'കാണാനില്ലെന്ന വാര്‍ത്തകള്‍ കണ്ട് ആസ്വദിച്ചു'; സുകുമാരക്കുറുപ്പ് മോഡലിന് ശ്രമിച്ചയാളെ പിടിച്ച കഥ


കെ.ആര്‍.കെ. പ്രദീപ്‌

പ്രതിയെ പിടികൂടിയ റിട്ടയേഡ് എസ്.ഐ വിൽസൺകുട്ടി

പത്തനംതിട്ട: പണം തിരികെ കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ കള്ളകഥ പ്രചരിപ്പിച്ച് മുങ്ങിയ യുവാവിനെ പൊക്കിയ അനുഭവമാണ് റിട്ട. എസ്.ഐ. കോന്നി താഴം തെങ്ങുംപറമ്പില്‍ ടി.എസ്. വില്‍സണ്‍കുട്ടിക്ക് ഓര്‍ക്കാനുള്ളത്. 2012 ഓഗസ്റ്റ് 27-നാണ് സംഭവം. വില്‍സണ്‍കുട്ടി അന്ന് പൂനലൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായിരുന്നു. രാത്രി എട്ട് മണിയോടെ ഒരു യുവതിയും അവരുടെ കുഞ്ഞമ്മയുംകൂടി പുനലൂര്‍ സ്റ്റേഷനില്‍ എത്തി.

തന്റെ ഭര്‍ത്താവ് കരവാളൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ ആണെന്നും വീടിന് സമീപമുള്ള ജങ്ഷനില്‍നിന്നാണ് ഓട്ടം പോകുന്നതെന്നും യുവതി അറിയിച്ചു. തൊഴിലുറപ്പ് ജോലിയാണ് ഭാര്യക്ക്.രാവിലെ ഓട്ടോറിക്ഷയുംകൊണ്ട് പോകുന്ന ഭാര്‍ത്താവ് ഉച്ചയ്ക്ക് ഉണ്ണാന്‍ വീട്ടില്‍ എത്തുക പതിവായിരുന്നു. ആ ദിവസം വീട്ടിലെത്തുകയോ ഫോണ്‍ ചെയ്യുകയോ ചെയ്തില്ല. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ നോക്കിയപ്പോള്‍ സ്വിച്ചോഫ് ആയിരുന്നു. ഒരുലക്ഷം രൂപ ഭര്‍ത്താവിന്റെ കൈവശം ഉണ്ടായിരുന്നതായി മൊഴി നല്‍കി.ഈ പണം എങ്ങനെ ലഭിച്ചു എന്ന ചോദ്യത്തിന് കൂടെയുണ്ടായിരുന്ന കുഞ്ഞമ്മ വസ്തു വാങ്ങാന്‍വേണ്ടി ഏല്‍പ്പിച്ചതായിരുന്നു എന്ന് പറഞ്ഞു. ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ടിലാണ് അത് നിക്ഷേപിച്ചിരുന്നത്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ബാങ്കില്‍നിന്ന് എടുത്തുകൊണ്ടുവരാനാണ് ഭര്‍ത്താവ് പോയതെന്നും പറഞ്ഞു.മാന്‍ മിസിങ്ങിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി. ഇയാളെ തിരയുന്നതിനിടെ കാണാതായ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെ അച്ചന്‍കോവിലിലേക്ക് ഓട്ടം പോകുകയാണെന്നും പറഞ്ഞ് സ്റ്റാന്‍ഡില്‍നിന്ന് പോയതായി അറിഞ്ഞു.

പിറ്റേദിവസം രാവിലെ 7.30-ഓടെ കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ ഭാര്യ കുടുംബ സുഹൃത്തുമായി പോലീസ് സ്റ്റേഷനില്‍ എത്തി. ഭര്‍ത്താവിന്റെ ഓട്ടോറിക്ഷ അച്ചന്‍കോവില്‍ വനത്തിന് സമീപം മറിഞ്ഞുകിടക്കുന്നതായും ഇയാളുടെ പഴ്സും വാച്ചും മൊബൈല്‍ഫോണും അവിടെത്തന്നെ കിടക്കുന്നതായും പോലീസിന് വിവരം നല്‍കി. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണമുള്ളതായും പറഞ്ഞു. ഭര്‍ത്താവിന്റെ കൈവശം ഉണ്ടായിരുന്ന പണം തട്ടിയെടുത്ത ശേഷം അദ്ദേഹത്തെ അപായപ്പെടുത്തിയതാണെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു.

വില്‍സണ്‍കുട്ടി സംഭവസ്ഥലത്തേക്ക് തിരിച്ചു.അലിമുക്ക് വഴിയാണ് വില്‍സണ്‍കുട്ടിയും സംഘവും തിരിച്ചത്. സ്ഥലത്തെത്തി മഹസര്‍ തയ്യാറാക്കുന്നതിനിടെ ഡിവൈ.എസ്.പി.യുടെ ഫോണ്‍ സന്ദേശം വന്നു. കാണാതായ ഓട്ടോ ഡ്രൈവര്‍ ചെങ്കോട്ടയിലേക്ക് കടന്നതായി വിവരം കിട്ടിയിട്ടുണ്ടെന്ന്.തുടര്‍ അന്വേഷണം തമിഴ്നാട്ടിലെ ചെങ്കോട്ടയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇതിനിടെ ഓട്ടോ ഡ്രൈവറുടെ ഭാര്യ പോലീസിനെ വിളിച്ച് ഭര്‍ത്താവിന്റെ ഫോണ്‍ സന്ദേശം കിട്ടിയെന്നും താനീലോകത്തുനിന്ന് യാത്ര പറയുകയാണെന്നും മധുരയിലെ ഏതെങ്കിലും റെയില്‍വേ ട്രാക്കില്‍ തന്റെ മൃതദേഹം കാണുമെന്നും ആയിരുന്നു സന്ദേശമെന്നും അറിയിച്ചു.

