ഷാരോൺ ടേറ്റ്, മാൻഷൻ ഫാമിലി
ഓഗസ്റ്റ് 8, 1969. തന്റെ ആദ്യകുഞ്ഞിനെ വരവേൽക്കാനുള്ള സന്തോഷത്തിൽ മുഴുകിയിരിക്കുകയായിരുന്നു ഷാരോൺ ടേറ്റ്. അഭിനയത്തിൽനിന്ന് താൽക്കാലിക ഇടവേളയെടുത്ത് ലോസ് ആഞ്ജലീസിലെ ബെവർലി ഹിൽസിലുള്ള ആഡംബര ഭവനത്തിൽ കഴിഞ്ഞ എട്ടു മാസമായി വിശ്രമത്തിലാണ് ഷാരോൺ. ലണ്ടനിൽ സിനിമാ ചിത്രീകരണത്തിന് പോയ ഭർത്താവ് റൊമൻ പൊളാൻസ്‌കി ഉടനെ മടങ്ങിയെത്തും. അദ്ദേഹത്തിന്റെ വരവും കാത്തിരിക്കുന്ന അവസരത്തിൽ ഒരു ഫോൺ കോൾ. അതിന്റെ മറുവശത്ത് പൊളാൻസ്‌കിയായിരുന്നു, ക്ഷമിക്കണം ഷാരോൺ ഇന്ന് മടങ്ങാനാകില്ല. അൽപ്പം ജോലികൾ കൂടെയുണ്ട്. അവയെല്ലാം തീർന്നാൽ സമയമൊട്ടും കളയാതെ അമേരിക്കയിലേക്ക് വിമാനം കയറും- പോളാൻസ്‌കി പറഞ്ഞു.
മനസ്സു നിറയെ കടുത്ത നിരാശ നിറഞ്ഞുവെങ്കിലും ഷാരോൺ പൊളാൻസ്‌കിയെ അറിയിച്ചില്ല. എന്നാൽ, ഉച്ചയ്ക്ക് വിരുന്നിനെത്തിയ അടുത്ത സുഹൃത്തും നടിയുമായ ജൊവാന പെറ്ററ്റിനോട് ഷാരോൺ തന്റെ വിഷമം തുറന്നുപറഞ്ഞു. സാരമില്ലെന്ന് പറഞ്ഞ് കൂട്ടുകാരിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചാണ് ജൊവാന മടങ്ങിയത്. അതേദിവസം തന്നെ സഹോദരി ഡെബ്രയുടെ ഒരു ഫോൺ കോൾ ഷാരോണിനെ തേടിയെത്തി. തനിക്ക് വേണ്ടി ഷാരോൺ യൂറോപ്പിൽനിന്ന് വാങ്ങിയ സാഡിൽ വന്നെടുക്കാൻ അനുവാദം ചോദിക്കാനാണ് ഡെബ്ര വിളിച്ചത്. ഇന്ന് വേണ്ട മറ്റൊരു ദിവസമാകാം എന്നായിരുന്നു ഷാരോണിന്റെ മറുപടി. ഒറ്റയ്ക്കിരുന്ന് വിരസത വർധിച്ചപ്പോൾ ഷാരോൺ സുഹൃത്തുക്കളായ ജെ സെബ്രിങ്, വോഷ്യ ഫ്രികോവ്സ്‌കി, അബിഗലി ഫോൽജർ എന്നിവർക്കൊപ്പം അത്താഴം കഴിക്കാൻ പുറത്തുപോയി. രാത്രി പത്തരയോടെയാണ് ഇവരെല്ലാവരും ഷാരോണിന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. അൽപനേരം നാലുപേരും ഒരുമിച്ചിരുന്ന് സംസാരിച്ച ശേഷം ഉറങ്ങാനായി മുറികളിലേക്ക് പോയി.
.jpg?$p=2922c1a&&q=0.8)
Photo: Getty Images
പിറ്റേദിവസം, പതിവുപോലെ ഷാരോണിന്റെ ജോലിക്കാരിയായ വിനിഫ്രെഡ് ചാപ്പ്മാൻ ബംഗ്ലാവിലെത്തി. ചുറ്റുമതിലിനുള്ളിൽ പ്രവേശിച്ചപ്പോൾതന്നെ അവർക്ക് എന്തോ പന്തികേട് തോന്നി. മുന്നോട്ട് നീങ്ങവേ അപ്രതീക്ഷിതമായ ആ കാഴ്ച കണ്ട് ചാപ്പ്മാൻ കിടുങ്ങിപ്പോയി, ബംഗ്ലാവിൽനിന്ന് പുറത്തേക്കുള്ള വഴിയിൽ കാറിനുള്ളിൽ ഒരു യുവാവ് രക്തത്തിൽ കുളിച്ചു കിടക്കുന്നു. ഉറക്കെ നിലവിളിച്ച് ചാപ്മാൻ ബംഗ്ലാവിനകത്തേക്ക് ഓടിക്കയറി. പുറത്തേതിനേക്കാൾ ഭീകരമായിരുന്നു അകത്തെ രംഗം. തറയിലും ചുമരിലുമെല്ലാം രക്തം ചിന്നിച്ചിതറിയിരിക്കുന്നു. തിരിച്ചറിയാനാവാത്ത വിധത്തിൽ മാരകമായി കുത്തേറ്റ് ഷാരോണും സുഹൃത്തുക്കളും തറയിൽ മരിച്ചു കിടക്കുന്നു.
വൈകാതെ തന്നെ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കാറിൽ മരിച്ച നിലയിൽ കാണപ്പെട്ട സ്റ്റീഫൻ പാരന്റ് എന്ന പതിനെട്ടുകാരന് കുത്തേറ്റിട്ടില്ല. തലയിൽ വെടിയേറ്റതാണ് മരണകാരണം. ഷാരോണിന്റെയും സുഹൃത്തുക്കളുടെയും മൃതദേഹം ഒരു കയർ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ഏതാണ്ട് പതിനാറോളം മുറിവുകളാണ് ഷാരോണിന്റെ ദേഹത്തുണ്ടായിരുന്നത്.
.jpg?$p=246738b&&q=0.8)
| Photo: Public Domain
സിനിമാചിത്രീകരണത്തിലായിരുന്ന പൊളാൻസ്‌കി ഭാര്യയ്ക്കും കുഞ്ഞിനും സംഭവിച്ച ദുരന്തമറിഞ്ഞ് മരവിച്ചുപോയി. ഉടൻതന്നെ അദ്ദേഹം ലണ്ടനിൽനിന്ന് അമേരിക്കയിലേക്ക് തിരിച്ചു. അപ്പോഴേക്കും ഷാരോണിന്റെയും സുഹൃത്തുക്കളുടെയും മരണവാർത്ത കാട്ടുതീപോലെ പടർന്നു. ഈ സംഭവത്തിന്റെ ആഘാതം വിട്ടുമാറുന്നതിന് മുൻപേ, 1969 ഓഗസ്റ്റ് 10-ന്, ഷാരോണിന്റെയും സുഹൃത്തുക്കളുടെയും കൊലപാതകത്തിന് സമാനമായി ലോസ് ആഞ്ചലീസിലെ ഒരു ധനിക കുടുംബത്തിലെ ദമ്പതികൾ കൊല്ലപ്പെടുന്നു. ലെനോ ലാബിയാങ്ക റോസ്‌മേരി ലാബിയാങ്ക എന്നിവരാണ് കൊലപാതകത്തിന് ഇരയായവർ. ഇരുവർക്കും അതിഭീകരമായി കുത്തേറ്റിരുന്നു. 'ഡെത്ത് ടു പിഗ്‌സ്', 'ഹെൽറ്റർ സ്‌കെൽട്ടർ' എന്നീവാക്കുകൾ അവരുടെ വീടിന്റെ ചുവരുകളിൽ രക്തത്തിൽ എഴുതിയിരുന്നു. മൃതദേഹങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന രീതി അനുസരിച്ച് ഈ രണ്ടു സംഭവങ്ങളുടെയും ഉത്തരവാദി ഒരുകൂട്ടർ തന്നെയാണെന്ന നിഗമനത്തിൽ പോലീസെത്തി. പിന്നീട് പ്രതികളെ കണ്ടെത്താനുള്ള പരക്കംപാച്ചിലിലായിരുന്നു അവർ.
.jpg?$p=3ca10ba&&q=0.8)
അന്വേഷണത്തിന്റെ ഭാഗമായി ആദ്യം ചോദ്യം ചെയ്തത് പൊളാൻസ്‌കിയുടെയും ഷാരോണിന്റെയും വസ്തുവകകൾ നോക്കിനടത്തുന്ന വില്യം ഗാരസ്റ്റണിനെയാണ്. ബംഗ്ലാവിന് അൽപ്പം ദൂരെയുള്ള ഒരു ഗസ്റ്റ് ഹൗസിലായിരുന്നു ഗാരസ്റ്റണിന്റെ താമസം. ചോദ്യം ചെയ്യലിൽ തനിക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് ഗാരസ്റ്റൺ പറഞ്ഞു. എന്നാൽ, അന്ന് രാത്രി 11.30-ന് വെടിയേറ്റ് മരിച്ച സ്റ്റീഫൻ പാരന്റ് തന്നെ കാണാൻ വന്നിരുവെന്ന് അദ്ദേഹം പോലീസിനോട് വെളിപ്പെടുത്തി. ചോദ്യം ചെയ്യലിൽ ഗാരസ്റ്റൺ നിരപരാധിയാണെന്ന നിഗമനത്തിലാണ് പോലീസെത്തിയത്. കൂടാതെ നുണപരിശോധനയിൽ അദ്ദേഹം വിജയിക്കുകയും ചെയ്തതോടെ വിട്ടയച്ചു.
കാലിഫോർണിയയിലെ ഹോളി ക്രോസ് സെമിത്തേരിയിലായിരുന്നു ഷാരോണിന്റെ സംസ്‌കാരച്ചടങ്ങുകൾ നടന്നത്. പോസ്റ്റ്‌മോർട്ടത്തിൽ ഷാരോണിന്റെ വയറ്റിൽനിന്ന് ചേതനയറ്റ കുഞ്ഞിന്റെ ശരീരവും പുറത്തെടുത്തു. പൂർണ വളർച്ചയെത്തിയ ഒരു ആൺകുഞ്ഞായിരുന്നു അത്. മൃതദേഹം അടക്കുമ്പോൾ ഷാരോണിന്റെ നെഞ്ചിൽ കുഞ്ഞിനെയും ചേർത്തുവച്ചു. അതിവൈകാരികമായിരുന്നു ആ രംഗം. സ്വകാര്യ ചടങ്ങായിരുന്നിട്ടുകൂടി ഒട്ടേറെയാളുകൾ പ്രിയതാരത്തെ ഒരു നോക്ക് കാണാമെന്ന പ്രതീക്ഷയോടെ സെമിത്തേരിക്ക് പരിസരത്ത് തടിച്ചുകൂടി. കൊല്ലപ്പെട്ട മറ്റു നാല് പേരെയും വ്യത്യസ്ത ഇടങ്ങളിൽ സംസ്‌കരിച്ചു.
ഓരോ ദിവസം മുന്നോട്ട് പോകുന്തോറും പോലീസിന് സമ്മര്‍ദ്ദമേറിക്കൊണ്ടേയിരുന്നു. ഷാരോണിന്റെ സുഹൃത്തുക്കളെക്കുറിച്ച് പോലീസ് പൊളാൻസ്‌കിയോട് ചോദിച്ചറിഞ്ഞു. പക്ഷേ, ആ വഴിക്കുള്ള അന്വേഷണം എവിടെയുമെത്തിയില്ല. പ്രതികളെക്കുറിച്ച് സൂചന ലഭിക്കാത്തത് പോളാൻസ്‌കിയെ കൂടുതൽ അസ്വസ്ഥനാക്കി. തുടർന്ന് ലൈഫ് എന്ന് പേരുള്ള ഒരു വാരികയ്ക്ക് പൊളാൻസ്‌കി ഷാരോണിന്റെ മരണത്തെക്കുറിച്ച് അഭിമുഖം നൽകി. അഭിമുഖത്തിന് പുറമേ ദീർഘമായ ലേഖനവും കുറ്റകൃത്യം നടന്നിടത്തെ ചിത്രങ്ങളും ലൈഫ് വാരികയിൽ അച്ചടിച്ച് വന്നു . ഷാരോണിന്റെ രക്തംകൊണ്ട് മുൻവശത്തെ വാതിലിൽ കൊലപാതകികൾ പിഗ് എന്ന് വലിയ അക്ഷരത്തിൽ കുറിച്ചിട്ടുണ്ടായിരുന്നു. അതിന് സമീപം പൊളാൻസ്‌കി നിൽക്കുന്ന ചിത്രം പ്രസിദ്ധീകരിച്ച് വന്നത് കടുത്ത വിമർശനത്തിന് ഇടയാക്കി. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, എന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും സുഹൃത്തുക്കളുടെയും കൊലപാതകികളെ എനിക്ക് കണ്ടെത്തേണ്ടതുണ്ട്. ആ ചിത്രങ്ങൾ വായനക്കാരെ അസ്വസ്ഥമാക്കുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ആരെങ്കിലും എന്തെങ്കിലും സൂചനയുമായി മുന്നോട്ട് വരികയാണെങ്കിൽ പ്രതികളിലേക്ക് എത്താനായേക്കും.

| Photo: Getty Images
ലൈഫ് വാരികയിലെ ലേഖനത്തിന് പിന്നാലെ കൊലപാതകത്തെക്കുറിച്ച് ഒട്ടേറെ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിച്ചു. ഷാരോണിന്റെയോ പൊളാൻസ്‌കിയുടെയോ ശത്രുക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് ചില മാധ്യമങ്ങൾ ആരോപിച്ചു. സാത്താൻ സേവയുമായി കൊലപാതകത്തിന് ബന്ധമുണ്ടെന്നായിരുന്നു മറ്റു ചിലരുടെ കണ്ടെത്തൽ. ഹോളിവുഡിലെ പ്രമുഖരും ധനികരും മാത്രം താമസിച്ചിരുന്ന പ്രദേശത്തായിരുന്നു പൊളാൻസ്‌കിയുടെയും ഷാരോണിന്റെയും വീട്. കൊലപാതകത്തെക്കുറിച്ച് ഒന്നിന് പിറകെ ഒന്നായി കഥകൾ പ്രചരിക്കാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ഭയത്തിലായി. വീടുകളിലെ സുരക്ഷ ശക്തമാക്കാൻ ആയുധങ്ങൾ വാങ്ങി സൂക്ഷിച്ചു. ബോഡിഗാർഡുകളെ നിയോഗിച്ചു. എന്നിട്ടും പ്രദേശത്തെ ഭീതിയൊഴിഞ്ഞില്ല.
മാൻഷൻ ഫാമിലിയിലേക്ക്
1969 സെപ്തംബർ, മാൻഷർ ഫാമിലി എന്നറിയപ്പെടുന്ന സംഘത്തിലെ ഒരു കൂട്ടം യുവാക്കൾ പോലീസ് പിടിയിലാകുന്നു. വാഹനം മോഷ്ടിച്ച കുറ്റത്തിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. കാലിഫോർണിയയിലെ ഡെത്ത് വാലിയിലെ റാഞ്ചിലായിരുന്നു സംഘത്തിന്റെ താമസം. വൈകാതെ തന്നെ ഇവർ ജാമ്യത്തിൽ ഇറങ്ങി. പക്ഷേ, സംഘത്തിലെ സൂസൻ അറ്റ്കിൻസ് എന്ന യുവതി ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തേ പോലീസ് പിടിയിലായിരുന്നു. ജയിലിൽ കിടക്കുന്ന സമയത്ത് ഷാരോണിനെ കൊന്നത് തങ്ങളാണെന്ന് അറ്റ്കിൻസ് സഹതടവുകാരോട് പൊങ്ങച്ചം പറഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. പിന്നീട് ചുരുളഴിയുന്നത് ഭീതിജനകമായ ഒരു കൾട്ടിന്റെ നരനായാട്ടിന്റെ കഥകളാണ്.
ആരാണ് ചാൾസ് മാൻഷൻ?
ചാൾസ് മൈൽ മഡോക്സാണ് (ചാൾസ് മാൻഷൻ) എന്ന കൊടുംകുറ്റവാളിയാണ് മാൻഷൻ ഫാമിലി എന്ന കൾട്ട് രൂപീകരിക്കുന്നത്. കാലിഫോർണിയയിൽ 1960-കളുടെ തുടക്കത്തിലായിരുന്നു അത്. ലഹരിമരുന്നും കെട്ടഴിഞ്ഞ ജീവിതവും നയിച്ചിരുന്ന യുവതീ-യുവാക്കളെ ചാൾസ് തന്റെ സംഘത്തിലേക്ക് ക്ഷണിച്ചിരുന്നു. അവരുടെ അരക്ഷിതാവസ്ഥ മുതലെടുക്കാൻ അയാൾക്ക് നന്നായി സാധിച്ചു. തനിക്ക് അമാനുഷിക ശക്തികളുണ്ടെന്നാണ് സ്വയം കരുതിയിരുന്നത്. അനുയായികളെ അത് പറഞ്ഞ് വിശ്വസിപ്പിക്കാനും അയാൾക്ക് സാധിക്കുകയും ചെയ്തു.
.jpg?$p=a80322e&&q=0.8)
ബാല്യകാലത്തെ ദുരനുഭവങ്ങളാണ് ചാൾസിനെ കൊടുംകുറ്റവാളിയാക്കി തീർത്തതെന്ന് പറയപ്പെടുന്നു. സ്വന്തം പിതാവാരാണെന്ന് ചാൾസിന് അറിയുമായിരുന്നില്ല. അമ്മയുടെ അശ്രദ്ധ മൂലം അയാൾ ബാല്യകാലത്ത് ഒറ്റപ്പെട്ടു. ഒൻപതാം വയസ്സിൽ സ്വന്തം സ്‌കൂളിന് തീവച്ചാണ് കുറ്റകൃത്യം ആരംഭിക്കുന്നത്. ഓരോ വയസ്സു കൂടുമ്പോഴും ചാൾസിന്റെ വ്യക്തിത്വത്തിൽ കാര്യമായ വൈകല്യങ്ങൾ പ്രകടമായിത്തുടങ്ങി. പതിവായി അയാൾ സ്‌കൂളിൽ പോകാതെയായി, മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്തു. മോഷണം പതിവായതോടെ ചാൾസിനെ കർശന നിയമങ്ങളുള്ള ഒരു ബോർഡിങ് സ്‌കൂളിലേക്ക് മാറ്റി. ബോർഡിങ് സ്‌കൂളിലെ അന്തരീക്ഷവുമായി ചൾസിന് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ചെറിയ തെറ്റുകൾക്ക് പോലും ക്രൂരമായ ശിക്ഷ നൽകുന്നതായിരുന്നു അവിടുത്തെ രീതി.
തുടർന്ന് സ്‌കൂൾ അധികൃതരുടെ കണ്ണു വെട്ടിച്ച് ചാൾസ് അവിടെ നിന്ന് ഒളിച്ചോടി അമ്മയുടെ അടുത്തെത്തി. എന്നാൽ, അധികകാലം അമ്മയ്‌ക്കൊപ്പം ചാൾസിന് താമസിക്കാൻ സാധിച്ചില്ല. വീടു വിട്ടിറങ്ങി ഇന്ത്യാനാപോളിസിൽ എത്തിയ ചാൾസ് അവിടെയും മോഷണമടക്കമുള്ള കുറ്റകൃത്യങ്ങൾ തുടർന്നു. തോക്ക് അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും കവർന്നു. ഒടുവിൽ ചാൾസ് പോലീസിന്റെ പിടിയിലാകുന്നു. ഈ സമയത്ത് ചാൾസിന് പ്രായപൂർത്തിയായിരുന്നില്ല. തുടർന്ന് പോലീസ് ഇയാളെ ക്രിമിനൽ വാസനയുള്ള കുട്ടികളെ നേർവഴിക്ക് കൊണ്ടുവരുന്നതിനായി പ്രവർത്തിക്കുന്ന ഇന്ത്യാനാ ബോയ്‌സ് സ്‌കൂളിൽ (റീഫോം സെന്റർ) പ്രവേശിപ്പിക്കുന്നു.
എന്നാൽ, സ്‌കൂളിലെ അനുഭവങ്ങൾ ചാൾസിലെ കുറ്റവാളിയെ വളർത്താൻ മാത്രമേ സഹായകരമായുള്ളൂ. സഹതടവുകാരിൽനിന്ന് ചാൾസ് ഒട്ടേറെ തവണ ബലാത്സംഗത്തിന് ഇരയായി. തന്നെ ആക്രമിക്കുന്നവരെ ചെറുക്കാനുള്ള ശക്തിയും ചാൾസിന് ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ എട്ടു തവണയോളം ഇയാൾ സ്‌കൂളിൽനിന്ന് ഓടിരക്ഷപ്പെടാൻ ശമിച്ചുവെങ്കിലും ദയനീയമായി പിടിക്കപ്പെട്ടു. ഒടുവിൽ 1951-ൽ എല്ലാവരുടെയും കണ്ണുവെട്ടിച്ച് ചാൾസിന് സ്‌കൂളിൽനിന്ന് ഒളിച്ചോടാൻ സാധിച്ചുവെങ്കിലും ഒരു മോഷ്ടിച്ച കാറുമായി യാത്ര ചെയ്യവേ പോലീസിന്റെ വലയിലാകുന്നു.
ഒരു മനഃശാസ്ത്രജ്ഞന്റെ ശുപാർശ പ്രകാരം, 1951 ഒക്ടോബറിൽ ചാൾസിനെ മിനിമം സുരക്ഷാ സ്ഥാപനമായ നാച്ചുറൽ ബ്രിഡ്ജ് ഓണർ ക്യാമ്പിലേക്ക് മാറ്റി. ചാൾസിനെ ജയിലിൽ കാണാനെത്തിയ അമ്മായി അവനെ തന്റെ കൂടെ നിർത്തണമെന്ന് അപേക്ഷിക്കുന്നു. പുറത്തിറങ്ങിയ ചാൾസ് കുറ്റകൃത്യങ്ങിൽനിന്ന് പിൻമാറിയില്ല. ഒരു ആൺകുട്ടിയെ കത്തി ചൂണ്ടി ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ പോലീസിന്റെ പിടിയിലായി. തുടർന്ന് വിർജീനിയയിലെ പീറ്റേഴ്സ്ബർഗിലുള്ള ഫെഡറൽ റിഫോർമറ്ററിയിലേക്ക് ചാൾസിനെ മാറ്റി. അവിടെയും ഇയാൾ വെറുതേ ഇരുന്നില്ല, ലൈംഗികാതിക്രമം അടക്കം ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തു. തുടർന്ന് ചാൾസിനെ ഒഹായോയിലെ പരമാവധി സുരക്ഷാ സെല്ലിലേക്ക് മാറ്റി. എന്നാൽ അവിടെ ചാൾസ് തന്റെ യഥാർഥ സ്വഭാവം പുറത്തെടുത്തില്ല. അതുകൊണ്ടു തന്നെ നല്ല നടപ്പ് പരിഗണിച്ച് 1954 മെയ് മാസത്തിൽ ചാൾസ് ജയിൽ മോചിതനായി.
1955-ൽ ചാൾസ് ജീൻ വില്ലിസ് എന്ന ആശുപത്രി ജീവനക്കാരിയുമായി പ്രണയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു. ജീൻ ഗർഭം ധരിച്ച കാലത്താണ് വീണ്ടുും ഇയാൾ വാഹന മോഷണക്കേസിൽ പോലീസിന്റെ പിടിയിലാകുന്നത്. ചാൾസ് ജയിയിൽ തുടരവെ വില്ലിസ് പ്രസവിച്ചു. ആൺകുഞ്ഞായിരുന്നു അത്. എന്നാൽ, ക്രിമിനലായ ഭർത്താവിനൊപ്പം ജീവിതം തുടരാൻ വില്ലിസിന് താൽപര്യമുണ്ടായിരുന്നില്ല. പ്രൊബേഷനിൽ പുറത്തിറങ്ങിയ ചാൾസ് ലൈംഗികത്തൊഴിലാളികളായി സ്ത്രീകളെ കടത്തുന്നതടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു. അതിനിടെയാണ് ലൈംഗികത്തൊഴിലിനായി ചാൾസ് ഉപയോഗിച്ച ലിയോണ സ്റ്റീഫൻ എന്ന യുവതി പോലീസ് പിടിയിലാകുന്നത്. തങ്ങൾ പ്രണയത്തിലാണെന്നും താൻ ചാൾസിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ലിയോണ പോലീസിനോട് പറഞ്ഞു. അതുകൊണ്ടു തന്നെ ചാൾസിനെതിരേ മൊഴി നൽകാൻ ലിയോണ തയ്യാറായില്ല. 1959-ൽ ചാൾസിനെ ലിയോണ വിവാഹം കഴിച്ചു.
വേശ്യാവൃത്തിക്കായി ലിയോണയെയും മറ്റൊരു സ്ത്രീയെയും ന്യൂ മെക്‌സിക്കോയിലേക്ക് കൊണ്ടുപോകുമ്പോൾ ചാൾസ് പോലീസ് പിടിയിലായി. പ്രൊബേഷൻ നിയമങ്ങൾ ലംഘിച്ചതിനും മനുഷ്യകടത്തിനും പത്ത് വർഷമാണ് ചാൾസിന് തടവ് ശിക്ഷ ലഭിച്ചത്. അതിനിടെ ലിയോണ ചാൾസിൽനിന്ന് വിവാഹമോചനം നേടി. 1967, മാർച്ച് 21-ന് ചാൾസ് ജയിൽ മോചിതനാകുന്നു. അന്നയാൾക്ക് 32 വയസ്സാണ് പ്രായം. ജീവിതം മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ജയിലിലും ദുർഗുണ പരിഹാര പാഠശാലകളിലുമാണ് ചാൾസ് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത്.
കൾട്ട് രൂപപ്പെടുന്നു
മോഷണത്തിലും മനുഷ്യക്കടത്തിലും ചാൾസിന് ആനന്ദം കണ്ടെത്താൻ സാധിക്കാതെ വന്നപ്പോഴാണ് ചാൾസ് മാൻഷൻ ഫാമിലി എന്ന പേരിൽ കൾട്ട് രൂപീകരിക്കാൻ തീരുമാനിക്കുന്നത്. അയാൾക്ക് ഒരു രാജാവിനെപ്പോലെ ജീവിക്കണമായിരുന്നു. ഒട്ടേറെ അനുയായികൾ വേണമായിരുന്നു. അങ്ങനെയിരിക്കേയാണ് ബെർക്കെലെ യൂണിവേഴ്സിറ്റി കാമ്പസിലെ ലൈബ്രേറിയൻ മേരി ബ്രൂണർ ചാൾസിന്റെ വലയിലാകുന്നത്. പിന്നീട് ചാൾസ് ലക്ഷ്യമിട്ടത് വീട്ടിൽനിന്ന് കടുത്ത അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന കൗമാരപ്രായക്കാരെയാണ് അവരിൽ പലരും വീട്ടിൽനിന്ന് ഒളിച്ചോടിയവരോ അല്ലെങ്കിൽ ലഹരിയ്ക്ക് അടിമപ്പെട്ടവരോ ആയിരുന്നു. സംഗീതത്തിൽ താൽപര്യമുണ്ടായിരുന്ന ചാൾസിന്റെ ആട്ടവും പാട്ടുമായുള്ള ജീവിതവും അരാജകവാദവും ഒരുപാട് യുവാക്കളെ ആകർഷിച്ചു. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സാമൂഹ്യവിരുദ്ധരായി ജീവിക്കാനാണ് ചാൾസ് തന്റെ അനുയായികളെ പഠിപ്പിച്ചത്. ലഹരിമരുന്നും ലൈംഗികതയും വാഗ്ദാനം ചെയ്ത് ഇക്കൂട്ടരെ തനിക്കൊപ്പം ചേർത്തു നിർത്താൻ ചാൾസിന് കഴിഞ്ഞു. ഗായകനും അഭിനേതാവുമായിരുന്ന ചാൾസ് വാട്ട്സൺ, മുൻ പോൺ താരം ബോബി ബിയോസോലെ, സൂസൻ അറ്റ്കിൻസ്, സൂസൻ അറ്റ്കിൻസ്, പട്രീഷ്യ ക്രെൺവിൻകൽ, ലെസ്ലി വാൻഹൂട്ടൻ എന്നിവരടക്കം ഒട്ടേറെ ചെറുപ്പക്കാർ ചാൾസിന്റെ അടിമകളായി.
.jpg?$p=2922c1a&&q=0.8)
മോഷണം തന്നെയായിരുന്നു ചാൾസിന്റെയും സംഘത്തിന്റെയും പ്രധാന വരുമാന മാർഗം. ബാക്കിയുള്ള സമയങ്ങളിൽ ഇവർ ലഹരിയിൽ ആറാടി. അദൃശ്യ ശക്തികളുമായി താൻ സംവദിക്കാറുണ്ടെന്നും തനിക്ക് അമാനുഷിക ശക്തിയുണ്ടെന്നും ചാൾസ് മാൻഷൻ അംഗങ്ങളെ ധരിപ്പിച്ചു. ചാൾസിന്റെ പ്രീതി പിടിച്ചു പറ്റാൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു അയാളുടെ അനുയായികൾ.
കൊലപാതക പരമ്പരകൾക്ക് തുടക്കമാകുന്നു
മാൻഷൻ ഫാമിലിയുമായി അടുപ്പമുണ്ടായിരുന്ന ഗാരി ഹിൻമാനാണ് കൊലപാതക പരമ്പരയുടെ ആദ്യ ഇര. ഗായകനായിരുന്നു ഹിൻമാൻ. പണവുമായി ബന്ധപ്പെട്ട ഒരു തർക്കത്തിൽ ഹിൻമാനെ ചാൾസ് ദിവസങ്ങളോളം തടവിലാക്കി. തങ്ങളുടെ ആവശ്യങ്ങക്ക് ഹിൻമാൻ വഴങ്ങാതെ വന്നപ്പോൾ ചാൾസും സംഘവും ഇയാളെ വാളും കത്തിയും ഉപയോഗിച്ച് അതിക്രൂരമായി കൊലപ്പെടുത്തി. ആഫ്രിക്കൻ-അമേരിക്കൻ ഇടതുപക്ഷ സംഘടനയായ ബ്ലാക്ക് പാന്തർ പാർട്ടിയെ പ്രതിക്കൂട്ടിലാക്കാൻ ബ്ലാക്ക് പാന്തറിന്റെ ലോഗോയ്ക്കൊപ്പം ചുവരിൽ ഹിൻമാന്റെ രക്തം ഉപയോഗിച്ച് 'പൊളിറ്റിക്കൽ പിഗ്ഗി' എന്ന് കുറിച്ചു.
.jpg?$p=aa62323&&q=0.8)
| Photo: Public Domain
1969 ഓഗസ്റ്റ്എട്ടിന് ലഹരിമരുന്നിന്റെയും മദ്യത്തിന്റെയും ഉന്മാദത്തിൽ ചാൾസിന്റെ സംഘം ബെവർലി ഹിൽസിലെത്തി. സ്റ്റീഫൻ പാരന്റ് എന്ന പതിനെട്ടുകാരനായിരുന്നു ബെവർലി ഹിൽസിലെ ആദ്യ ഇര. ഷാരോണിന്റെ വസ്തുവകകൾ നോക്കിനടത്തുന്ന വില്യം ഗാരസ്റ്റണിനെ കാണാനെത്തിയതായിരുന്നു സ്റ്റീഫൻ. അതിനിടെയാണ് ഇയാൾ മാൻഷൻ ഫാമിലിയുടെ കണ്ണിൽപ്പെടുന്നത്. അപകടം മനസ്സിലായതോടെ സ്റ്റീഫൻ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, അതിനിടെ അക്രമികൾ കാറിന് മുന്നിലേക്ക് ചാടി വീണ് സ്റ്റീഫനെ വെടിവെച്ച് കൊലപ്പെടുത്തി. സമയം ഒട്ടുംകളയാതെ ഷാരോണിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറിയ സംഘം അതിക്രൂരമാരമായി ഓരോരുത്തരെയായി കൊലപ്പെടുത്തി. തോക്കിന് പകരം മൂർച്ചയുള്ള കത്തിയായിരുന്നു ആയുധമായി ഉപയോഗിച്ചത്. സൂസൻ അറ്റ്കിൻസാണ് ഷാരോണിനെ അതിക്രൂരമായി ആക്രമിച്ചതെന്ന് പറയപ്പെടുന്നു. ഷാരോണിന്റെ വസതിയിൽനിന്ന് ഇറങ്ങിയ ശേഷമാണ് ഇവർ ലാബിയാങ്ക ദമ്പതികളെ വകവരുത്തുന്നത്.
കുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ള കാരണമെന്ത്?
ലോകപ്രശസ്ത സംഗീത ബാൻഡായ ബീറ്റിൽസിന്റെ കറകളഞ്ഞ ആരാധകനായിരുന്നു ചാൾസ്. ബീറ്റിൽസിനെ അനുകരിച്ച് നിരവധി ഗാനങ്ങളുമെഴുതി. ലഹരിമരുന്നും സംഗീതവും ചേർന്ന് ഭ്രാന്തമായ അവസ്ഥയിലെത്തിയപ്പോൾ അമേരിക്കയെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്യാനായിരുന്നു ചാൾസ് ആഗ്രഹിച്ചത്. ചുരുക്കത്തിൽ വംശീയയുദ്ധം ഉണ്ടാക്കാനായിരുന്നു ചാൾസിന്റെ ലക്ഷ്യം. അത് തന്റെ അനുയായികളെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിലും അയാൾ വിജയിച്ചു. ബീറ്റിൽസിന്റെ വെറ്റ് എന്ന ആൽബത്തിലെ ഹെൽറ്റർ സ്‌കെൽറ്റർ എന്ന ഗാനമായിരുന്നു ചാൾസിന്റെ ആയുധം. അയാളതിനെ തെറ്റായി വ്യാഖ്യാനിച്ചു.
അമേരിക്കയിൽ കറുത്തവരും വെളുത്തവരും തമ്മിൽ ഒരു യുദ്ധത്തിന് സമയമായെന്ന് അനുയായികളെ വിശ്വസിപ്പിച്ചു. അതിന്റെ അനന്തരഫലമായിരുന്നു കൊലപാതകങ്ങൾ. യാതൊരു മുന്നൊരുക്കവും നടത്താതെ ധനികരും പ്രശസ്തരും താമസിക്കുന്ന ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറി ഭീതി വിതയ്ക്കുക, കണ്ണിൽ കാണുന്നവരെയെല്ലാം കൊലപ്പെടുത്തുക. ആഫ്രോ- അമേരിക്കൻ ബ്ലാക്ക് പാന്തർ പാർട്ടിയാണ് ഈ സംഭവത്തിന് പിന്നിലെന്ന് വരുത്തിത്തീർക്കുക. തുടർന്ന് ലഭിക്കുന്ന വാർത്താപ്രാധ്യാനം വംശീയയുദ്ധത്തിൽ കലാശിക്കുമെന്ന് ചാൾസ് സ്വപ്നം കണ്ടു.
അറസ്റ്റും വിചാരണയും
അറ്റ്കിൻസിന്റെ വെളിപ്പെടുത്തലിന് ശേഷം കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മാൻഷൻ ഫാമിലി അംഗങ്ങൾ 1969 ഒക്ടോബറിനും ഡിസംബറിനും ഇടയിലുള്ള കാലഘട്ടത്തിൽ പോലീസിന്റെ വലയിലായി. ഒരു തരത്തിലുമുള്ള കുറ്റബോധവുമില്ലാതെ അതിയായ സന്തോഷത്തോടെയാണ് മാൻഷൻ അംഗങ്ങൾ വിചാരണയിൽ പങ്കെടുത്തത്. മാൻഷൻ പെൺസംഘത്തിലെ പ്രമുഖരായ സൂസൻ അറ്റ്കിൻസ്, ലെസ്ലി ഹൂൻട്ടൺ, പട്രീഷ്യ ക്രെൻവിങ്കൽ എന്നിവർ സൂപ്പർ മോഡലുകളെപ്പോലെ വസ്ത്രം ധരിച്ച് ആത്മവിശ്വാസത്തോടെ കോടതിയിലെത്തി. ഈ ചിത്രങ്ങൾ അക്കാലത്ത് മാധ്യമങ്ങളിൽ വലിയ പ്രധാന്യത്തോടെയാണ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. വിചാരണയ്ക്കിടെ കോടതിയിൽ ചാൾസ് പറഞ്ഞത് ഇങ്ങനെയായിരുന്നു: ഞാൻ ആരെയും കൊന്നിട്ടില്ല, കൊല്ലാൻ പറഞ്ഞിട്ടുമില്ല. എന്നിലൂടെ ആരോ അത് പ്രേരണ നൽകുകയായിരുന്നു. ഒരു പക്ഷേ ഞാൻ ദൈവമായിരിക്കാം. പക്ഷേ, ഞാൻ ആരാണെന്നതിൽ ഇതുവരെ ഒരു തീരുമാനം ആയിട്ടില്ല.

| Photo: George Brich/AP
ജൂൺ 15, 1970. മാസങ്ങൾ നീണ്ട വിചാരണയ്ക്ക് ശേഷം അന്തിമവിധി പുറപ്പെടുവിക്കുന്ന ദിവസമെത്തി. കോടതിക്കുള്ളിലും സമീപത്തും തടിച്ചുകൂടിയവരുടെ രോഷമൊന്നും ചാൾസിനെയും സംഘത്തെയും ബാധിച്ചില്ല. യാതൊരു കൂസലുമില്ലാതെയാണ് അവർ വിധി കേൾക്കാനെത്തിയത്.
ചാൾസ് മാൻഷൻ, സൂസൻ അറ്റ്കിൻസ്, ലെസ്ലീ ഹൂട്ടൺ, പട്രീഷ്യ ക്രെൻവിങ്കൽ, ടെക്സ് വാട്ട്സൺ എന്നിവർക്കെതിരേയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പോലീസിനും അഭിഭാഷകർക്കും സാധിച്ചു. മാൻഷൻ ഫാമിലിയിലെ ഏതാനും അംഗങ്ങൾ ചാൾസിനും മറ്റു മുഖ്യപ്രതികൾക്കുമെതിരേ മൊഴി നൽകിയതും കേസിൽ നിർണായകമായിരുന്നു. "മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ കൊലപാതകത്തിന് പിന്നിൽ മാൻഷൻ കുടുംബമാണെന്ന് തെളിഞ്ഞിരിക്കുന്നു. തികച്ചും അബദ്ധജടിലമായ ആശയങ്ങൾക്ക് പിന്തുടർന്ന ഇവരുടെ ക്രൂരയ്ക്ക് നിസ്സഹായരായ ഒരുപാടാളുകൾ ഇരയായി. വധശിക്ഷയിൽ കുറഞ്ഞതൊന്നും ഇവർ അർഹിക്കുന്നില്ല."- ജൂറി വിധിച്ചു.കേസിലെ മറ്റു പ്രതികളായ ബോബി ബ്യൂസോലെ, ബ്രൂസ് ഡഡേവിസ്, സ്റ്റീഫൻ ഗ്രോഗൻ എന്നിവർക്ക് ജീവപര്യന്തം തടവുശിക്ഷ നൽകി.
മേൽപ്പറഞ്ഞത് കൂടാതെ ഏതാണ്ട് ഇരുപതോളം കൊലപാതകങ്ങളിൽ മാൻഷൻ ഫാമിലിയ്ക്ക് പങ്കുണ്ടെന്നാണ് പോലീസ് വിശ്വസിക്കുന്നത്. തെളിവുകൾ അപര്യാപ്തമായതിനാൽ ആ കേസുകളിലെ നടപടികൾ മുന്നോട്ട് കൊണ്ടുപോകാനായില്ല. വിധി വന്നതിന് ശേഷം സൂസൻ അറ്റ്കിൻസ്, ലെസ്ലീ ഹൂട്ടൺ, പട്രീഷ്യ ക്രെൻവിങ്കൽ എന്നിവർ നടത്തിയ പ്രതികരണം വലിയ ചർച്ചയായിരുന്നു. ചാൾസ് പുറത്തിറങ്ങും, തങ്ങൾ എല്ലാവരും പുറത്തിറങ്ങും. താമസിയാതെ ഒരു വിപ്ലവത്തിന് നാമെല്ലാവരും സാക്ഷിയാകും. ബ്ലഡി റെവലൂഷൻ എന്ന വാക്കാണ് അന്നവർ മാധ്യമങ്ങൾ സാക്ഷിനിൽക്കേ പറഞ്ഞത്. 1972-ൽ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കികൊണ്ടുള്ള വിധി പുറപ്പെടുവിച്ചു. മാൻഷൻ ഫാമിലിയിലെ മുഖ്യപ്രതികളുടെ ശിക്ഷ ജീവപര്യന്തമായി.
ജയിയിൽ ഒടുങ്ങിയ ചാൾസും സൂസൻ അറ്റ്കിൻസും
ലോസ് ആഞ്ജലീസിലെ സ്റ്റേറ്റ് പ്രിസണിലാണ് ചാൾസിനെ ആദ്യം പാർപ്പിച്ചത്. കൊലപാതകം, ബലാത്സംഗം, മോഷണം, ഗൂഢാലോചന, കുറ്റകൃത്യത്തിനുള്ള പ്രേരണ, ലഹരിമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങി ഒരുപാട് കുറ്റകൃത്യങ്ങൾ ചാൾസിന്റ അക്കൗണ്ടിലുണ്ടായിരുന്നു. 1978-ൽ ചാൾസ് പരോളിന് അപേക്ഷ നൽകിയെങ്കിലും കോടതി നിഷേധിച്ചു. 1980-കളിൽ ചാൾസ് മുഖ്യധാരാ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി. അതിൽ പ്രധാനമായും അയാൾ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയായിരുന്നു:
"ഞാൻ ആരെയും കൊന്നിട്ടില്ല. ജഡ്ജി എന്നെ കുറ്റവാളിയാക്കി. കാരണം ജനങ്ങൾക്ക് അങ്ങനെ വിശ്വസിക്കാനായിരുന്നു ഇഷ്ടം. ഷാരോണിന്റെ കൊലപാതകത്തിൽ എനിക്ക് പങ്കുണ്ടെന്ന് എങ്ങിനെ പറയാൻ സാധിക്കും? ഞാൻ ആരെ കൊന്നുവെന്നാണ് നിങ്ങൾ പറയുന്നത്?" പക്ഷേ, തെളിവുകൾ നിരത്തിയുള്ള ഒട്ടുമിക്ക ചോദ്യങ്ങൾക്കും ചാൾസ് മറുപടി പറഞ്ഞില്ല. മാനസിക വിഭ്രാന്തിയുള്ള ഒരാളെപ്പോലെയായിരുന്നു ചാൾസിന്റെ പെരുമാറ്റം. എന്നാൽ, അതെല്ലാം അയാളുടെ അഭിനയമാണെന്നാണ് ജയിലിൽ അധികൃതരടക്കം വിശ്വസിച്ചിരുന്നത്.
1984 സെപ്തംബർ 25-ന് സഹതടവുകാരൻ ചാൾസിന്റെ ശരീരത്തിൽ ജാൻ ഹോംസ്ട്രോം പെയിന്റ് തിന്നർ ഒഴിച്ച് തീ കൊളുത്തി. ചാൾസ് തന്റെ ഹരേ കൃഷ്ണ കീർത്തനത്തെ അപമാനിക്കുകയും വാക്കാൽ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ജാൻ ഹോംസ്ട്രോം ആരോപിച്ചത്. ശരീരത്തിന്റെ 20 ശതമാനം പൊള്ളലേറ്റ ചാൾസിനെ കാലിഫോർണിയ മെഡിക്കൽ സെന്ററിലേക്ക് മാറ്റി.

1989-ന് ശേഷം, കിംഗ്സ് കൗണ്ടിയിലെ കാലിഫോർണിയ സ്റ്റേറ്റ് ജയിലിലായിരുന്നു ചാൾസ്. അവിടെ ലഹരിമരുന്നു കടത്തിയതിന് ചാൾസ് പിടിക്കപ്പെട്ടു. തുടർന്ന് പെലിക്കൻ ബേ സ്റ്റേറ്റിലെ ജയിലിലേക്ക് മാറ്റി. 2011 ജൂൺ മാസത്തിൽ വാർധക്യത്തിലെത്തിയ ചാൾസിന്റെ ചിത്രം ജയിൽ അധികൃതർ പുറത്തുവിട്ടു. അതിൽ സ്വസ്തിക ചിഹ്നം പച്ചക്കുത്തിയ നിലയിലായിരുന്നു അയാളുടെ നെറ്റിത്തടം. 2017 ജനുവരി ഒന്നിനാണ് ചാൾസിന്റെ പേര് വീണ്ടും ചർച്ചയാവുന്നത്. ആന്തരികാവയങ്ങളിലെ രക്തസ്രാവത്തെ തുടർന്ന് ചാൾസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാൾസിന്റെ ചികിത്സയുമായി സംബന്ധിച്ച വിവരങ്ങളൊന്നും ജയിൽ അധികൃതർ പുറത്തുവിട്ടില്ല. എന്നാൽ, വൻകുടലിലെ അർബുദമടക്കം ധാരാളം ധാരാളം ആരോഗ്യപ്രശ്‌നങ്ങൾ അയാൾ അനുഭവിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 2017 നവംബർ 11-ന് ഹൃദയാഘാതത്തെ തുടർന്ന് ചാൾസ് മരണത്തിന് കീഴടങ്ങി.
2009 സെപ്തംബർ 24-ന് സൂസൻ അറ്റകിൻസ് കാലിഫോർണിയയിലെ ചൗചില്ലയിലെ ജയിലിൽ വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് മരിച്ചു. ലാബിയാങ്ക കൊലപാതകത്തിലെ മുഖ്യപ്രതി പട്രീഷ്യ ക്രെൻവിങ്കൽ കാലിഫോർണിയയിലെ ചിനോ വനിതാ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. 79 വയസ്സു തികഞ്ഞ ക്രെൻവിങ്കലിന് ഇതുവരെ പരോൾ ലഭിച്ചിട്ടില്ല. കൊലപാതക സംഘത്തിലെ മറ്റൊരു വനിതയായ ലെസ്ലി ഹൂട്ടൺ കാലിഫോർണിയയിലെ കൊറോണ വനിത ജയിലിൽ ജീവപര്യന്തം അനുഭവിക്കുന്നു. 19 തവണ ഹൂട്ടണിന്റെ പരോൾ നിഷേധിക്കപ്പെട്ടു. ലാ ബിയാങ്ക ദമ്പതികളെ കൊല്ലുന്നതിന് ക്രെൻവിങ്കലിന് സഹായം ചെയ്ത കുറ്റത്തിനാണ് ഹൂട്ടണിന് ശിക്ഷ ലഭിച്ചത്. ചെയ്ത അപരാധത്തിൽ അതിയായ കുറ്റബോധമുണ്ടെന്ന് 2003-ൽ പരോളിന് അപേക്ഷ നൽകിയ അവസരത്തിൽ ജൂറിയ്ക്ക് മുന്നിൽ ഹൂട്ടൺ തുറന്ന് പറഞ്ഞു.
.jpg?$p=79c0b37&&q=0.8)
ചാൾസ് മാൻഷന്റെ വലംകൈ എന്നറിയപ്പെട്ടിരുന്ന ചാൾസ് വാട്ട്സൺ കാലിഫോർണിയയിലെ മൂൾ ക്രീക്ക് സ്റ്റേറ്റ് ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നു. അതിനിടെ ഇയാൾ വിവാഹിതനാവുകയും (conjugal rights ) ആ ബന്ധത്തിൽ നാല് കുട്ടികൾ ഉണ്ടാവുകയും ചെയ്ത്. പതിനേഴ് വട്ടമാണ് ചാൾസ് വാട്ട്സൺറെ പരോൾ നിഷേധിക്കപ്പെട്ടത്. പിന്നീട് ആത്മീയ മാർഗത്തിലേക്ക് തിരിഞ്ഞ വാട്ട്സൺ സുവിശേഷ പ്രചാരകനായി. ഗായകൻ ഗാരി ഹിൻമാനെ കൊലപ്പെടുത്തിയ കുറ്റത്തിൽ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ബ്രൂഡ് ഡേവിസിന്റെ പരോൾ അപേക്ഷ മുപ്പതിലേറെ തവണ തള്ളിപ്പോയി. ഇയാൾ പുറത്തിറങ്ങിയാൽ സമൂഹത്തിന് അപകടം ചെയ്യുമെന്നായിരുന്നു ജൂറി അതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.
വെള്ളിത്തിരയിലെ മാൻഷൻ ഫാമിലി
ഹോളിവുഡിനെ ഭീതീയിലാഴ്ത്തിയ ഷാരോൺ ടേറ്റ്-ലാബിയാങ്ക കൊലപാതകങ്ങളെക്കുറിച്ചും ചാൾസ് ഫാമിലിയെക്കുറിച്ചും ഒട്ടേറെ സിനിമകളും ഡോക്യുമെന്ററികളും സീരീസുകളും നിർമിക്കപ്പെട്ടു. കൂടാതെ ധാരാളം പുസ്തകങ്ങൾ രചിക്കപ്പെട്ടു. ഹെൽറ്റർ സ്‌കെൽറ്റർ, വൂൾവ്‌സ് അറ്റ് ദ ഡോർ, മാൻഷൻസ് ലോസ്റ്റ് ഗേൾസ്, ദ മാൻഷൻ ഫാമിലി മസാക്രേ, ദ സിക്‌സ് ഡിഗ്രീസ് ഓഫ് ഹെലൻ സ്‌കെൽറ്റർ തുടങ്ങിയവ ഏതാനും ഉദാഹരണങ്ങളാണ്. ക്വിന്റെൻ ടൊറന്റിനോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ വൺസ് അപ്പ് ഓൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രമാണ് അക്കൂട്ടത്തിൽ ഏറ്റവും പുതിയത്. ലിയനാർഡോ ഡി കാപ്രിയോ, ബ്രാഡ് പിറ്റ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഷാരോൺ ടേറ്റിന്റെ മരണം നൽകിയ ആഘാതം റൊമൻ പൊളാൻസ്‌കിയെ ഇപ്പോഴും വേട്ടയാടികൊണ്ടിരിക്കുന്നു. അന്ന് ഷാരോണിനോട് യാത്ര പറഞ്ഞ് സിനിമാ ചിത്രീകരണത്തിനായി പൊളാൻസ്‌കി ഇംഗ്ലണ്ടിലേക്ക് തിരിക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത അസ്വസ്ഥതയായിരുന്നു. പക്ഷേ, ആ വിടവാങ്ങൽ ഒടുവിലത്തേതാണെന്ന് പൊളാൻസ്‌കി അറിഞ്ഞില്ല. തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ കാണാൻ കൊതിയോടെ കാത്തിരുന്ന പൊളാൻസ്‌കിയെ കാത്തിരുന്നത് രണ്ട് ചേതനയറ്റ ശരീരങ്ങളായിരുന്നു.
.jpg?$p=79c0b37&&q=0.8)
Content Highlights: who is Charles Manson, Sharon Tate murder case, once upon a time in Hollywood , crime history
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..