊപ്പം പോലീസ് മേരി തോംപ്‌സണ്‍ രേഖപ്പെടുത്തി.

വീണ്ടും സണ്ണിയിലേക്ക്

ആഴ്ചകള്‍ നീണ്ട അന്വേഷണത്തില്‍ പോലീസിന് ഒരിക്കലും സണ്ണിയെ കണ്ടെത്താനായില്ല. അന്വേഷണം വഴിമുട്ടിയപ്പോള്‍ മേരി തോംപ്സണെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിക്കുന്നു. സണ്ണിയെ തേടി സമയം പാഴാക്കാനില്ലെന്നും അന്വേഷണവുമായി സഹകരിക്കണമെന്ന് മേരി തോംപ്സണോട് പോലീസ് ആവശ്യപ്പെടുന്നു. പോലീസ് സ്റ്റേഷനിലെത്തിയ മേരി തോംപ്സണ്‍ നേരത്തേ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ പോലീസ് അത് മുഖവിലയ്ക്ക എടുക്കുന്നില്ല എന്ന് തോന്നിയപ്പോള്‍ മേരി തോംപ്സണ്‍ സമ്മര്‍ദ്ദത്തിലാകുന്നു. ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടപ്പോള്‍ സമ്മര്‍ദ്ദം സഹിക്കാനാകാതെ വന്നപ്പോള്‍ ഒടുവിലവര്‍ ഞെട്ടിപ്പിക്കുന്ന ഒരു രഹസ്യം പോലീസിനോട് തുറന്ന് പറയുന്നു. സണ്ണിയെന്ന വ്യക്തി തന്റെ കെട്ടുകഥയാണ് പക്ഷേ കൊലപാതകത്തില്‍ തന്റെ മകന്‍ ബോയ്ക്ക് പങ്കില്ല. തനിക്കൊപ്പമുള്ള ജിം എല്‍സ്റ്റാഡ് ജോ ബ്രൗണ്‍ എന്നീ യുവാക്കള്‍ ചേര്‍ന്നാണ് ആരോണിനെ കൊലപ്പെടുത്തിയതെന്ന് മേരി തോംപ്സണ്‍ പറയുന്നു. എന്തിനാണ് സത്യം മറച്ചുവച്ചതെന്ന് പോലീസ് മേരി തോംപ്സണിനോട് ചോദ്യക്കുമ്പോള്‍, യൂജീനിലെ അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന യുവതലമുറയെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് താനത് ചെയ്തത്. ഏതോ മോശം സമയത്ത് ചെയ്ത അബദ്ധത്തിന്റെ പേരില്‍ ജീവിതകാലം ജീവിതകാലം അവര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത് കാണാന്‍ സാധിക്കില്ലെന്നാണ് മേരി തോംപ്സണിന്റെ ന്യായീകരണം. എന്നാല്‍ ആ വിശദീകരണം പോലീസിന് വിശ്വാസയോഗ്യമായി തോന്നിയില്ല.

ജിം എല്‍സ്റ്റാഡും ജോ ബ്രൗണും കസ്റ്റഡിയില്‍

എല്‍സ്റ്റാഡിനെയും ബ്രൗണിനെയും പോലീസ് അഭിമുഖത്തിനായി വിളിച്ചു. തുടക്കത്തില്‍ അവര്‍ കുറ്റം സമ്മതിച്ചില്ല. തങ്ങള്‍ നിരപരാധിയാണെന്ന് വാദിച്ചുകൊണ്ടേയിരുന്നു. എല്‍സ്റ്റാഡിന്റെയും ബ്രൗണിന്റെയും മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പോലീസ് ഇരുവരെയും പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുന്നു. ടെസ്റ്റില്‍ ഇരുവരും ദയനീയമായി പരാജയപ്പെടുന്നു. പിന്നീട് പോലീസിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല എല്‍സ്റ്റാഡിനും ബ്രൗണിനും. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ശേഷം ഉറങ്ങിക്കിടന്നിരുന്ന ആരോണിന്റെ തലയില്‍ വെടിവയ്ക്കുകയായിരുന്നുവെന്നും ഇരുവരും സമ്മതിച്ചു. എല്‍സ്റ്റാഡ് ആയിരുന്നു തോക്കിന്റെ കാഞ്ചി വലിച്ചത്. കൊലപാതകത്തിന് ശേഷം തൊണ്ടി നശിപ്പിക്കാന്‍ തോക്ക് നദിയിലേക്ക് വലിച്ചെറിഞ്ഞതായും ഇരുവരും വെളിപ്പെടുത്തി.