വില്‍സണ്‍കുട്ടിയും തമിഴ് അറിയാവുന്ന ഒരു പോലീസുകാരനും കൂടി മധുരയില്‍ എത്തി റെയില്‍വേ പോലീസിന്റെ സഹായം തേടി. റെയില്‍വേ ട്രാക്കില്‍ ഒരാള്‍ വീണ് മരിച്ചിട്ടുള്ളതായും അയാളുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും റെയില്‍വേ പോലീസ് പറഞ്ഞു. അന്വേഷണത്തില്‍ അയാള്‍ മലയാളി അല്ലെന്ന് ബോധ്യപ്പെട്ടു. മധുരയിലെ അന്വേഷണത്തിന്റെ രണ്ടാം ദിവസം ഭാരത് ബന്ദായിരുന്നു. ഇത് കാരണം പോലീസ് സംഘത്തിന് അവിടെ ലോഡ്ജില്‍ കഴിയേണ്ടിവന്നു.

ഇതിനിടെ വില്‍സണ്‍കുട്ടിയും കൂടെയുള്ള പോലീസുകാരും മധുരമീനാക്ഷിക്ഷേത്രം കാണാന്‍ പോയി. ക്ഷേത്രത്തിന് സമീപം എത്തിയപ്പോള്‍ ഒരു കടയുടെ മുന്നില്‍ സിഗരറ്റ് വലിച്ച് പത്രം വായിച്ചുനില്‍ക്കുന്ന ഒരാളെ കണ്ടു. കാഴ്ചയില്‍ മലയാളിയുടെ ലക്ഷണമായിരുന്നു. ഇവരെ കണ്ടപാടെ ഇയാള്‍ ഓടി ഒളിക്കാന്‍ തുടങ്ങി. സംശയം തോന്നിയ വില്‍സണ്‍കുട്ടി ഇയാളെ ബലമായി പിടിച്ചു. സംഭവം കണ്ടുനിന്ന തമിഴ്നാട്ടുകാര്‍കൂടി ബഹളംവെച്ചു. കേരള പോലീസ് ആണെന്നു കാണിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് ആള്‍ക്കൂട്ടത്തില്‍നിന്ന് വില്‍സണ്‍കുട്ടിയും പോലീസുകാരും രക്ഷപ്പെട്ടത്.

ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ സത്യം മണിമണിയായി തുറന്നുപറഞ്ഞു. കുഞ്ഞമ്മ വസ്തു വാങ്ങാനായി നല്‍കിയ തുക തിരികെ കൊടുക്കാന്‍ ഇല്ലാതെ വന്നപ്പോള്‍ കെട്ടിച്ചമച്ച കഥകളാണ് ഭാര്യ മുഖാന്തരം പ്രചരിപ്പിച്ചതെന്ന് പറഞ്ഞു. കുഞ്ഞമ്മ തന്ന പണം ബാങ്കില്‍ നിക്ഷേപിക്കാതെ പാസ്ബുക്കില്‍ സ്വയം എഴുതിച്ചേര്‍ത്തതാണെന്നും പറഞ്ഞു. കുറെ പൈസ ചെലവായിപ്പോയതായും അച്ചന്‍കോവിലിലെ കഥ പാളിപ്പോയപ്പോള്‍ മധുര റെയില്‍വേട്രാക്കില്‍ ഒരാള്‍ മരിച്ചു കിടക്കുന്നത് കണ്ട് അത് താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതാണെന്നും പറഞ്ഞു.

അടുത്ത ദിവസംതന്നെ ഡല്‍ഹിയിലേക്ക് പോകാനായിരുന്നു പദ്ധതി.മലയാളപത്രങ്ങളില്‍ ഇയാളെ കാണാതായ വാര്‍ത്തകളും പോലീസ് അന്വേഷണവും മധുരയില്‍ ഇരുന്ന് വായിച്ച് ആസ്വദിച്ചതായിട്ടും ഓട്ടോ ഡ്രൈവര്‍ പോലീസിനോട് സമ്മതിച്ചു.സുകുമാരക്കുറുപ്പിന്റെ സമാനമായ തിരോധാന കഥ മെനയാനുള്ള ഓട്ടോ ഡ്രൈവറുടെയും കുടുംബത്തിന്റെയും പദ്ധതി പൊളിച്ചത് വില്‍സണ്‍കുട്ടിക്കും പുനലൂര്‍ പോലീസിനും സന്തോഷിക്കാന്‍ വക നല്‍കി.

Content Highlights: crime news, crime diary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented