മാർത്താണ്ഡത്തെ ജൂവലറിയിൽ മുഖംമൂടി ധരിച്ച കള്ളൻ കവർച്ച നടത്തുന്നതിന്റെ സി.സി.ടി.വി. ദൃശ്യം.
കുഴിത്തുറ: തിരുവനന്തപുരം മാർത്താണ്ഡത്ത് ജൂവലറി ഉടമയുടെ വീട്ടിൽ നിന്ന് 57 പവനും ഒരുലക്ഷം രൂപയും കവർന്ന മോഷ്ടാവ് അവിടെ നിന്നു കിട്ടിയ താക്കോലെടുത്ത് സമീപത്തെ ജൂവലറി തുറന്ന് 120 പവൻ കൂടി കൊള്ളയടിച്ചു. വിരികോട് സ്വദേശി ആശൈതമ്പിയുടെ മകൻ വിജയ്‍യുടെ വീട്ടിലും സമീപത്തെ സ്വർണക്കടയിലുംനിന്നാണ് മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് 177 പവനും പണവും കൊള്ളയടിച്ചത്.
മാർത്താണ്ഡം ബസ് സ്റ്റാൻഡിന് മുന്നിലുള്ള ജയശ്രീ ജൂവലറിയുടെ ഉടമയാണ് വിജയ്. അച്ഛൻ ആശൈതമ്പിയുടെ ഹാർഡ്‌വെയർ കടയോടുചേർന്നാണ് വിജയയുടെ ജൂവലറിയുള്ളത്. രണ്ടുപേരും കുടുംബത്തോടൊപ്പം അരക്കിലോമീറ്റർ അകലെയുള്ള വീട്ടിലാണ് താമസിക്കുന്നത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ മോഷ്ടാവ് ബൈക്കിൽ കടയ്ക്കുമുന്നിലെത്തി കവർച്ച നടത്തുന്ന ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിലുണ്ട്. അതിനുമുമ്പാണ് വീടിന്റെ ടെറസിൽ കയറി മുകളിലത്തെ കതക് കുത്തിത്തുറന്ന് അകത്തുകയറിയതെന്ന് പോലീസ് പറഞ്ഞു.
വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾക്കൊപ്പമാണ് ജൂവലറിയിലെ താക്കോലും സൂക്ഷിച്ചിരുന്നത്. പൂജാമുറിയിൽ വച്ചിരുന്ന സ്വർണമെടുത്തശേഷം താക്കോൽ കൂടിയെടുത്ത് കടയിലെത്തി തുറന്ന് കവർച്ച നടത്തുകയായിരുന്നു. മോഷ്ടാവ് കയറിയപ്പോൾ വീട്ടുകാർ രണ്ടു മുറികളിലായി ഉറങ്ങുകയായിരുന്നു. രാവിലെ ആറുമണിയോടെ പൂജാമുറിയിൽ വിജയ് എത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. പിന്നാലെ കടയിലും കവർച്ച നടന്നുവെന്ന വിവരമെത്തി.
മാർത്താണ്ഡം പോലീസ് അന്വേഷണം തുടങ്ങി. ആളിനെ തിരിച്ചറിയാത്തവിധം മുഖംമൂടിയും പ്രത്യേകവസ്ത്രവും ധരിച്ച മോഷ്ടാവാണ് സി.സി.ടി.വി. ദൃശ്യങ്ങളിലുള്ളത്. വീടും കടയും നന്നായി പരിചയമുള്ളയാളാകും കവർച്ച നടത്തിയതെന്നും മോഷ്ടാവിനെ കണ്ടെത്താനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടന്നും എസ്.പി. ശ്രീനാഥാ അറിയിച്ചു.
Content Highlights: marthandam 177 sovereign gold robbery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..