ആരോണിനോട് ജിം എല്‍സ്റ്റാഡിനും ജോ ബ്രൗണിനും പകയെന്തിന്?

, Joseph Brown and Jim Elstad| Photo: Public Domain

എന്തിന് വേണ്ടി, ആര്‍ക്ക് വേണ്ടി ആരോണിനെ വകവരുത്തി എന്ന ചോദ്യത്തിന് എല്‍സ്റ്റാഡും ബ്രൗണും പ്രതികരിച്ചില്ല. തങ്ങള്‍ ആരോണിനെ കൊന്നു മറ്റൊന്നും പറയാനില്ലെന്നായിരുന്നു ഇരുവരുടെയും മൊഴി. എന്നാല്‍ ബോയുടെ കേസുമായി ആരോണിന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്ന നിഗമനത്തിലായിരുന്നു പോലീസ്. എല്‍സ്റ്റാഡും ബ്രൗണും അതെക്കുറിച്ച് ഒരക്ഷരം പോലും സംസാരിക്കാന്‍ തയ്യാറായില്ല. ഈ സംഭവങ്ങള്‍ക്കെല്ലാം പിറകില്‍ ഒരു ബുദ്ധികേന്ദ്രമുണ്ടെന്ന് പോലീസ് ഉറപ്പിക്കുന്നു. ജിം എല്‍സ്റ്റാഡിനെയും ജോ ബ്രൗണിനെയും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത് ബോ തന്നെയായിരിക്കുമെന്നായിരുന്നു പോലീസിന്റെ നിഗമനം. കത്തിക്കുത്തില്‍ ബോയ്ക്കെതിരേ മൊഴി നല്‍കുമെന്ന് തറപ്പിച്ച് പറഞ്ഞിരുന്ന ആരോണിനെ ഒഴിവാക്കാന്‍ മറ്റൊരു വഴിയും ബോയ്ക്ക് മുന്നില്‍ ഇല്ലായിരുന്നു. അതേ സമയം മകന്‍ ചെയ്ത കുറ്റകൃത്യത്തെക്കുറിച്ച് മേരി തോംപ്സണ് അറിയാമായിരിക്കുമെന്ന് തന്നെയായിരുന്നു പോലീസിന്റെ ഉറച്ച വിശ്വാസം. അവരെ ചോദ്യം ചെയ്യുന്നതിന് മുന്‍പ് മേരി തോംപ്സണിന്റെ ഭൂതകാലത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തീരുമാനിക്കുന്നു.

മേരി തോംപ്സണിന്റെ ഭൂതകാലത്തേക്ക്

മേരി തോംപ്സണിന്റെ ജീവിതത്തിലേക്ക് ഇറങ്ങി ചെന്നപ്പോള്‍ അവിശ്വസനീയമായ ചില യഥാര്‍ഥ്യങ്ങളാണ് പോലീസ് തിരിച്ചറിയുന്നത്. യൂജീനിലേക്ക് ചേക്കേറുന്നതിന് മുന്‍പ് അപകടകാരിയായ ഒരു ഗാങ്ങിന്റെ ഭാഗമായിരുന്നു അവര്‍. മയക്കുമരുന്നിന്റെ വില്‍പ്പന, ഉപയോഗം, കൊലപാതകം, മോഷണം തുടങ്ങിയ അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന സംഘമായിരുന്നു മേരി തോംപ്സണിന്റേത്. പക്ഷേ ആരോണിന്റെ കൊലപാതകത്തില്‍ മേരി തോംപ്സണിന്റെ ഇടപെടല്‍ തെളിയിക്കാന്‍ പോലീസിന്റെ കയ്യില്‍ പര്യാപ്തമായ തെളിവുകളുണ്ടായിരുന്നില്ല.
കേസില്‍ മുന്നോട്ട് പോകാനാകാതെ പോലീസ് വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തിലാണ് മേരി തോംപ്സണിന്റെ മകന്‍ ബോ അറസ്റ്റിലാകുന്നത്. ഒരു കാര്‍ മോഷണവുമായി ബന്ധപ്പെട്ട കേസായിരുന്നു അത്. ഇതൊരു നല്ല അവസരമായി കാണുന്ന പോലീസ് മേരി തോംപ്സണിന്റെ ടെലിഫോണ്‍ സംഭാഷണം വയര്‍ ടാപ്പിന്റെ സഹായത്തോടെ റെക്കോഡ് ചെയ്യാന്‍ തീരുമാനിക്കുന്നു. തുടക്കത്തില്‍ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. എന്നാല്‍ ക്രമേണ ചുരുളഴിഞ്ഞത് യൂജിന്‍ സിറ്റിയെ ഭയപ്പെടുത്തിലാഴ്ത്തുന്ന രഹസ്യങ്ങളാണ്.

മേരി തോംപ്സണിന്റെ മുഖംമൂടി അഴിയുന്നു

യൂജീന്‍ സിറ്റിയെ രക്ഷിക്കാന്‍ അവതാരമെടുത്ത മാലാഖയായിരുന്നില്ല മേരി തോംപ്സണ്‍. ഗാങ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കൗമാരക്കാരെ അവര്‍ സംഘടിപ്പിച്ചതും വീട്ടിലേക്ക് ക്ഷണിച്ചതും ആഹാരമൂട്ടിയതുമെല്ലാം മയക്കുമരുന്ന്, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനായിരുന്നു. മയക്കുമരുന്നും മറ്റു ലഹരിവസ്തുക്കളും നല്‍കി താന്‍ ആജ്ഞാപിച്ചാല്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന ഒരു കൂട്ടം അടിമകളെ മേരി തോംപ്സണ്‍ വാര്‍ത്തെടുത്തു. 72 ഹൂവര്‍ ക്രിപ്പ് എന്ന പേരിലായിരുന്നു മേരി തോംപ്സണിന്റെ സംഘം അറിയപ്പെട്ടത്. മെത്ത് പോലുള്ള മാരകമയക്കുമരുന്നുകള്‍ മേരി തോംപ്സണ്‍ ഉണ്ടാക്കുകയും കുട്ടികളെ വഴി അത് വില്‍ക്കുകയും ചെയ്യുന്നുവെന്ന് ടെലിഫോൺ സംഭാഷണങ്ങളില്‍ നിന്ന് പോലീസ് കണ്ടെത്തി. ചുരുക്കത്തില്‍ താരതമ്യേന സമാധാനത്തോടെ ജീവിച്ചിരുന്ന യൂജീന്‍ നഗരത്തിലെ ജനങ്ങളില്‍ തന്റെ സംഘത്തെ ഉപയോഗിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കുക പിന്നീട് അതിന് ഗാങ് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക. സമൂഹത്തില്‍ തന്റെ പേരും പെരുമയും ഉയര്‍ത്തി അതിനെ ഒരു മുഖംമൂടിയാക്കി കുറ്റകൃത്യങ്ങളിലൂടെ കോടികള്‍ സമ്പാദിക്കുക. അത് മാത്രമായിരുന്നു മേരി തോംപ്സണിന്റെ ലക്ഷ്യം.

തന്റെ ഫോണ്‍കോളുകള്‍ പോലീസ് ചോര്‍ത്തുന്നത് മേരി തോംപ്സണ്‍ അറിഞ്ഞിരുന്നില്ല. ഒരു ദിവസം ഫോണിലൂടെ അവര്‍ ആരോടോ പറഞ്ഞു, എന്നോട് കളിച്ചാല്‍ ജീവിച്ചിരിക്കില്ല, ആരോണിന്റെ അനുഭവമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. ഇത് ഭീഷണിയല്ല. യാഥാര്‍ഥ്യമാണ്. ഈ സംഭാഷണം പോലീസിനെ സംബന്ധിച്ച് അന്വേഷണത്തില്‍ വഴിത്തിരിവായി. ജിം എല്‍സ്റ്റാഡിനെയും ജോ ബ്രൗണിനെയും വീണ്ടും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി റെക്കോഡ് ചെയ്ത ടേപ്പുകള്‍ പോലീസ് അവരെ കേള്‍പ്പിച്ചപ്പോള്‍ പോലും അവര്‍ മേരി തോംപ്സണെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തത്. എന്നാല്‍ തെളിവുകളെല്ലാം മേരി തോംപ്സണ് എതിരായിരുന്നു. പോലീസ് ഭാഷ്യം ഇങ്ങനെ, കുത്തുകേസില്‍ ബോയ്ക്കെതിരേയുള്ള ആരോണിന്റെ മൊഴി നിര്‍ണായകമായിരുന്നു. പലരും ഒരുപാട് തവണ ആരോണിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ആരോണിനെ തീര്‍ക്കാന്‍ മേരി തോംപ്സണ്‍ തീരുമാനിക്കുകയും അതിനായി എല്‍സ്റ്റാഡിനെയും ബ്രൗണിനെയും നിയോഗിക്കുകയും ചെയ്യുന്നു. തോക്ക് നല്‍കിയതും അര്‍ധരാത്രി ആരോണിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി അവനെ കൊന്നുകളയാനുമുള്ള വഴി പറഞ്ഞു കൊടുത്തതും മേരി തോംപ്സണാണ്.

മേരി തോംപ്സണ്‍ അറസ്റ്റിലാകുന്നു

കേസില്‍ മേരി തോംപ്സണിന്റെ പങ്ക് തെളിഞ്ഞതോടെ അവരെ പോലീസ് അറസ്റ്റ് ചെയ്യുന്നു. മയക്കുമരുന്ന്, മോഷ്ടിച്ച തൊണ്ടികള്‍ അങ്ങനെ ഒരുപാട് തെളിവുകളാണ് മേരി തോംപ്സണിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ഈ സംഭവം യൂജീന്‍ നഗരത്തിലെ ജനങ്ങളില്‍ കടുത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. 1994 ന്റെ അവസാനത്തോടെ വിചാരണ നടപടികള്‍ ആരംഭിച്ചു. ആരോണിന്റെ കൊലപാതകത്തില്‍ മേരി തോംപ്സണ്‍, ജിം എല്‍സ്റ്റാഡിന്‍, ജോ ബ്രൗണ്‍ എന്നിവരുടെ പങ്ക് കോടതിയില്‍ സംശയാതീതമായി തെളിഞ്ഞു. 1995 ഫെബ്രുവരിയില്‍ തോംസണെതിരെ ക്രൂരമായ നരഹത്യയ്ക്ക് കുറ്റം ചുമത്തി. ആരോണ്‍ വധത്തില്‍ കുറ്റസമ്മതം നടത്തിയതിന് ശേഷം, ബ്രൗണിന് 10 വര്‍ഷവും എല്‍സ്റ്റാഡിന് 16 വര്‍ഷവും ശിക്ഷ ലഭിച്ചു. എന്നാല്‍ കുറ്റം നിഷേധിച്ച തോംസണ്‍ 1996-ല്‍ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. നിയമപരമായ പഴുതുകളുടെയും നല്ല നടപ്പിന്റെയും പേരില്‍ മേരി തോംപ്സണെതിരേയുള്ള ശിക്ഷ കുറച്ചു. എന്നിരുന്നാലും, 23 വര്‍ഷത്തെ കഠിന തടവിന് ശേഷം 2019 ല്‍ മേരിയെ തോംപ്സണ്‍ ജയില്‍ മോചിതയായി.

ജയില്‍ മോചനത്തിന് ശേഷം മേരി തോംപ്‌സണിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നുമില്ല. മരിച്ചുവെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും അവ സ്ഥിരീകരിച്ചില്ല. കൂട്ടുപ്രതികളായ ജിം എല്‍സ്റ്റാഡും ജോ ബ്രൗണും നേരത്തേ ജയില്‍ മോചിതരായി.

Reference: Real Crime, oxygen.com, morungexpress.com, spokesman.com

Content Highlights: mary louise thompson, gang mom, America murder story, crime documentary

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented