
കൊല്ലപ്പെട്ട സന്തോഷ്, സജീഷ്, കീഴടങ്ങിയ അരുൺരാജ്
മാറനല്ലൂര്‍: മൂലരക്കോണത്ത് പ്രവര്‍ത്തിക്കുന്ന പാറമടയെക്കുറിച്ച് പരാതികളില്ലാത്ത ദിനങ്ങളില്ല. പാറപൊട്ടിക്കുമ്പോള്‍ സമീപത്തെ വീടുകളിലേക്ക് കല്ല് വീഴുന്നത് ചൂണ്ടിക്കാട്ടിയാണ് ചില നാട്ടുകാര്‍ പരാതി നല്‍കിയത്. പരാതി നല്കിയ കൂട്ടത്തില്‍ രണ്ടുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍രാജും ഉണ്ടായിരുന്നു.
കൊല്ലപ്പെട്ട സന്തോഷും സജീഷും പാറമടയിലെ തൊഴിലാളികളാണ്. മാസങ്ങള്‍ക്കുമുമ്പാണ് പാറമടയില്‍നിന്ന് അരുണ്‍രാജിന്റെ വീട്ടിലേക്ക് കല്ലു വീണത്.
പരാതി നല്‍കിയതിനെ തുടര്‍ന്ന് ആഴ്ചകളോളം പാറമട പൂട്ടിയിട്ടു. ഇതിന്റെ പ്രധാന കാരണം അരുണ്‍രാജ് ആണെന്ന് പറഞ്ഞ് കൊല്ലപ്പെട്ട സജീഷ് മദ്യലഹരിയില്‍ നിരന്തരം അസഭ്യം പറഞ്ഞിരുന്നു. ഇതുകാരണം ഇവര്‍ രണ്ടുപേരും കുറച്ചുനാളുകളായി അടുപ്പത്തിലായിരുന്നില്ല.
പാറമടയുടെ പ്രവര്‍ത്തനം വീണ്ടും സജീവമായപ്പോള്‍ ഇവര്‍ രണ്ടുപേരും വീണ്ടും അടുത്തു.എന്നാല്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഉള്ളില്‍ പകയുണ്ടായിരുന്നതായി പ്രതി അരുണ്‍രാജിന്റെ സുഹൃത്തുക്കള്‍ പറയുന്നു.
ഇതേത്തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. പാറമടയില്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ചില ഗുണ്ടാസംഘങ്ങളും പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പാറമടയ്ക്കെതിരേ പരാതി നല്‍കുന്നവരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ നിരന്തരമുണ്ടാകുന്നതായും പറയുന്നു.
സുഹൃത്തുക്കളെ കൊന്ന് യുവാവ് പോലീസില്‍ കീഴടങ്ങി
രണ്ടുസുഹൃത്തുക്കളെ തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയ യുവാവ് പോലീസില്‍ കീഴടങ്ങി. മാറനല്ലൂര്‍ മൂലക്കോണം ഇലംപ്ലാവിളയിലാണ് സംഭവം.സന്തോഷ്ഭവനില്‍ സന്തോഷ് (42), മലവിള റോഡരികത്ത് വീട്ടില്‍ പക്രു എന്ന സജീഷ് (39) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് പ്രകാശ് എന്നുവിളിക്കുന്ന അരുണ്‍രാജ് (31) ആണ് കീഴടങ്ങിയത്.
പാറമടയിലെ തൊഴിലാളികളാണ് സന്തോഷും സജീഷും. പ്ലംബിങ്, ഡെക്കറേഷന് ജോലികളായിരുന്നു അരുണ്‍രാജിന്. മാസങ്ങള്‍ക്കുമുമ്പ് പാറമടയില്‍നിന്ന് അരുണ്‍രാജിന്റെ വീട്ടിലേക്ക് കല്ലുവീണിരുന്നു. ഇതേപ്പറ്റി അരുണ്‍രാജ് പരാതിപ്പെട്ടിരുന്നു. അരുണ്‍രാജും സജീഷും ഒരുമിച്ചിരുന്ന് മദ്യപിക്കുമ്പോള്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടാകാറുണ്ടായിരുന്നു.
ശനിയാഴ്ച രാത്രി സന്തോഷിന്റെ വീട്ടിലിരുന്നു മദ്യപിക്കുന്നതിനിടെ വീണ്ടും തര്‍ക്കമായി.തുടര്‍ന്നാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഞായറാഴ്ച രാവിലെ അഞ്ചുമണിയോടെ അരുണ്‍രാജ് മാറനല്ലൂര്‍ പോലീസ് സ്റ്റേഷനു സമീപം സുഹൃത്തിന്റെ വീട്ടിലെത്തുകയും രണ്ടുപേരെ കൊലപ്പെടുത്തിയെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ലതയാണ് സന്തോഷിന്റെ ഭാര്യ. സോണി, സോനും എന്നിവര്‍ മക്കളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..