
കൊല്ലപ്പെട്ട പദ്മാക്ഷി, ഗോപാലകൃഷ്ണൻ
കാട്ടാക്കട(തിരുവനന്തപുരം): ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഗൃഹനാഥന് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുറ്റിച്ചല്‍ കോട്ടൂര്‍ എരുമക്കുഴി താന്നിമൂട് അജിത് ഭവനില്‍ പദ്മാക്ഷി(52) യാണ് കൊല്ലപ്പെട്ടത്. സംഭവശേഷം ഭര്‍ത്താവ് ഗോപാലകൃഷ്ണന്(66) കാട്ടാക്കട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു പദ്മാക്ഷിയെ കൊലപ്പെടുത്തിയതെന്നു കരുതുന്നു. ഒരു മണിയോടെ ഗോപാലകൃഷ്ണന് ബൈക്കില്‍ വീട്ടില്‍ നിന്നു പുറത്തേക്ക് പോകുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടു. ഇയാളുടെ ശരീരത്തില്‍ രക്തക്കറ കണ്ടതിനാല്‍ അവര്‍ വിവരം ഇയാളുടെ മകനെ അറിയിച്ചു. മകനെത്തി അടച്ചിട്ടിരുന്ന വീട് തുറന്നുനോക്കിയപ്പോഴാണ് അടുക്കളയില്‍ രക്തം വാര്‍ന്ന നിലയില്‍ പദ്മാക്ഷിയെ കണ്ടെത്തിയത്. മകന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടി. പദ്മാക്ഷിയുടെ കഴുത്തിലാണ് വെട്ടേറ്റത്.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് പ്രദേശത്ത് മഴ തുടങ്ങിയ സമയത്ത് വീട്ടില്‍ നിന്നും അലര്‍ച്ച കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. മകനും, മരുമകളും രാവിലെ മരുമകളുടെ വീട്ടിലേക്ക് പോയിരുന്നു. ഇതിനുശേഷം നടന്ന വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നു.
കാട്ടാക്കട പോലീസ് സ്റ്റേഷനിലെത്തുമ്പോള്‍ ഗോപാലകൃഷ്ണന്റെ വലതുകൈയില്‍ മുറിവേറ്റ് രക്തം വാര്‍ന്നിരുന്നു എന്നും, സംശയവും കുടുംബ വഴക്കുമാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഗോപാലകൃഷ്ണന് നെയ്യാര്‍ഡാം പോലീസ് കസ്റ്റഡിയിലാണ്. നെയ്യാര്‍ഡാം ഇന്‍സ്പെക്ടര്‍ രഞ്ജിത് കുമാര്‍, എസ്.ഐ. സാജു എന്നിവരുടെ നേതൃത്വത്തില്‍ പോലീസും, ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
അജിത്, അജിത എന്നിവരാണ് മക്കള്‍. മരുമക്കള്‍: അരുണ, റോബര്‍ട്ട് രാജ്.
Content Highlights: man surrenders in police station after killing wife in kattakkada
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..